ഇന്ത്യയിൽ 'ക്ലീന്‍ എനര്‍ജി' പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പും ഗൂഗിളും സഹകരിക്കുന്നു

ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങള്‍ അടക്കമുളള പ്രവർത്തനങ്ങള്‍ ക്ലീന്‍ എനര്‍ജിയില്‍ ഉറപ്പാക്കാനാണ് പദ്ധതിയുളളത്
renewable energy
Image Courtesy: Canva 
Published on

ഇന്ത്യയിലെ ക്ലീന്‍ എനര്‍ജിയുടെ വളർച്ചയ്ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പിന്റെ പദ്ധതിയില്‍ നിന്ന് ഗൂഗിള്‍ വൈദ്യുതി സ്വീകരിക്കും. ഗുജറാത്തിലെ ഖവ്ദയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കേന്ദ്രത്തില്‍ നിന്നുളള വൈദ്യുതി ഗൂഗിളിനും വിതരണം ചെയ്യും.

സൗരോർജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഈ ഹൈബ്രിഡ് പദ്ധതി 2025 ന്റെ മൂന്നാം പാദത്തിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

കാറ്റ്, സൗരോർജം, ഹൈബ്രിഡ് തുടങ്ങിയവയുൾപ്പെടെയുള്ള വലിയ തോതിലുള്ള പുനരുപയോഗ ഊര്‍ജ പദ്ധതികൾ വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് നൽകുന്നതിന് അദാനി ഗ്രൂപ്പ് സജ്ജമായി കൊണ്ടിരിക്കുകയാണ്.

കാർബൺ ബഹിര്‍ഗമനം മൂലമുളള പ്രകൃതി വിനാശം കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം വ്യവസായങ്ങളെ അവരുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ലോകമാകെയുളള തങ്ങളുടെ കമ്പനികളുടെ പ്രവര്‍ത്തനത്തിന് 24/7 കാർബൺ രഹിത ഊർജം കൈവരിക്കുക എന്ന ലക്ഷ്യമാണ് ഗൂഗിളിനുളളത്. 2030 ഓടെ ഈ ലക്ഷ്യം 50 ശതമാനം പൂര്‍ത്തിയാക്കാനാണ് ടെക് ഭീമൻ ഉദ്ദേശിക്കുന്നത്. 2019 ലാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്.

ഇന്ത്യയിലെ പുനരുപയോഗ ഊർജ സ്രോതസുകൾ പ്രയോജനപ്പെടുത്തി ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങള്‍ അടക്കമുളള പ്രവർത്തനങ്ങള്‍ ക്ലീന്‍ എനര്‍ജിയില്‍ ഉറപ്പാക്കാനാണ് പദ്ധതിയുളളത്. അദാനി ഗ്രൂപ്പുമായി യോജിച്ച് ഈ മേഖലയില്‍ ഗൂഗിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com