സ്റ്റാർലിങ്കുമായി മത്സരത്തിന് തയ്യാർ: എയർടെല്ലിന് പിന്നാലെ നിലപാട് വ്യക്തമാക്കി റിലയൻസും

ഉപഭോക്താക്കൾക്ക് ആരാണ് മികച്ച സേവനം നൽകുന്നതെന്ന് തെളിയിക്കാനുള്ള യഥാർത്ഥ പരീക്ഷണമായാണ് മത്സരത്തെ കാണുന്നത്
Starlink, Mukesh Ambani
Published on: 

ഇന്ത്യൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (Satcom) മേഖലയിലേക്ക് ഇലോൺ മസ്കിന്റെ 'സ്റ്റാർലിങ്ക്' (Starlink) പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ജിയോയുടെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്. തങ്ങൾ ഒരിക്കലും മത്സരത്തെ ഭയന്നിട്ടില്ലെന്നും, ഉപഭോക്താക്കൾക്ക് ആരാണ് മികച്ച സേവനം നൽകുന്നതെന്ന് തെളിയിക്കാനുള്ള യഥാർത്ഥ പരീക്ഷണമായാണ് മത്സരത്തെ കാണുന്നതെന്നും റിലയൻസ് വ്യക്തമാക്കി.

ഇലോൺ മസ്കിന്റെ ആരോപണങ്ങളും വിവാദവും

ഇന്ത്യൻ ടെലികോം വിപണിയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനം തടയാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയും എയർടെല്ലും കുത്തക താൽപ്പര്യങ്ങളോടെ ശ്രമിക്കുകയാണെന്ന് സമൂഹമാധ്യമമായ 'എക്‌സിൽ' (X) ഇലോൺ മസ്ക് ആരോപിച്ചിരുന്നു. സ്റ്റാർലിങ്ക് എത്തുന്നതോടെ വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുമെന്നും, അത് ഇന്ത്യയിലെ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മസ്ക് പറഞ്ഞു.

ഇതേ തുടര്‍ന്ന് ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനേക്കാൾ (Starlink) തങ്ങൾ ഏറെ മുന്നിലാണെന്ന വാദവുമായി ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ രംഗത്തെത്തി. സാറ്റലൈറ്റ് സേവനങ്ങൾക്കായി ഭാരതി എന്റർപ്രൈസസിന്റെ പങ്കാളിത്തമുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംരംഭമായ യൂറ്റെൽസാറ്റ് വൺവെബ് (Eutelsat OneWeb) അഞ്ച് വർഷം മുമ്പ് തന്നെ അപേക്ഷ നൽകിയിട്ടുള്ളതാണെന്നും അതിനാൽ തങ്ങളാണ് അന്തിമ അനുമതി ലഭിക്കുന്നവരുടെ ക്യൂവിൽ ഏറ്റവും മുന്നിലെന്നും മിത്തൽ പറഞ്ഞു.

റിലയൻസിന്റെ മറുപടിയും നിലപാടും

മസ്കിന്റെ വിമർശനങ്ങൾക്ക് മറുപടിയായി, സ്റ്റാർലിങ്ക് ഉൾപ്പെടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തേക്ക് വരുന്ന ഏതൊരു കമ്പനിയുമായും മത്സരിക്കാൻ തങ്ങൾ തയ്യാറാണെന്ന് റിലയൻസ് അറിയിച്ചു. എന്നാൽ വിദേശിയോ സ്വദേശിയോ ആയ ഏതൊരു കമ്പനിയും രാജ്യത്തെ നിയമങ്ങളും നയങ്ങളും കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കമ്പനി ഓർമ്മിപ്പിച്ചു. 2016-ൽ ഒരു ഉപഭോക്താവ് പോലും ഇല്ലാതെ പ്രവർത്തനം ആരംഭിച്ച ജിയോ, 10 വർഷത്തിനുള്ളിൽ 53 കോടിയിലധികം (530 million) വരിക്കാരുടെ വിശ്വാസ്യത നേടിയത് മത്സരത്തിലൂടെയാണെന്നും കമ്പനി വ്യക്തമാക്കി.

സർക്കാർ നിലപാട്: സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മേഖലയിൽ ഒരു തരത്തിലുള്ള കുത്തകയും അനുവദിക്കില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ജിയോ ഉൾപ്പെടെ മൂന്ന് കമ്പനികളും സാറ്റലൈറ്റ് സേവന ലൈസൻസുകളുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

```html ```
logo
DhanamOnline
dhanamonline.com