സൊമാറ്റോയുടെ കമ്മീഷന്‍ വര്‍ധനയെ ചെറുക്കാനൊരുങ്ങി റെസ്റ്റോറന്റ് ഉടമകള്‍
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന സൊമാറ്റോയുടെ അവശ്യത്തെ തള്ളി റസ്റ്റോറന്റ് ഉടമകള്‍. കമ്മീഷന്‍ വര്‍ധിപ്പിക്കാനുള്ള സൊമാറ്റോയുടെ ശ്രമങ്ങളെ ചെറുക്കാന്‍ തയ്യാറെടുക്കുകയാണ് റെസ്റ്റോറന്റ് ഉടമകളെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ശരാശരി കമ്മീഷന്‍ നിരക്കുകള്‍ നിലവില്‍ 15 മുതല്‍ 22 ശതമാനം വരെയാണ്, ചിലത് 25 ശതമാനം വരെ ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ഉടമകള്‍ പറയുന്നു. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (NRAI) കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ നിരക്ക് ഇതിനകം തന്നെ 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
നിബന്ധനകള്‍ പുനഃപരിശോധിക്കുന്നു
നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെയും ലാഭം മെച്ചപ്പെടുത്തുന്നതിന്റെയും ശ്രമങ്ങളുടെ ഭാഗമായി ഭക്ഷണ വിതരണ കമ്പനികള്‍ ഈയിടെയായി നഗരങ്ങളിലുടനീളമുള്ള റെസ്റ്റോറന്റുകളുമായുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കമ്മീഷനുകള്‍ പുനഃപരിശോധിക്കുന്നത് തുടരുമെന്ന് സൊമാറ്റോ വക്താവ് പറഞ്ഞു.
പരിധി പരിമിതപ്പെടുത്തും
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന്‍ 2 മുതല്‍ 6 ശതമാനം വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു സൊമാറ്റോയുടെ ആവശ്യം. ആവശ്യപ്പെട്ട കമ്മീഷന്‍ നല്‍കിയില്ലെങ്കില്‍ അത്തരം റസ്റ്റേറന്റുകളെ ഡീലിസ്റ്റ് ചെയ്യുകയോ അവയുടെ ഡെലിവറി പരിധി പരിമിതപ്പെടുത്തുകയോ ചെയ്യുമെന്ന് നിരവധി റെസ്റ്റോറന്റുകളെ ഇവര്‍ അറിയിച്ചിട്ടുണ്ടെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (NRAI) പറയുന്നു. എന്നാല്‍ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഈ സംഘടന.
നഷ്ടത്തെ തുടര്‍ന്ന്
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും എത്തിതുടങ്ങിയിരുന്നു. ഇതോടെ സൊമാറ്റോയുടെ ഡെലിവറികള്‍ കുറഞ്ഞു. തുടര്‍ന്ന് കമ്പനി മൂന്നാം പാദത്തില്‍ വലിയ നഷ്ടം നേരിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഉയര്‍ത്താനുള്ള ആവശ്യം കമ്പനി മുന്നോട്ട് വച്ചത്.