കടപ്പത്രം വിറ്റ് വമ്പന്‍ പണസമാഹരണത്തിന് റിലയന്‍സ്; ലക്ഷ്യം കടം വീട്ടല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടപ്പത്രങ്ങളിലൂടെ 20,000 കോടി സമാഹരിക്കാനൊരുങ്ങുന്നു. 10-വര്‍ഷക്കാലാവധിയുള്ളതും ഇന്ത്യന്‍ റുപ്പിയിലുമുള്ള ബോണ്ടുകളാണ് ഇറക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇത്രയും തുക സമാഹരിക്കാനായാല്‍ ഒരു സ്വകാര്യ ഇന്ത്യന്‍ മാനുഫാക്ചറിംഗ് കമ്പനി നടത്തുന്ന ഏറ്റവും വലിയ സമാഹരണമായിതു മാറും.

പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴിയായിരിക്കും വില്‍പ്പന. അതായത് വന്‍കിട നിക്ഷേപകരെ കണ്ടെത്തി അവര്‍ക്ക് മാത്രമായിരിക്കും കടപ്പത്രങ്ങള്‍ നല്‍കുക. 2033 നവംബര്‍ 10നാണ് ബോണ്ടിന്റെ കാലാവധി അവസാനിക്കുക. ആ വര്‍ഷം തന്നെ ഘട്ടംഘട്ടമായി ബോണ്ട് പണമാക്കി മാറ്റാം. നിക്ഷേപകര്‍ക്ക് ഭാഗികമായി പണമടച്ച് വാങ്ങാവുന്ന ബോണ്ടുകളാണിത് (Partly paid bond). വ്യാഴാഴ്ച മുതല്‍ ബോണ്ടുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. 10,000 കോടി രൂപയുടെ അടിസ്ഥാന ഇഷ്യു കൂടാതെ 10,000 കോടി രൂപ അധികമായി സമാഹരിക്കാനുമാകും. ഒരു കടപ്പത്രത്തിന് ഒരു ലക്ഷം രൂപ മുഖവിലയില്‍ 20 ലക്ഷം കടപ്പത്രങ്ങളാണ് റിലയന്‍സ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. സാധാരണ മുഖവില പൂര്‍ണമായും നിക്ഷേപകന്‍ ഒറ്റത്തവണ നല്‍കണമെങ്കില്‍ പാര്‍ഷ്യലി പെയ്ഡ് ബോണ്ടുകളില്‍ നിശ്ചിത തുക നല്‍കി ബോണ്ട് വാങ്ങാം. ബാക്കി തുക പിന്നീട് കമ്പനിക്ക് ആവശ്യം വരുമ്പോള്‍ നല്‍കിയാല്‍ മതി.

കെയര്‍ എഡ്ജ് റേറ്റിംഗ്‌സ്, ക്രിസില്‍ റേറ്റിംഗ്‌സ് എന്നിവയില്‍ നിന്ന് 'AAA' റേറ്റിംഗ് ലഭിച്ചിട്ടുള്ള ബോണ്ട് അക്കൗണ്ടില്‍ വരവു വെയ്ക്കും. 7.70 ശതമാനം മുതല്‍ 7.80 ശതമാനം വരെ പലിശയാണ് പ്രതീക്ഷിക്കുന്നത്.

വായ്പകൾ അടച്ചു തീർക്കാൻ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷം കാലാവധിയെത്തുന്ന വായ്പകള്‍ അടച്ചു തീര്‍ക്കാനാണ് കടപ്പത്രങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക വിനിയോഗിക്കുക. കൂടാതെ നടന്നുകൊണ്ടിരുന്ന മൂലധന ചെലവഴിക്കലുകള്‍, നിക്ഷേപങ്ങള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഭൂരിഭാഗം ഓഹരികളുള്ള ഉപകമ്പനികള്‍ക്ക് വായ്പ നല്‍കാന്‍ ഒക്കെ ഈ പണം ഉപയോഗിക്കാനാകും. കടപ്പത്രം വഴി സമാഹരിക്കുന്ന തുകയുടെ 25 ശതമാനം വരെ സാധാരണ ബിസിനസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
2020 ഏപ്രിലിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതിനു മുമ്പ് കടപ്പത്രങ്ങളിറക്കിയത്. അഞ്ച് വര്‍ഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 7.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്ത് 2,795 കോടി രൂപ സമാഹരിച്ചിരുന്നു. എച്ച്.ഡി.എഫ്.സി ലിമിറ്റഡ് 10 വര്‍ഷ കാലാവധിയുള്ള നോണ്‍ കണ്‍വെര്‍ട്ടബിള്‍ കടപ്പത്രങ്ങളിലൂടെ കഴിഞ്ഞ ഫെബ്രുവരിയില്‍ 25,000 കോടി രൂപ സമാഹരിച്ചിരുന്നു.

Related Articles

Next Story

Videos

Share it