റിലയന്‍സ് ചിപ്പ് നിര്‍മ്മാണത്തിലേക്കും; ഇസ്രായേല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ നീക്കം

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചിപ്പ് നിര്‍മ്മാണത്തിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ ആസ്ഥാനമായ ടവര്‍ സെമികണ്ടക്ടര്‍ (Tower Semiconductor) എന്ന കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് സൂചന. എന്നാല്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏറ്റെടുക്കല്‍ നടപടി വൈകിയേക്കാമെന്നാണ് സൂചനകള്‍.

ചിപ്പ് നിര്‍മാണത്തിലേക്ക്

ഇന്റല്‍ അടുത്തിടെ ടവര്‍ സെമികണ്ടക്ടര്‍ എന്ന കമ്പനിയുടെ ഏറ്റെടുക്കല്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് റിലയന്‍സിന്റെ നീക്കം. 2022 ഫെബ്രുവരിയില്‍ 540 കോടി ഡോളറിന് ടവര്‍ സെമികണ്ടക്ടര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റില്‍ റെഗുലേറ്റര്‍മാര്‍ ഈ കരാറിന് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് ഇന്റലിന് ഏറ്റെടുക്കല്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.

വാഹന വ്യവസായം, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, കണ്‍സ്യൂമര്‍, എയ്റോസ്പേസ്, ഡിഫന്‍സ് തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമുള്ള 300ല്‍ അധികം ഉപഭോക്താക്കള്‍ക്കായി അനലോഗ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ടവര്‍ സെമികണ്ടക്ടര്‍. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ വ്യവസായം വികസിപ്പിക്കുന്നതിനായി 2013-14ല്‍ ജെയ്പീ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിലെ അംഗമായിരുന്നു ടവര്‍ സെമികണ്ടക്ടര്‍. തുടര്‍ന്ന് ഐ.ബി.എമ്മിന്റെയും സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിച്ചു.

ഐ.എസ്.എം.സിയുമായി (Indian Standard Medium Channel) ചേര്‍ന്ന് സാങ്കേതിക പങ്കാളിയായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയുടെ 76,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ ഇന്‍സെന്റീവ് പ്രോഗ്രാമിന് കീഴില്‍ 2022 ഫെബ്രുവരിയില്‍ ടവര്‍ സെമികണ്ടക്ടര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അടുത്തിടെ മന്ത്രാലയത്തിലെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ടവര്‍ സെമികണ്ടക്ടര്‍ സി.ഇ.ഒ റസ്സല്‍ സി. എല്‍വാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Next Story

Videos

Share it