ചൈനീസ് ടയര്‍ ഇറക്കുമതി നിയന്ത്രണത്തെ സ്വാഗതം ചെയ്ത് എംആര്‍എഫ്

ചൈനയില്‍ നിന്നുള്ള ടയറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോവിഡ് പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞുനില്‍ക്കുന്ന ടയര്‍ കമ്പനികള്‍ക്ക് ആശ്വാസമായി മാറുമെന്ന പ്രതീക്ഷയുമായി എംആര്‍എഫ്. നാലാം സാമ്പത്തിക പാദത്തില്‍ പ്രവര്‍ത്തന വരുമാനം 10.93 ശതമാനം ഇടിഞ്ഞ് 3,685.16 കോടി രൂപയായ വിവരം പ്രഖ്യാപിച്ചതിന്റെ അനുബന്ധമായാണ് രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കള്‍ ഇറക്കുമതി നിയന്ത്രണത്തെ സ്വാഗതം ചെയ്തത്.

വിറ്റുവരവ് കുറഞ്ഞെങ്കിലും നാലാം പാദത്തിലും ഏകീകൃത അറ്റാദായത്തില്‍ രണ്ട് മടങ്ങ് വര്‍ധന രേഖപ്പെടുത്തി കമ്പനി. 679.02 കോടി രൂപയായി അറ്റാദായമെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി അറിയിച്ചു. 293.93 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയത്. 2019-20ല്‍ 25.05 ശതമാനം വളര്‍ച്ചയോടെ 1,422.57 കോടി രൂപയാണ് എംആര്‍എഫിന്റെ ലാഭം. 2018-19ല്‍ 1,130.61 കോടി രൂപയായിരുന്നു.2018-19 ലെ 16,062.46 കോടിയില്‍ നിന്ന് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 16,239.36 കോടി രൂപയായും ഉയര്‍ന്നു.

2020 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ എംആര്‍എഫിന്റെ കയറ്റുമതി വരുമാനം 1,651 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം 1,566 കോടി രൂപയും. കുറച്ചുകാലമായി ഓട്ടോമൊബൈല്‍ മേഖല നേരിടുന്ന പ്രതിസന്ധി മൂലമുള്ള മാര്‍ക്കറ്റ് ഡിമാന്‍ഡ് പ്രശ്നങ്ങള്‍ ടയര്‍ വ്യവസായം അഭിമുഖീകരിക്കുന്നുണ്ടെന്ന് എംആര്‍എഫ് അറിയിച്ചു.

കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍ ഓരോ ഷെയറിനും 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 94 രൂപ വീതം അന്തിമ ലാഭവിഹിതം എംആര്‍എഫ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഒരു ഓഹരിക്ക് 3 രൂപ വീതം രണ്ട് ഇടക്കാല ലാഭവിഹിതം നേരത്തെ നല്‍കിയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ലാഭവിഹിതം ഇതോടെ 10 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് 100 രൂപയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it