അദാനിയ്ക്ക് പിന്നാലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്ന് അംബാനിയുടെ റിലയന്‍സും

ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവയ്ക്കുകയാണെന്ന് അടുത്തിടെ അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതാ ഇപ്പോള്‍ ഈ മേഖലയിലേക്ക് കടന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഇന്ത്യയിലും യു.കെയിലുമായി മൂന്ന് പ്രോപ്പര്‍ട്ടികള്‍ സംയുക്തമായി കൈകാര്യം ചെയ്യുന്നതിന് ഒബ്റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സുമായി ധാരണയില്‍ ഏര്‍പ്പെട്ടതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

ഇവയാണ് മൂന്ന് പ്രോപ്പര്‍ട്ടികള്‍

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബി.കെ.സി) വരാനിരിക്കുന്ന അനന്ത് വിലാസ് ഹോട്ടല്‍, യു.കെയിലെ സ്റ്റോക്ക് പാര്‍ക്ക്, ഗുജറാത്തില്‍ ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ഒബ്റോയിയുടെ ലക്ഷ്വറി വിലാസ് പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ അനന്ത് വിലാസാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്ന് പ്രോപ്പര്‍ട്ടികളില്‍ ഒരെണ്ണം.

യു.കെയിലെ ബക്കിംഗ്ഹാംഷെയറിലുള്ള കായിക വിനോദ സൗകര്യങ്ങള്‍ നല്‍കുന്ന സ്റ്റോക്ക് പാര്‍ക്കാണ് അടുത്തത്. ഇതിന്റെ സൗകര്യങ്ങള്‍ നവീകരിക്കാനും ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഒബ്റോയ് റിലയന്‍സിനെ സഹായിക്കും. ഗോള്‍ഫും മറ്റ് കായിക സൗകര്യങ്ങളും ഉള്‍പ്പെടെ സ്റ്റോക്ക് പാര്‍ക്കിന്റെ സമഗ്രമായ നവീകരണം ഉള്‍പ്പെടുന്ന പദ്ധതികള്‍ തയ്യാറാക്കിവരികയാണ്. കമ്പനിയുടെ മറ്റൊരു ഹോട്ടല്‍ പ്രോജക്റ്റ് ഗുജറാത്തിലാണ്.

അദാനി ഗ്രൂപ്പും ഈ മേഖലയിലേക്ക്

അദാനി ഗ്രൂപ്പും അടുത്തിടെ ഈ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (എ.എ.എച്ച്.എല്‍) ട്രാവല്‍ ഫുഡ് സര്‍വീസസുമായി ചേര്‍ന്ന് ടാബെമോണോ ട്രൂ അരോമാസ് എന്ന സംയുക്ത സംരംഭം അടുത്തിടെ രൂപീകരിച്ചിരുന്നു. കോവിഡിന് ശേഷം അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it