15 ശതമാനം ഇടിവ്; റിലയന്‍സിന്റെ അറ്റാദായം 15,792 കോടി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ 15,792 കോടി രൂപയുടെ അറ്റാദായം(Net Profit) ആണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റായതാത്തില്‍ 15 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18,549 കോടി രൂപയായിരുന്നു അറ്റാദായം.

അതേ സമയം റിലയന്‍സിന്റെ വരുമാനം 2.20 ലക്ഷം കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം 1.91 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. റീറ്റെയ്ല്‍, ടെലികോം ബിസിനസ് വ്യാപിപ്പിച്ചത് മൂലം കമ്പനിയുടെ പലിശ, തേയ്മാന ചെലവുകള്‍ (depreciation) കുത്തനെ ഉയര്‍ന്നു. പലിശച്ചെലവുകള്‍ 36.4 ശതമാനം ഉയര്‍ന്ന് 5201 കോടി രൂപയായി. ഡിംസംബര്‍ 31 വരെയുള്ള കമ്പനിയുടെ കടബാധ്യത 303,503 കോടിയുടേതാണ്. 10,187 കോടിയാണ് തേയ്മാനച്ചെലവ്. ഓഹരികളായി മാറ്റാന്‍ സാധിക്കാത്ത ഡിബന്‍ഞ്ചേഴ്‌സിലൂടെ 20,000 കോടി രൂപ റിലയന്‍സ് സമാഹരിക്കും. അതേ സമയം ഇന്നലെ റിലയന്‍സിന്റെ ഓഹരികള്‍ 1.18 ശതമാനം ഇടിഞ്ഞ് 2,443 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് റീറ്റെയ്‌ലിന്റെ അറ്റാദായം 2400 കോടി

റിലയന്‍സ് റീറ്റെയ്ല്‍ മൂന്നാം പാദത്തില്‍ 2400 കോടി രൂപയുടെ അറ്റാദായം ആണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 6.2 ശതമാനത്തോളം ആണ്. 60,096 കോടി രൂപയുടെ വരുമാനം ആണ് റീറ്റെയ്ല്‍ ബിസിനസില്‍ നിന്ന് റിലയന്‍സ് നേടിയത്. മൂന്നാം പാദത്തില്‍ റിലയന്‍സ് പുതുതായി 789 സ്റ്റോറുകളാണ് തുടങ്ങിയത്. ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ എഫ്എംസിജി ബ്രാന്‍ഡ് അവതരിപ്പിച്ച റിലയന്‍സ് ഏറ്റെടുക്കലുകളിലൂടെ ഉല്‍പ്പന്ന നിര ഉയര്‍ത്തുകയാണ്.

ജിയോയുടെ ലാഭം 4,881 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ അറ്റാദായം 4881 കോടി രൂപയാണ്. ഒക്ടോബറില്‍ 5ജി സേവനങ്ങള്‍ തുടങ്ങിയ ജിയോ മൂന്നാംപാദത്തില്‍ 53 ലക്ഷം വരിക്കാരെയാണ് നേടിയത്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം43 കോടിക്ക് മുകളിലാണ്. ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന വരുമാനം പതിനേഴര ശതമാനം ഉയര്‍ന്ന് 178.2 രൂപയിലെത്തി. 24,892 കോടി രൂപയാണ് ജിയോയുടെ വരുമാനം.

രക്ഷാകര്‍തൃ സൂചികയില്‍ അംബാനി രണ്ടാമന്‍

ബിസിനസ് മേഖലയിലെ മികച്ച നേതൃത്വത്തെ അടയാളപ്പെടുത്തുന്ന രക്ഷാകര്‍തൃ സൂചികയില്‍ (Guardianship Index) മുകേഷ് അംബാനി രണ്ടാമതാണ്. എന്‍വിഡിയ സിഇഒയും തായ്‌വാന്‍-അമേരിക്കന്‍ ശതകോടീശ്വരനുമായ ജെന്‍സെന്‍ ഹൂവാംഗ് ആണ് പട്ടികയിലെ ഒന്നാമന്‍. സത്യ നാദേല്ല (മൈക്രോസോഫ്റ്റ്, ശാന്തനു നാരായണ്‍ (അഡോബി), സുന്ദര്‍ പിച്ചൈ (ഗൂഗിള്‍) എന്നിവരും ആദ്യ അഞ്ചില്‍ ഇടംപിടിച്ചു

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it