

ബൈദ്യനാഥ് ഗ്രൂപ്പിന്റെ (Baidyanath Group) പ്രീമിയം ഫ്രൂട്ട് ജൂസ് വിഭാഗമായ നേച്ചര്‍ എജ്ഡ് ബിവറേജസിന്റെ (Naturedge Beverages) ഷുഗര്‍ ഫ്രീ ഹെര്‍ബല്‍ ബ്രാന്‍ഡായ ശൂന്യയെ (Shunya) ഏറ്റെടുത്തുകൊണ്ട് ഷുഗര്‍ ഫ്രീ രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Reliance Consumer Products/RCPL).
'സെസ്റ്റി ആപ്പിള്‍ (zesty apple)', 'സെസ്റ്റി ഓറഞ്ച് (zesty orange)' തുടങ്ങിയ രുചികളില്‍ ലഭ്യമായ, ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പഞ്ചസാര രഹിത പാനീയങ്ങളാണ് ശൂന്യ പുറത്തിറക്കുന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല. ഏറ്റെടുക്കല്‍ നടപ്പിലായാല്‍ കാമ്പ (Campa), സോസ്യോ (Sosyo), റാസ്‌കിക് (RasKik) എന്നിവയ്ക്ക് ശേഷം റിലയന്‍സ് ബിവറേജസ് വിപണിയില്‍ നടത്തുന്ന നാലാമത്ത ഏറ്റെടുക്കലായി ഇത് മാറും. സ്പിന്നര്‍ (Spinner) ബ്രാന്‍ഡില്‍ സ്‌പോര്‍ട്‌സ് ഡ്രിങ്കുകളും റിലയന്‍സ് നിര്‍മിക്കുന്നുണ്ട്.
കൊക്കകോള, പെപ്സികോ തുടങ്ങിയ ആഗോള എതിരാളികളെ നേരിടുന്നതിനായി വൈവിധ്യമാര്‍ന്ന പാനീയ ശ്രേണി ഒരുക്കാനുള്ള ആര്‍.ഐ.എല്ലിന്റെ തന്ത്രമായാണ് കമ്പനിയുടെ ഏറ്റെടുക്കലുകളെ നിരീക്ഷകര്‍ കാണാന്നത്. ഉപഭോക്താക്കള്‍ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി തുടങ്ങിയതോടെ പഞ്ചസാര ചേര്‍ത്ത പാനീയങ്ങളില്‍ നിന്ന് ആരോഗ്യ ദായകമായ പാനീയങ്ങളിലേക്ക് മാറുന്നതിനാല്‍ നഗരപ്രദേശങ്ങളില്‍ ഷുഗര്‍ ഫ്രീ പാനീയങ്ങള്‍ക്ക് ആവശ്യകത കുതിച്ചുയരുന്നുണ്ട്.
2024ല്‍ പഞ്ചസാര രഹിത, പഞ്ചസാര കുറഞ്ഞ പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില്‍പ്പന ഇരട്ടിയായതായാണ് നീല്‍സണ്‍ ഐക്യുവിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.
അടുത്ത 12-15 മാസത്തിനുള്ളില്‍ പാനീയങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബ്രാന്‍ഡുകളെ ദേശീയതലത്തില്‍ എത്തിക്കുന്നതിനുമായി ഏകദേശം 8,000 കോടിയുടെ നിക്ഷേപത്തിനാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പദ്ധതിയിടുന്നത്.
2022 ലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ എഫ്.എം.സി.ജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. കൊക്കകോള, പെപ്സികോ, ഡാബര്‍, ടാറ്റ കണ്‍സ്യൂമര്‍ തുടങ്ങിയ വമ്പന്‍ വമ്പന്‍ എതിരാളികളുമായും, ഒപ്പം ചെറിയ പ്രാദേശിക ബ്രാന്‍ഡുകളുമായും മത്സരിക്കുന്നതിനായി ഒരു ഡസനോളം പുതിയ ഫാക്ടറികളും കോ-പാക്കിംഗ് പ്ലാന്റുകളും തുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
എഫ്.എം.സി.ജി മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, പാനീയങ്ങള്‍, മിഠായികള്‍, ചോക്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങളിലെ കമ്പനികളെയും ബ്രാന്‍ഡുകളെയും റിലയന്‍സ് ഏറ്റെടുത്തുവരികയാണ്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ ഉല്‍പ്പന്ന ശ്രേണി ഉയര്‍ത്താനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആര്‍.ഐ.എല്‍ നിരവധി ഏറ്റെടുക്കലുകള്‍ നടത്തി.
Read DhanamOnline in English
Subscribe to Dhanam Magazine