കേരളത്തില്‍ വി.ഐയുടെ വിപണി വിഹിതം 33.8 ശതമാനമായി കുറഞ്ഞു, നേട്ടം ജിയോയ്ക്ക്‌

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ന് പുറത്തുവിട്ട മേയ് മാസത്തെ കണക്കുകളനുസരിച്ച് കേരളത്തിലെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 4.22 കോടിയായി. 42,331 വരിക്കാരെയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിലവിൽ കൂടുതല്‍ വരിക്കാര്‍ വോഡഫോണ്‍ ഐഡിയയ്ക്കാണെങ്കിലും വിപണി വിഹിതം 33 .8% ആയി കുറഞ്ഞു . ഒരുലക്ഷത്തിലധികം വരിക്കാരെയാണ് മേയ് മാസത്തില്‍ വി.ഐയ്ക്ക് നഷ്ടപ്പെട്ടത്. മൊത്തം വി.ഐ വരിക്കാരുടെ എണ്ണം 1.42 കോടിയാണ്.


1.01 കോടി വരിക്കാരുമായി റിലയന്‍സ് ജിയോയാണ് കേരളത്തിൽ രണ്ടാം സ്ഥാനത്ത്. 9.71 ലക്ഷം വരിക്കാരുമായി ബി.എസ്.എന്‍.എല്ലും 8.04 ലക്ഷം വരിക്കാരുമായി ഭാരതി എയര്‍ടെല്ലുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മേയില്‍ ബി.എസ്.എന്‍.എല്ലിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത് കേരളത്തിലാണെന്നും ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ടെലിഫോണ്‍ സാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഡല്‍ഹിയാണ് ഒന്നാമത്.

ജിയോ കുതിപ്പില്‍, വി.ഐക്ക് ക്ഷീണം

രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 0.1% ശതമാനത്തിന്റെ നേരിയ പ്രതിമാസ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 117.25 കോടിയാണ് മൊത്തം വരിക്കാര്‍.

റിലയന്‍സ് ജിയോ മേയില്‍ 30.4 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത് 13.3 ലക്ഷം വരിക്കാരെ. ഏപ്രില്‍ മാസത്തിലും ജിയോ 30.4 ലക്ഷം ഉപയോക്താക്കളെ നേടിയിരുന്നു. എന്നാല്‍ എയര്‍ടെല്‍ ഏപ്രില്‍ മാസത്തിലെ ഏഴ് ലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഏകദേശം ഇരട്ടിയോളം വര്‍ധന നേടി. ബി.എസ്.എന്‍.എല്ലില്‍ നിന്ന് മേയില്‍ വിട്ടുപോയത് 14.75 ലക്ഷം വരിക്കാരാണ്. അതെ സമയം, വി.ഐയുടെ വരിക്കാരുടെ എണ്ണത്തില്‍ 28.9 ലക്ഷത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

ടെലികോം വിപണിയുടെ 38.17 ശതമാനം ജിയോ നേടിയപ്പോള്‍ എയര്‍ടെല്‍ 32.57 ശതമാനം വിഹിതം പിടിച്ചെടുത്തു. വി.ഐയ്ക്ക് വിപണി വിഹിതത്തിന്റെ 20.20 ശതമാനം പിടിച്ചെടുക്കാനായി. 8.88 ശതമാനം വിഹണി വിഹിതവുമായി ബി.എസ്.എന്‍.എല്‍ നാലാം സ്ഥാനത്താണ്.

ലാന്‍ഡ് ലൈനിലും ജിയോ

രാജ്യത്തെ ലാന്‍ഡ് ലൈന്‍ വരിക്കാരുടെ എണ്ണം മേയിൽ 2.93 കോടിയായി. പ്രതിമാസ വളര്‍ച്ചാ നിരക്കില്‍ 0.07 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. റിലയന്‍സ് ജിയോയാണ് 33.18 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത്. വിപണി വിഹിതത്തിന്റെ യഥാക്രമം 25.12 ശതമാനവും 22.26 ശതമാനവും പിടിച്ചെടുത്ത് എയര്‍ടെല്ലും ബി.എസ്.എന്‍ എല്ലും രണ്ടും മൂന്നും സ്ഥാനത്താണ്.
ബ്രോഡ്ബാന്‍ഡില്‍ നേരിയ വളര്‍ച്ച
മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഏപ്രിലിലെ 85.09 കോടിയില്‍ നിന്ന് മേയ് അവസാനത്തോടെ 85.68 കോടിയായി ഉയര്‍ന്നതായും ട്രായി വ്യക്തമാക്കി.
റിലയന്‍സ് ജിയോയ്ക്ക് 44.52 കോടി വരിക്കാരും ഭാരതി എയര്‍ടെല്ലിന് 24.66 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുമുണ്ട്. 12.35 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ, 2.5 കോടി വരിക്കാരുള്ള ബി.എസ്.എന്‍.എല്‍, 21.5 ലക്ഷം വരിക്കാരുള്ള ആട്രിയ കണ്‍വെര്‍ജന്‍സ് എന്നിവയാണ് മേയിലെ ഏറ്റവും വലിയ മറ്റു ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍.
Related Articles
Next Story
Videos
Share it