റിലയന്‍സ് ജിയോ; നഷ്ടപ്പെട്ടത് 10.9 മില്യണ്‍ വരിക്കാരെ, അറ്റാദായത്തില്‍ 24 ശതമാനം വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 4,173 കോടിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ജിയോയുടെ വരുമാനം 20.4 ശതമാനം ഉയര്‍ന്ന് 20,901 കോടിയിലെത്തി.
താരീഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് വരുമാനത്തിലും അറ്റാദായത്തിലും പ്രതിഫലിച്ചു. അതേ സമയം നിരക്കുകള്‍ വര്‍ധിപ്പിച്ചത് വര്‍തോതില്‍ വരിക്കാരെ നഷ്‌പ്പെടാനും കാരണമായിട്ടുണ്ട്. ഡിസംബറില്‍ നിരക്കുകള്‍ ഉയര്‍ത്തിയ ശേഷം, ജനുവരി-മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ മാത്രം 10.9 മില്യണ്‍ വരിക്കാരെയാണ് ജിയോയ്ക്ക് നഷ്ടമായത്.
ടെലികോം ഡിജിറ്റല്‍ ബിസിനസുകള്‍ ചേര്‍ന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൊത്തം അറ്റാദായം 4,313 കോടിയാണ്. ആകെ വരുമാനം 26,139 കോടിയും. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 410.2 മില്യണ്‍ വരിക്കാരാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. 167.6 രൂപയാണ് ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനി നേടുന്ന ശരാശരി വരുമാനം. മൂന്നാം പാദത്തില്‍ ശരാശരി വരുമാനം 151.6 രൂപ ആയിരുന്നു.
2021-22 സാമ്പത്തിക വര്‍ഷം ജിയോ പ്ലാറ്റ്‌ഫോമിന്റെ ആകെ വരുമാനം 17.1 ശതമാനം ഉയര്‍ന്ന് 95,804 കോടി രൂപയിലെത്തി. ഈ വര്‍ഷം ഐപിഒ നടത്താന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ്.