

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് (Starlink) വെല്ലുവിളിയുയർത്തി ഇന്ത്യയിൽ സ്വന്തമായി സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖല നിർമ്മിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തയാറെടുക്കുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ (Jio Platforms Ltd) വികസനത്തെ പിന്തുണയ്ക്കുന്നതിനായി 1,600 ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ആഗോള-ആഭ്യന്തര പങ്കാളിത്തം: ഇന്ത്യയിലെ സാറ്റലൈറ്റ് നിർമ്മാതാക്കൾ, പ്രൊഡക്ഷൻ സ്റ്റാർട്ടപ്പുകൾ എന്നിവയ്‌ക്കൊപ്പം അമേരിക്കയിലെയും യൂറോപ്പിലെയും വിതരണക്കാരുമായി റിലയൻസ് ചർച്ചകൾ നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്ന് 400-ലധികം ഉപഗ്രഹങ്ങൾ ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. എന്നാൽ ചൈനീസ് കമ്പനികളെ ഇതിൽ ഉൾപ്പെടുത്തില്ല.
വിക്ഷേപണ സമയക്രമം: 2027 സെപ്റ്റംബറിൽ ആദ്യ പരീക്ഷണ ദൗത്യവും 2028 ആരംഭത്തോടെ വിപുലമായ വിക്ഷേപണവും ആരംഭിക്കും. പൂർണ ശൃംഖലയുടെ നിർമ്മാണം 2035-ഓടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിർമ്മാണ ശേഷി ഉയർത്തൽ: നിലവിൽ ഇന്ത്യയിൽ വർഷത്തിൽ 15-ൽ താഴെ സാറ്റലൈറ്റുകൾ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ പുതിയ പദ്ധതിക്ക് പ്രതിവർഷം 200 ഉപഗ്രഹങ്ങളോളം നിർമ്മിക്കേണ്ടതുണ്ട്.
സ്റ്റാർലിങ്കിന്റെ 10,000-ത്തിലധികം വരുന്ന ആഗോള നെറ്റ്‌വർക്കിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും പ്രതിസന്ധി ഘട്ടങ്ങളിലെ തന്ത്രപ്രധാന ആശയവിനിമയ ആവശ്യങ്ങളും നിവേറ്റാനാണ് ഈ ശൃംഖല രൂപകൽപ്പന ചെയ്യുന്നത്. വിദേശ സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾക്ക് മേലുള്ള സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ രാജ്യത്തിന് സ്വന്തമായി സാറ്റലൈറ്റ് നിയന്ത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine