ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഐഒസിയെ മറികടന്ന് റിലയന്‍സ്

ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഐഒസിയെ മറികടന്ന് റിലയന്‍സ്
Published on

ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാമത്. 2019 ലെ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയില്‍ റിലയന്‍സ് മിന്നുന്നത് 5.81 ട്രില്യണ്‍ രൂപ വരുമാനവുമായാണ്. ഐഒസി നേടിയത് 5.36 ട്രില്യണ്‍ രൂപയും.

2010 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചതു മുതല്‍ ഐഒസി ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഒന്നാമതായിരുന്നു. സംഘടിത റീട്ടെയില്‍, ടെലികോം പോലുള്ള ഉപഭോക്തൃ ബിസിനസുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ശക്തപ്പെടുത്തിയത്. ലാഭത്തിന്റെ കാര്യത്തിലും മുന്നിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അറ്റാദായം 39,588 കോടി രൂപ. ഐഒസിയുടേത് 17,377 കോടിയും.കഴിഞ്ഞ 10 വര്‍ഷമായി ആര്‍ഐഎല്ലിന്റെ ലാഭം ഐഒസിയെ അപേക്ഷിച്ച് ശരാശരി 3.01 മടങ്ങ് കൂടുതലായിരുന്നു.ഈ സാമ്പത്തിക വര്‍ഷമാകട്ടെ ഇത് 4.8 തവണയാണ് ഉയര്‍ന്നു.

2019 ലെ പട്ടിക പ്രകാരം 22 പൊതുമേഖലാ ബാങ്കുകളില്‍ 14 എണ്ണം ഉണ്ടാക്കിയ ആകെ നഷ്ടം 74,253 കോടി രൂപയാണ്. സ്വകാര്യ മേഖലയിലെ സ്ഥിതി നേരെ വിപരീതമാണ്. വിദേശ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടെ 24 ബാങ്കുകളുടെ മൊത്തം ലാഭം 60,747 കോടി രൂപ വരും. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 6.16 ശതമാനം കൂടുതലാണിത്.ഈ മേഖലയില്‍ നഷ്ടം രേഖപ്പെടുത്തിയത് രണ്ടെണ്ണം മാത്രം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന് 1,908 കോടി രൂപയും ലക്ഷ്മി വിലാസ് ബാങ്ക് 894 കോടി രൂപയും.

നിര്‍മ്മാണ, വൈദ്യുതി, ഉരുക്ക് മേഖലയിലെ നിരവധി കമ്പനികള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് വലിയ നഷ്ടമുണ്ടായത്. ഈ കമ്പനികളില്‍ പലതും ഇപ്പോള്‍ കോടതികളില്‍ പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുന്നു.

2019 ലെ കമ്പനികളുടെ സംയോജിത വരുമാനവും ലാഭവും യഥാക്രമം 9.53 ശതമാനവും 11.8 ശതമാനവും വര്‍ധിച്ചതായും പട്ടിക വ്യക്തമാക്കുന്നു. മികച്ച 500 കമ്പനികള്‍ 4.55 ട്രില്യണ്‍ രൂപയുടെ ലാഭവും 91.7 ട്രില്യണ്‍ രൂപയുടെ വരുമാനവും ഈ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം 65 കമ്പനികള്‍ 1.67 ട്രില്യണ്‍ രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 79 കമ്പനികള്‍ ചേര്‍ന്ന് 2 ട്രില്യണ്‍ രൂപ നഷ്ടം വരുത്തിയിരുന്നു. ഫോര്‍ച്യൂണ്‍ 500  കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 22.3 ശതമാനവും ലാഭത്തിന്റെ 23.44 ശതമാനവും എട്ട് കമ്പനികളുള്ള എണ്ണ, വാതക മേഖലയിലാണ്. 15.88 ശതമാനം ബാങ്കിംഗ് മേഖലയില്‍ നിന്നും.

20 കമ്പനികളുള്ള ഇന്‍ഫോടെക് മേഖല രേഖപ്പെടുത്തിയത് 500 കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 4.98 ശതമാനം വരും. മേഖല തിരിച്ച് മൊത്തം ലാഭത്തിന്റെ കണക്കെടുത്താല്‍ എണ്ണ, വാതക മേഖലയ്ക്കു പിന്നിലായി രണ്ടാമത്തെ ഉയര്‍ന്ന പങ്കായ 16.17 ശതമാനം  ഇന്‍ഫോടെക് കമ്പനികളുടേതാണ്.ക്യാപിറ്റലൈന്‍ പ്ലസ് നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ റിസര്‍ച്ച് 500 കമ്പനികളുടെ വാര്‍ഷിക റാങ്കിംഗ് നടത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com