

ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ഡൻസോ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപം എഴുതിത്തള്ളി റിലയൻസ് ഇൻഡസ്ട്രീസ്. പലചരക്ക് വിതരണ ബിസിനസിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഡൻസോയില്‍ നിക്ഷേപം നടത്തുന്നത്. കൺവെർട്ടിബിൾ പ്രിഫറൻസ് ഷെയറുകളിലൂടെ കൈവശം വച്ചിരുന്ന 1,625 കോടി രൂപയായിരുന്നു ആർഐഎല്ലിന്റെ ഡൻസോയിലെ ഓഹരി.
ഡൻസോയിലെ നിക്ഷേപത്തിന് പ്രസക്തിയില്ലെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് വിലയിരുത്തുകയായിരുന്നു. 2023 അവസാനത്തോടെയാണ് റിലയൻസ് റീട്ടെയിൽ ഡൻസോയില്‍ ഓഹരികള്‍ വാങ്ങുന്നത്. 25.8 ശതമാനം ഓഹരികൾക്ക് 200 മില്യൺ ഡോളറാണ് (ഏകദേശം 1,488 കോടി രൂപ) റിലയന്‍സ് നല്‍കിയത്. റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വേഗത്തിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യമാണ് ഡൻസോയുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനി ഉദ്ദേശിച്ചിരുന്നത്.
പുതിയ സാഹചര്യത്തില്‍ ഡൻസോയിലെ നിക്ഷേപത്തിന് മൂല്യമില്ലെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ അവരുമായി ബന്ധം തുടരുന്നില്ലെന്നും 2025 സാമ്പത്തിക വര്‍ഷത്തെ വാർഷിക റിപ്പോർട്ടില്‍ ആര്‍.ഐ.എല്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി സ്റ്റാർട്ടപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൻസോ 150 ജീവനക്കാരെ പിരിച്ചുവിട്ടതോടെ വിതരണ, വിപണന വിഭാഗങ്ങളില്‍ വെറും 50 ജീവനക്കാര്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികളുടെ ശമ്പളം വൈകലും പിരിച്ചു വിടലുകളും മൂലം സ്റ്റാര്‍ട്ടപ്പ് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അതേസമയം, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ആദ്യ പാദത്തിലെ ലാഭം മുൻ പാദത്തിലെ 3,545 കോടി രൂപയിൽ നിന്ന് 7.7 ശതമാനം കുറഞ്ഞ് 3,271 കോടി രൂപയായി. വരുമാനം മാർച്ച് പാദത്തിൽ 5 ശതമാനം കുറഞ്ഞ് 84,172 കോടി രൂപയായി.
മൺസൂൺ നേരത്തെ ആരംഭിച്ചതിനാൽ കമ്പനിയുടെ ഏറ്റവും വലിയ വിഭാഗമായ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ പ്രത്യേകിച്ച് എയർ കണ്ടീഷണർ വിഭാഗത്തില്‍ ദുർബലമായ പ്രകടനമാണ് കമ്പനിക്ക് നടത്താനായത്. ഇത് വരുമാനത്തെ ബാധിച്ചു. കാമ്പ, ഇൻഡിപെൻഡൻസ് ബ്രാൻഡുകളുടെ വിൽപ്പന നടത്തുന്ന റിലയൻസിന്റെ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ്സ് ഈ പാദത്തിൽ 4,400 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി.
അതിവേഗം വിറ്റഴിക്കപ്പെടുന്ന കൺസ്യൂമർ ഗുഡ്സ് ബിസിനസിനെ ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് എന്ന പുതിയ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പ്രക്രിയയിലാണ് കമ്പനി അധികൃതര്‍. ഇലക്ട്രോണിക്സ്, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ റിലയൻസ് റീട്ടെയിലിന് സാന്നിധ്യമുണ്ട്. റിലയൻസ് ഫ്രഷ്, റിലയൻസ് ഡിജിറ്റൽ, ട്രെൻഡ്സ് തുടങ്ങിയ പേരുകളിലാണ് റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.
Reliance Retail writes off ₹1,645 crore investment in Dunzo amid the startup’s financial crisis.
Read DhanamOnline in English
Subscribe to Dhanam Magazine