റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ മുന്നേറ്റം : വിപണി മൂല്യം വീണ്ടും 18 ലക്ഷം കോടി കടന്നു

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ ഇന്ന് ശക്തമായ മുന്നേറ്റം. വെള്ളിയാഴ്ച 2,633.60 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി ഇന്ന് വ്യാപാരത്തിന്റെ ആദ്യമണിക്കൂറുകളില്‍ 2,756 രൂപ വരെ ഉയര്‍ന്നിരുന്നു. 4.15% ആണ് ഉയര്‍ച്ച. ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊടുകയും ചെയ്തു.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വിഭജിക്കുന്നതിനുള്ള റെക്കോഡ് തീയതിയായി ജൂലൈ 20 പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായത്.
എന്നാല്‍ എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും താഴെയാണ് ഇപ്പോഴും റിലയന്‍സ് വ്യാപാരം ചെയ്യുന്നത്. 2022 ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 2,856.15 രൂപയാണ് എക്കാലത്തേയും ഉയര്‍ന്ന വില. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വില 13 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
വിപണി മൂല്യം 18 ലക്ഷം കോടി
2022 ഡിസംബറിനു ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം വീണ്ടും 18 ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടു. രാവിലെ 10.32 ന് വിപണി മൂല്യം 18.61 ലക്ഷം കോടി രൂപയിലെത്തി. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
അഞ്ചാമനാകാന്‍ റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
വിഭജന ശേഷം മൂലധന അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാറും. പത്ത് രൂപ മുഖവിലയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓരോ ഓഹരിക്കും റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓരോ ഓഹരി വീതം ഓഹരിയുടമകള്‍ക്ക് ലഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 36 ലക്ഷത്തോളം ഓഹരിയുടമകള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില ഇനിയും തീരുമാനിച്ചിട്ടില്ല. ആഗോള റിസര്‍ച്ച് സ്ഥാപനമായ ജെ.പി.മോര്‍ഗന്‍ പറയുന്നത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 189 രൂപയായിരിക്കുമെന്നാണ്. ബജാജ് ഫിന്‍സെര്‍വ്, പേയ്ടിഎം എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവര്‍ക്ക് എതിരാളിയായാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വരവ്. കമ്പനിയുടെ എം.ഡിയും സി.ഇഒയുമായി ഹിതേഷ് കുമാര്‍ സേത്തിയയെ നിയമിച്ചിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it