അംബാനിയും വാള്‍ട്ട് ഡിസ്‌നിയും ഒന്നാകുന്നു; മെഗാ ലയനം വൈകില്ല

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിച്ചൊന്നാകും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കരാറിനായി ഒരു നോണ്‍-ബൈന്‍ഡിംഗ് ടേം ഷീറ്റിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കുകയാണെന്ന് വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടപാട് നടന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലാകും.

ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യ ബിസിനസിനെ ഇടപാടുപ്രകാരം റിലയന്‍സിന്റെ വയാകോം18ല്‍ ലയിപ്പിക്കും. ഇപ്രകാരമുണ്ടാകുന്ന പുതിയ കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുകയെന്ന് അറിയുന്നു.

ഡയറക്ടര്‍ ബോര്‍ഡില്‍ ഡിസ്‌നിക്കും റിലയന്‍സിനും തുല്യ പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 150 കോടി ഡോളര്‍ വരെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് പ്ലാനും ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം, റിലയന്‍സിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭമായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നേടിയതോടെയാണ് വാള്‍ട്ട് ഡിസ്‌നി ഇന്ത്യയുടെ ബിസിനസില്‍ കളം മാറിച്ചവിട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്.

Related Articles
Next Story
Videos
Share it