ഹോട്ട്‌സ്റ്റാറും മുകേഷ് അംബാനിയുടെ കൈകളിലേക്ക്?

യു.എസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യ ബിസിനസ് വിഭാഗം ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. കാഷ് ആന്‍ഡ് സ്‌റ്റോക്ക് ഡീല്‍ പ്രകാരം കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. 1,000 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് കരാര്‍ എന്നാണ് അറിയുന്നത്. ഏറ്റെടുക്കലിനു ശേഷം അമേരിക്കന്‍ കമ്പനിയുടെ കൈവശം പരിമിത ഓഹരികളായിരിക്കും ഉണ്ടാവുകയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മാസം ഏറ്റെടുക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കും. ഡീല്‍ പ്രകാരം റിലയന്‍സ് മീഡിയയ്ക്കു കീഴിലുള്ള ചില ബിസിനസുകള്‍ ഡിസ്‌നി സ്റ്റാറുമായി ലയിക്കാനും സാധ്യതയുണ്ട്.
എന്റര്‍ടെയ്ന്‍മെന്റിലും ശക്തമാകാന്‍
രാജ്യത്തെ എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ് അംബാനി. 2022ല്‍ 270 കോടി ഡോളറിന് (ഏകദേശം 22,500 കോടി രൂപ) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയ അംബാനി ജിയോ പ്ലാറ്റ്‌ഫോമിലൂടെ ഈ വര്‍ഷത്തെ വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സൗജന്യമായി സംപ്രേഷണം ചെയ്ത് ഈ രംഗത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഡിസ്‌നിയുടെ ഏറ്റെടുക്കലോടെ ഈ രംഗത്ത് കൂടുതല്‍ കരുത്തരായി
മാറാന്‍ റിലയന്‍സിനാകുമെന്നാണ്‌
വിലയിരുത്തലുകള്‍.

ഈ വര്‍ഷമാദ്യം വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയുടെ എച്ച്.ബി.ഒ ഷോയുടെ സംപ്രേഷണാവകാശവും റിലയന്‍സ് നേടിയിരുന്നു. നേരത്തെ ഇത് ഡിസ്‌നിയ്ക്കായിരുന്നു.

ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് വ്യവസായത്തില്‍ നഷ്ടം നേരിടുന്ന ഡിസ്‌നി പുതിയ നിക്ഷേപങ്ങള്‍ക്ക് ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. നിലവിലെ ബിസിനസ് യൂണിറ്റുകള്‍ വിറ്റഴിക്കാനും സംയുക്ത സംരഭത്തിലേര്‍പ്പെടാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഡിസ്‌നിയുടെ പല പ്രോഗ്രാമുകള്‍ക്കും ഇന്ത്യയില്‍ കാണികളെ നേടാനാകുന്നുണ്ട്. ഇന്ത്യയും ന്യൂസിലന്‍ഡുമായുള്ള ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2023ന് 4.3 കോടി കാഴ്ചക്കാരെയാണ് ലഭിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ലഭിച്ച 3.5 കോടി കാഴ്ചക്കാര്‍ എന്ന റെക്കോഡാണ് മറികടന്നത്. ഐ.പി.എല്‍ റിലയന്‍സ് സൗജന്യമായി സംപ്രേഷണം ചെയ്തത് മൂലം ഡിസ്‌നിക്കും വലിയ തുകയ്ക്ക് സ്വന്തമാക്കിയ വേള്‍ഡ് കപ്പ് ക്രിക്കറ്റ് സൗജന്യമായി സംപ്രേഷണം ചെയ്യേണ്ടി വന്നിരുന്നു.
Related Articles
Next Story
Videos
Share it