ജിയോ 5ജി ഇന്നുമുതല്‍, പരീക്ഷണാര്‍ത്ഥം 4 നഗരങ്ങളില്‍ സേവനം

റിലയന്‍സ് ജിയോയുടെ 5ജി (Jio 5G) ബീറ്റ ട്രെയല്‍ ഇന്ന് മുതല്‍. രാജ്യത്തെ നാല് നഗരങ്ങളിലാണ് പരീക്ഷണാര്‍ത്ഥം സേവനങ്ങള്‍ അവതരിപ്പിക്കുന്നത്. മൂംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരണാസി എന്നീ നഗരങ്ങളില്‍ ആണ് ഇന്ന് മുതല്‍ ജിയോ 5ജി ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഘട്ടത്തില്‍ സേവനങ്ങള്‍ നല്‍കുന്നത്.

സിം മാറാതെ തന്നെ ഈ ഉപഭോക്താക്കള്‍ക്ക് ജിയോ 5ജി ലഭിക്കും. നിലവിലെ 4ജി താരീഫ് പ്ലാനില്‍ തന്നെയാവും 5ജിയും ഉപയോഗിക്കാം. ഒക്ടോബര്‍ ഒന്നിനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം ചെയ്തത്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കിലും ജിയോ 5ജി എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു.

എയര്‍ടെല്‍, ഒക്ടോബര്‍ ഒന്നിന് തന്നെ 5ജി സേവനം ആരംഭിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി അവതരിപ്പിച്ചത്. ഇരു കമ്പനികളും 5ജിക്കായി ഇതുവരെ പ്രത്യേക താരീഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജിയോയ്ക്കും എയര്‍ടെല്ലിനും ഒപ്പം 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ വോഡാഫോണ്‍ ഐഡിയ എന്ന് സേവനം ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Articles

Next Story

Videos

Share it