Begin typing your search above and press return to search.
റിലയന്‍സിന്റെ ഏകീകൃത അറ്റാദായത്തില്‍ 46.29 ശതമാനം വര്‍ധന
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries). കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 12,273 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തില്‍ ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയര്‍ന്ന് 17,955 കോടി രൂപയായി. വരുമാനം 54.54 ശതമാനം ഉയര്‍ന്ന് 2,23,113 കോടി രൂപയുമായതായി എണ്ണ-ടെലികോം കമ്പനി അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ 1,44,372 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞപാദത്തിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) മുന്‍വര്‍ഷ കാലയളവിനേക്കാള്‍ 45.80 കോടി വര്‍ധിച്ച് 40,179 കോടി രൂപയിലെത്തി.
''അസ്ഥിരമായ അന്തരീക്ഷത്തില്‍ ഒ2സി ബിസിനസിന് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് ഈ പാദത്തില്‍ ഉണ്ടായതെന്ന് കമ്പനി പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തില്‍ റിലയന്‍സ് റീട്ടെയിലിന്റെ (Reliance Retail) ഏറ്റവും മികച്ച പാദം കൂടിയാണിത്, ഇത് പ്രതിവര്‍ഷം 51.9 ശതമാനം ഉയര്‍ന്ന് 58,554 കോടി രൂപയായി. കൂടാതെ, ജിയോ പ്ലാറ്റ്ഫോമുകളുടെ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായിരുന്നു ഈ പാദം. ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 23.6 ശതമാനം വര്‍ധിച്ച് 27,527 കോടി രൂപയായി'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അനുകൂലമായ വരുമാനം, പുതിയ സ്റ്റോര്‍ കൂട്ടിച്ചേര്‍ക്കലുകള്‍, സ്റ്റോറുകളുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍, പുതിയ വാണിജ്യ ബിസിനസുകളിലെ സുസ്ഥിര വളര്‍ച്ച എന്നിവയാണ് റീട്ടെയില്‍ സെഗ്മെന്റ് വരുമാനം വര്‍ധിക്കാന്‍ സഹായകമായത്. അതേസമയം, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ അറ്റാദായം 24.1 ശതമാനം വര്‍ധിച്ച് 4,530 കോടി രൂപയായി. ഈ വിഭാഗത്തിന്റെ എബിറ്റ്ഡ മാര്‍ജിന്‍ 48.7 ശതമാനത്തില്‍ എത്തി.
Next Story
Videos