ഐപിഎല്‍ സംപ്രേക്ഷണാവകാശം ലക്ഷ്യമിട്ട് റിലയന്‍സ്, മീഡിയ നെറ്റ്‌വര്‍ക്കിനെ ലയിപ്പിക്കാന്‍ അദാനി

സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്‌മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാധ്യമ രംഗത്തെ പ്രമുഖരായ ഉദയ് ശങ്കര്‍, ജെയിംസ് മര്‍ഡോക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബോധി ട്രീ സിസ്റ്റംസ്, വിയാകോം 18ല്‍ 13,500 കോടി നിക്ഷേപിക്കും. റിലയല്‍സിന്റെ ടിവി 18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍ ) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18.

വിയാകോം 18നില്‍ വിയാകോം സിബിഎസിനുള്ള ഓഹരികളും ബോധി ട്രീ സിസ്റ്റംസ് സ്വന്തമാക്കിയേക്കും. റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. റിലയന്‍സിന്റെ ഉപ കമ്പനിയായ റിലയന്‍സ് പ്രോജക്ട് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസസ് 1,645 കോടി രൂപ കൂടി മീഡിയ കമ്പനിയില്‍ നിക്ഷേപിക്കും.

കരാറിന്റെ ഭാഗമായി റിലയന്‍സ് ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും. വൂട്ട് എന്ന ഒടിടി പ്ലാറ്റ്‌ഫോമും വിയാകോം18ന്റേത് ആണ്. അടുത്തിടെ സ്‌പോര്‍ട്‌സ് 18 എന്ന പേരില്‍ തുടങ്ങിയ ചാനലിലൂടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടുകയാണ് റിലയന്‍സിന്റെയും പങ്കാളികളുടെയും ലക്ഷ്യം.

2023-27 കാലയളവിലേക്കുള്ള ഐപിഎല്ലിന്റെ ടിവി-ഡിജിറ്റല്‍ സംപ്രേക്ഷണാവകാശമാണ് ബിസിസിഐ നല്‍കുന്നത്. വിയാകോം 18ന് പുറമെ ആമസോണ്‍, ഡിസ്‌നി -സ്റ്റാര്‍, സോണി-സീ തുടങ്ങിവരും ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടാന്‍ രംഗത്തുണ്ട്. ഐപിഎല്‍ മീഡിയ അവകാശങ്ങളുടെ വില്‍പ്പനയിലൂടെ ഏകദേശം 33,000 കോടിയോളം രൂപയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ മീഡിയ രംഗം ലക്ഷ്യമിട്ട് ഗൗതം അദാനി രൂപീകരിച്ച എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി എഎംജിയെ പൂര്‍ണമായും അദാനി ഗ്രൂപ്പിന് കീഴില്‍ ലയിപ്പിക്കുകയാണ്. നേരത്തെ ക്യുബിഎമ്മില്‍ (quintillion business media) അദാനി നിക്ഷേപം നടത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it