റിലയന്‍സിന്റെ "ഫ്രീ" തന്ത്രം ഇത്തവണയും വിജയിച്ചു, നേട്ടം ജിയോ സിനിമയ്ക്ക്

സൗജന്യം നല്‍കി ആളെക്കൂട്ടുന്ന പരിപാടി ജിയോയിലൂടെ വിജയിപ്പിച്ചവരാണ് റിലയന്‍സ്. ഇത്തവണ ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയപ്പോഴും ഇതുവരെ ആരും നല്‍കാത്ത സൗജന്യവുമായി ആണ് ജിയോ എത്തിയത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഭേദമെന്യേ സൗജന്യമായാണ് ജിയോ സിനിമയിലൂടെ ലോകകപ്പ് സംപ്രേക്ഷണം ചെയ്തത്. രാജ്യത്ത് തന്നെ ആദ്യമായിരുന്നു ഇത്തരം ഒരു രീതി.

ഹോട്ട് സ്റ്റാറും ആമസോണ്‍ പ്രൈമും നെറ്റ്ഫ്‌ലിക്‌സും അടക്കമുള്ള ഒടിടി വമ്പന്മാര്‍ക്കിടയിലേക്ക് ജിയോ സിനിമയെ ഉയര്‍ത്തിക്കൊണ്ടുവരുകയായിരുന്നു റിലയന്‍സിന്റെ ലക്ഷ്യം. ലോകകപ്പ് അവസാനിക്കുമ്പോള്‍ റിലയന്‍സിന്റെ നീക്കം ഏറെക്കുറെ വിജയിച്ചു എന്നുവേണം വിലയിരുത്താന്‍. ഇക്കാലളവില്‍ ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ് സ്റ്റോറുകളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും ജിയോ സിനിമയാണ്. 1.1 ബില്യണിലധികം ഡൗണ്‍ലോഡുകളാണ് ജിയോ സിനിമയ്ക്കുള്ളത്.

ഡിസംബര്‍ 18ന് നടന്ന അര്‍ജന്റീന-ഫ്രാന്‍സ് മത്സരം ജിയോ സിനിമയിലൂടെ കണ്ടത് 32 ദശലക്ഷം പേരാണ്. ഒരു മാസം നീണ്ട ലോകകപ്പിലുടനീളം 110 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ലോകകപ്പ് കണ്ടത്. റിലയന്‍സിന് പങ്കാളിത്തമുള്ള വിയാകോം18ന്റെ സ്‌പോര്‍ട്‌സ് 18 ചാനല്‍ വഴിയായിരുന്നു ലോകകപ്പിന്റെ ടിവി സംപ്രേക്ഷണം. ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 എന്നിവയിലൂടെ 40 ബില്യണ്‍ മിനിട്ടിന്റെ വ്യൂവര്‍ഷിപ്പ് ആണ് ലോകകപ്പ് കണ്ടത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആദ്യ 58 മാച്ചുകള്‍ 47 ദശലക്ഷം ആളുകളാണ് ടിവി ചാനലിലൂടെ കണ്ടത്. സെമി ഫൈനലിന്റെയും ഫൈനലിന്റെയും കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. വിവിധ മേഖലകളില്‍ നിന്നായി 50ല്‍ അധികം ബ്രാന്‍ഡുകള്‍് ടെലിവിഷന്‍, ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ലോകകപ്പില്‍ പരസ്യങ്ങള്‍ നല്‍കി.

2023-27 കാലയളവിലേക്കുള്ള ഐപിഎല്ലിന്റെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും ഡിസ്‌നി ഹോട്ട് സ്റ്റാറിനെ മറികടന്ന് വിയാകോം 18 ആണ് സ്വന്തമാക്കിയിരിക്കുന്നത്. വിയാകോമിന് കീഴിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ആണ് വൂട്ട്. ലാലിഗ, എന്‍ബിഎ ഉള്‍പ്പടെയുള്ള സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ വൂട്ടില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം കാഴ്ചക്കാരുള്ള ഐപിഎല്‍ ജിയോ സിനിമയിലേക്ക് എത്തുമോ എന്നതാണ് മേഖല ഉറ്റുനോക്കുന്നത്. ലോകകപ്പിലെ അതേ സമീപനം ഐപിഎല്ലിലും റിലയന്‍സ് സ്വീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി ജിയോ സിനിമ മാറും. രാജ്യത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ (സബ്‌സ്‌ക്രിപ്ഷന്‍ രീതിയുള്ള) ഹോട്ട്‌സ്റ്റാറിന്റെ വളര്‍ച്ചയില്‍ ഐപിഎല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it