എ.ഐ കളത്തിലേക്കിറങ്ങി റിലയന്‍സ്; ലക്ഷ്യം ഇന്ത്യന്‍ നിര്‍മിത ചാറ്റ് ജി.പി.ടി

റിലയന്‍സിന്റെ ഇക്കഴിഞ്ഞ എ.ജി.എമ്മിൽ നിര്‍മിത ബുദ്ധി കേന്ദ്രീകൃത പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് ശക്തമായി തന്നെ മുകേഷ് അംബാനി പ്രസ്താവന ഇറക്കിയിരുന്നു. ഇപ്പോഴിതാ അതിലേക്കുള്ള ആദ്യ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കമ്പനി. ചാറ്റ്ജിപിടി ആരംഭിച്ച ജനറേറ്റീവ് എ.ഐ വിപ്ലവത്തിന് ചിപ്പുകള്‍ നല്‍കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആറാമത്തെ കമ്പനിയായി മാറിയ എന്‍വിഡിയയുമായി കരാറിൽ ഏർപ്പെട്ടി രിക്കുകയാണ് റിലയന്‍സ് ഇപ്പോള്‍.

എൻ‌വിഡിയ റിലയൻസിനു കമ്പ്യൂട്ടിംഗ് പവറും ഇൻഫ്രാസ്ട്രക്ചറും നൽകും, അതുവഴി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളിൽ പരിശീലനം നേടിയ ചാറ്റ് ജി.പി.ടി (ChatGPT), ഗൂഗിൾ ബാർഡ് (Google Bard), എന്നിവയ്ക്ക് സമാനമായ AI ഭാഷാ മോഡലുകൾ സൃഷ്ടിക്കാൻ റിലയൻസിന് കഴിയും. റിലയന്‍സിനെക്കൂടാതെ ടാറ്റയുമായും എന്‍വിഡിയ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുകയാണ് ടാറ്റയുമായി ചേര്‍ന്നു ചെയ്യുക എന്നും എന്‍വിഡിയ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച എന്‍വിഡിയ സ്ഥാപകനും സി.ഇ.ഒ യുമായ ജെന്‍സന്‍ ഹ്വാംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി എന്നതും ശ്രദ്ധേയം.

റിലയൻസിന്റെ സാധ്യത

റിലയന്‍സിന് ലോകത്തില്‍ ആരെക്കാളുമേറെ ഡേറ്റ ബേസ് ഉണ്ട് എന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും 22 ഭാഷകളിലുള്ള റിലയന്‍സ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സാന്നിധ്യം കമ്പനിക്ക് പ്രയോജനകരമാകുമെന്നും ഹ്വാംഗ്‌ പറഞ്ഞു. കൂടാതെ ടാറ്റ കമ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് നിര്‍മിത ബുദ്ധി അധിഷ്ഠിത സർവീസുകൾ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിപ് നിര്‍മാണത്തിലും കണ്ണുവെച്ച് റിലയന്‍സ്

ചിപ്, സെമി കണ്ടക്റ്റര്‍ നിര്‍മാണ രംഗത്തേക്കും റിലയന്‍സ് കുതിക്കാനൊരുങ്ങുകയാണ്. സപ്ലൈ ചെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ വിവിധ കമ്പനികള്‍ക്ക് ആവശ്യമാകുന്ന ചിപ്പുകളുടെ വിതരണം സാധ്യമാക്കാനും റിലയന്‍സിന് സാധിക്കും.

വേദാന്തയും തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണും ഇന്ത്യയിൽ സെമി കണ്ടക്റ്റർ ഫാക്ടറികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു പദ്ധതികളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിപ്പ് നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ സമീപ കാലത്ത് രാജ്യത്തുണ്ടായ ചിപ്പ് ക്ഷാമം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നാണ് റിലയൻസ് കരുതുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it