റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള പുതിയ കമ്പനി ഓഹരി വിപണിയിലേക്ക്

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ധനകാര്യ സേവന കമ്പനിയായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റേഴ്‌സ് ലിമിറ്റഡിനെ(ആര്‍.എസ്.ഐ.എല്‍) പ്രത്യേക കമ്പനിയായി വിഭജിക്കുന്നതിന് ഓഹരിയുടമകള്‍ അനുമതി നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ആര്‍.എസ്.ഐ.എല്‍.

ജിയോ ഫിനാന്‍ഷല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്(ജെ.എഫ്.എസ്) എന്ന പേരിലാകും പുതിയ കമ്പനി അറിയപ്പെടുക. വിഭജനത്തിനു ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഒരു ഓഹരി വീതം ലഭിക്കും. കമ്പനിയുടെ 100 ശതമാനം ഓഹരി ഉടമകളും വിഭജനത്തിന് അനുകൂലമായി വോട്ടു ചെയ്തു. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും കമ്പനി ലിസ്റ്റ് ചെയ്യും. ഒക്ടോബറോടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐ.പി.ഒയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തിന് കളമൊരുങ്ങുന്നു

റിലയന്‍സ് ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ രാജ്യത്തെ ധനകാര്യ സേവന കമ്പനികളില്‍ അഞ്ചാം സ്ഥാനക്കാരായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് മാറാനാകുമെന്നാണ് ഗവേഷണ സ്ഥാപനമായ മാക്വയര്‍ അഭിപ്രായപ്പെടുന്നത്. ബജാജ് ഫിനാന്‍സും പേടിഎമ്മും അടക്കമുള്ള എന്‍.ബി.എഫ്‌സികളോടാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മത്സരിക്കുക. വിപണി മൂല്യമനുസരിച്ച് എന്‍.ബി.എഫ്.സിയുടെ മൊത്തം ആസ്തി 10.84 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസിന്റെ വരുമാനം 1,387 കോടി രൂപയുമാണ്.

എന്‍.ബി.എഫ്‌സി വഴിയുള്ള റീറ്റെയ്ല്‍ വായ്പകളിലില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. എന്‍.ബി.എഫ്.സിയും ഫിന്‍ടെകും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഒമ്‌നി ചാനലായാകും ജിയോഫിനാന്‍ഷ്യല്‍ പ്രവര്‍ത്തിക്കുകയെന്നാണ് കരുതുന്നത്. അധികം വൈകാതെ ജെ.എഫ്.എസ് വായ്പകള്‍ നല്‍കി തുടങ്ങും. കൂടാതെ അസറ്റ് മാനേജ്‌മെന്റിലേക്കും ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസിലേക്കും കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ധനകാര്യ വിഭാഗത്തില്‍ ആറ് കമ്പനികള്‍

ധനകാര്യ സേവന വിഭാഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡ്(ആര്‍.ഐ.ഐ.എച്ച്.എല്‍), റിലയന്‍സ് പേമെന്റ് സൊല്യൂഷന്‍സ്, ജിയോ പേമെന്റ് ബാങ്ക്, റിലയന്‍സ് റീറ്റെയ്ല്‍ ഫിനാന്‍സ്, ജിയോ ഇന്‍ഫര്‍മേഷന്‍ അഗ്രഗേറ്റര്‍ സര്‍വീസസ്, റിലയന്‍സ് റീറ്റെയല്‍ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് എന്നിങ്ങനെ ആറ് കമ്പനികളാണ് നിലവിലുള്ളത്.

ഐ.സി.ഐ.സി ബാങ്കിന്റെ മുന്‍ മേധാവി കെ.വി കാമത്താണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിഭജനത്തിന് റിയലന്‍സ് ഇന്‍ഡസ്ട്രീസ് അനുമതി നല്‍കിയത്.

Related Articles
Next Story
Videos
Share it