മുകേഷ് അംബാനി ഇനിയും കാത്തിരിക്കണം, മെഗാ ഐപിഒ ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന; വിനയായത് ലിസ്റ്റിംഗ് നിയമങ്ങളിലെ മാറ്റങ്ങള്‍

ഏകദേശം 100 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യം പ്രതീക്ഷിക്കുന്ന ജിയോയുടെ ഐപിഒയിലൂടെ വലിയ തുക സമാഹരിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്
മുകേഷ് അംബാനി ഇനിയും കാത്തിരിക്കണം, മെഗാ ഐപിഒ ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന; വിനയായത് ലിസ്റ്റിംഗ് നിയമങ്ങളിലെ മാറ്റങ്ങള്‍
Published on

ഇന്ത്യന്‍ നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയന്‍സ് ജിയോയുടെ (Reliance Jio) മെഗാ ഐപിഒ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിംഗ് നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഔദ്യോഗികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം കാരണം, ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില്‍പ്പനയ്ക്കായി നിശ്ചയിച്ചിരുന്ന സമയപരിധി മുകേഷ് അംബാനിക്ക് നഷ്ടമായേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിക് ഇഷ്യൂകളില്‍ ഒന്നാകുമെന്ന് കരുതപ്പെടുന്ന ജിയോ ഐപിഒയെ കുറിച്ച് ഏറെ പ്രതീക്ഷയിലായിരുന്ന നിക്ഷേപകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.

റെഗുലേറ്റര്‍ ശുപാര്‍ശ ചെയ്ത മാറ്റങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിനായി റിലയന്‍സ് കാത്തിരിക്കുകയാണ്. അതിനുശേഷം മാത്രമേ ബാങ്കര്‍മാരെ ഔദ്യോഗികമായി നിയമിക്കാനും ഐപിഒയുടെ കരട് രേഖ (Draft Prospectus) സമര്‍പ്പിക്കാനും സാധിക്കൂ എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവൃത്തങ്ങളില്‍ നിന്നുള്ള സൂചന. സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതനുസരിച്ച് ഏപ്രിലിന് മുമ്പ് കരട് രേഖ സമര്‍പ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

തടസമായി പല കാരണങ്ങള്‍

ഓഹരി വിപണിയിലെ നിബന്ധനകളും റെഗുലേറ്ററി അതോറിറ്റികളില്‍ നിന്നുള്ള അനുമതികളും ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. കമ്പനിയുടെ മൂല്യനിര്‍ണ്ണയം, ഘടന എന്നിവയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് ഐപിഒ അല്പം കൂടി വൈകിപ്പിക്കുന്നത് ഗുണകരമാകുമെന്ന് റിലയന്‍സ് ഗ്രൂപ്പ് വിലയിരുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 100 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യം പ്രതീക്ഷിക്കുന്ന ജിയോയുടെ ഐപിഒയിലൂടെ വലിയ തുക സമാഹരിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ഇതിനായുള്ള കൃത്യമായ സമയം കണ്ടെത്തുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

സെബി ഇളവുകള്‍ക്ക് അനുമതി കാത്ത്

പബ്ലിക് ഇഷ്യൂവിന് ശേഷം വിപണി മൂല്യം 5 ലക്ഷം കോടി രൂപയ്ക്ക് (55 ബില്യണ്‍ ഡോളര്‍) മുകളില്‍ വരുന്ന കമ്പനികള്‍ക്ക്, ഐപിഒ വേളയില്‍ ചുരുങ്ങിയത് 2.5% ഓഹരികള്‍ മാത്രം വിറ്റഴിക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതിക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) സെപ്റ്റംബറില്‍ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ ഇത് കുറഞ്ഞത് 5% ആണ്. ഈ നിയമപരിഷ്‌കാരം ജിയോ, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) തുടങ്ങിയ വമ്പന്‍ ലിസ്റ്റിംഗുകള്‍ക്ക് ഉത്തേജനമാകുമെങ്കിലും, ഇതിന് ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

വരുന്നത്‌ വമ്പന്‍ ഐ.പി.ഒ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ, അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥാപനങ്ങളിലൊന്നാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നു വരുന്ന ഒരു പ്രധാന കമ്പനിയുടെ ആദ്യ ലിസ്റ്റിംഗ് ആയിരിക്കും ഇത്. രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കുമിതെന്ന് കരുതപ്പെടുന്നു. 170 ബില്യണ്‍ ഡോളര്‍ വരെ മൂല്യമാണ് ബാങ്കര്‍മാര്‍ കമ്പനിക്ക് കണക്കാക്കുന്നത്.

2026ന്റെ ആദ്യ പകുതിയോടെ ജിയോയുടെ ലിസ്റ്റിംഗ് റിലയന്‍സ് ലക്ഷ്യമിടുന്നതായി കഴിഞ്ഞ ഓഗസ്റ്റില്‍ അംബാനി പറഞ്ഞിരുന്നു. 2019-ല്‍ തന്നെ അദ്ദേഹം ഇത്തരമൊരു സൂചന നല്‍കിയിരുന്നുവെങ്കിലും അന്ന് അഞ്ച് വര്‍ഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നത്. ഐപിഒയിലൂടെ ഏറ്റവും ഉയര്‍ന്ന മൂല്യം (valuation) ലഭിക്കുകയാണെങ്കില്‍, കുറഞ്ഞ വിഹിതം ഓഹരികള്‍ മാത്രം വിറ്റഴിച്ച് ഏകദേശം 4.3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധിക്കും. ഇത് വിപണി മൂല്യത്തിന്റെ (market value) കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയിലേക്ക് ജിയോയെ എത്തിക്കും.

മെറ്റാ പ്ലാറ്റ്ഫോംസ് (Meta Platforms), ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് (Alphabet) തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാര്‍ 2020-ല്‍ ജിയോ പ്ലാറ്റ്ഫോംസില്‍ ഏകദേശം 10 ബില്യണ്‍ ഡോളറോളം നിക്ഷേപം നടത്തിയിരുന്നു.

Reliance Jio’s much-awaited mega IPO may face delays as the company waits for government notification on revised listing rules.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com