റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ₹ 81,309 കോടി, റീട്ടെയില്‍, ഡിജിറ്റല്‍ മേഖലയില്‍ വമ്പന്‍ വളര്‍ച്ച; എല്ലാ ബിസിനസിലും പുരോഗതിയുമായി വാർഷിക റിപ്പോർട്ട്

2025 സാമ്പത്തിക വർഷത്തിൽ 10,71,174 കോടി രൂപയായി റിലയൻസിന്റെ സംയോജിത വരുമാനം
mukesh ambani reliance logo
image credit : canva and reliance 
Published on

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷം (FY25) ആരോഗ്യകരമായ പുരോഗതി കൈവരിച്ചതായി വാർഷിക റിപ്പോർട്ട്. ഗ്രൂപ്പിന്റെ റീട്ടെയിൽ, ഡിജിറ്റൽ മേഖലയാണ് വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്. റിലയൻസിന്റെ സംയോജിത വരുമാനം 2024 സാമ്പത്തിക വർഷത്തിലെ 10,00,122 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 10,71,174 കോടി രൂപയായി. നികുതിക്ക് ശേഷമുളള ലാഭം (PAT) 2.9 ശതമാനം ഉയർന്ന് 81,309 കോടി രൂപയായി.

2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ആര്‍.ഐ.എല്ലിന്റെ മൊത്ത കടം 3,47,530 കോടി രൂപയാണ്. 2025 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് 1,31,107 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തിലെ നിക്ഷേപങ്ങൾ പ്രധാനമായും പുതിയ ഓയില്‍ ടു കെമിക്കല്‍ പ്രോജക്ടുകൾ, റീട്ടെയിൽ സ്റ്റോർ വിപുലീകരണം, ഡിജിറ്റൽ സേവന അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പുനരുപയോഗ ഊര്‍ജ മേഖലയിലെ നിർമ്മാണ ആസ്തികൾ വികസിപ്പിക്കല്‍ തുടങ്ങിയവയിലേക്കാണ് ഉപയോഗിച്ചതെന്ന് കമ്പനി അറിയിച്ചു.

ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖല

റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6.6 ശതമാനം വർധിച്ച് 2,91,043 കോടി രൂപയിലെത്തി. നികുതിക്ക് മുമ്പുളള ലാഭം (EBITDA) 8.6 ശതമാനം വർധിച്ച് ₹ 25,094 കോടിയായി. കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയിൽ 2,659 സ്റ്റോറുകളാണ് തുറന്നത്. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 19,340 ആയി. ഇന്ത്യയിലെ ഏതൊരു റീട്ടെയില്‍ ശൃംഖലയ്ക്ക് ഉള്ളതിലും കൂടുതല്‍ സ്റ്റോറുകളാണ് റിലയന്‍സിന് ഉളളത്. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 34.9 കോടി കവിഞ്ഞു.

ജിയോയുടെ ലാഭവും വരുമാനവും കൂടി

ജിയോയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 16 ശതമാനം വർധിച്ച് 1,31,336 കോടി രൂപയായി. നികുതിക്ക് മുമ്പുളള ലാഭം (EBITDA) 14.7 ശതമാനം വാർഷിക വളർച്ചയോടെ 65,001 കോടി രൂപയിലെത്തി. മൊബില്‍ താരിഫിലെ വർദ്ധന, കൂടുതല്‍ വീടുകളിലേക്ക് ഇന്റര്‍നെറ്റ് സേവനം വ്യാപിക്കാനായത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച എന്നിവയാണ് വരുമാനത്തിലും ലാഭത്തിലും ഉണ്ടായ വർധനവിന് കാരണങ്ങള്‍.

2025 സാമ്പത്തിക വർഷത്തിൽ മാധ്യമ, വിനോദ ബിസിനസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 74.9 ശതമാനം വർധിച്ച് 17,762 കോടി രൂപയിലെത്തി. നികുതിക്ക് മുമ്പുളള ലാഭം (EBITDA) 139.6 ശതമാനം വർധിച്ച് 1,833 കോടി രൂപയിലെത്തി. വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിച്ചതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് ജിയോസ്റ്റാര്‍.

റിലയൻസിന്റെ ഓയിൽ ടു കെമിക്കൽസ് (O2C) ബിസിനസിന്റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വളർച്ച കൈവരിച്ച് 6,26,921 കോടി രൂപയിലെത്തി. EBITDA 11.9 ശതമാനം കുറഞ്ഞ് 54,988 കോടി രൂപയായി. എണ്ണ, വാതക വിഭാഗത്തിന്റെ (oil and gas segment) വരുമാനം 3.2 ശതമാനം വർധിച്ച് 25,211 കോടിയിലെത്തി. EBITDA 4.9 ശതമാനം വർധിച്ച് 21,188 കോടി രൂപയിലെത്തി.

Reliance Industries posts ₹81,309 crore profit in FY25 with major growth in retail and digital segments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com