അംബാനി സലൂണ്‍ ബിസിനസിലേക്ക്, ഈ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി റിലയന്‍സ്
രാജ്യത്തെ സലൂണ്‍ ബിസിനസ് മേഖലയിലേക്ക് റിലയന്‍സ് റീട്ടെയില്‍ എത്തുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ സലൂണ്‍ & സ്പാ കമ്പനിയായ നാച്ചുറല്‍സിന്റെ 49 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയേക്കും. കേരളത്തില്‍ നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് നാച്ചുറല്‍സ്. ചെന്നൈ ആസ്ഥാനമായുള്ള ഗ്രൂം ഇന്ത്യ സലൂണ്‍സ് & സ്പായാണ് നാച്ചുറല്‍സിന്റെ ഉടമകള്‍.
രാജ്യത്തുടനീളം ഏകദേശം 700 ബ്രാഞ്ചുകളാണ് നാച്ചുറല്‍സിനുള്ളത്. ഇടപാട് പൂര്‍ത്തിയായ ശേഷം നാച്ചുറല്‍സ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 4-5 ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. അതേ സമയം നാച്ചുറല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ പ്രമോട്ടര്‍മാരായ ഗ്രൂം ഇന്ത്യ തന്നെയാവും നിയന്ത്രിക്കുക. എന്നാല്‍ നാച്ചുറല്‍സില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും റിലയന്‍സ് നടത്തിയിട്ടില്ല.
ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും അടങ്ങുന്ന ഇന്ത്യന്‍ സലൂണ്‍ വിപണിയുടെ മൂല്യം 20,000 കോടി രൂപയോളം ആണ്. നാച്ചുറല്‍സിലൂടെ ഈ വിപണിയുടെ വലിയൊരു പങ്കാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ബ്യൂട്ടി പ്രോഡക്ടുകള്‍ക്കായി പ്രത്യേക സ്റ്റോറുകളും റിലയന്‍സ് ആരംഭിച്ചേക്കും. ഇന്‍സൈറ്റ് കോസ്‌മെറ്റിക്‌സ് ഉടമകളായ മയൂരി കുങ്കും ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയിരുന്നു.