

ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് കമ്പനികളുടെ വിപണി ആധിപത്യം, വിലനിർണയ തന്ത്രങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വിശദമായ വിവരങ്ങൾ തേടുന്നു. വിപണിയില്‍ ആധിപത്യം പുലര്‍ത്താന്‍ കമ്പനികള്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായുളള പരാതി കമ്മീഷന് ലഭിച്ചിരുന്നു. പ്രാഥമിക അവലോകനത്തിന് ശേഷം ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ എന്നിവയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മത്സര നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് സി.സി.ഐ വിലയിരുത്തിവരികയാണ്.
2002 ലെ കോമ്പറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തരത്തില്‍ വളരെ കൂടുതല്‍ കിഴിവുകളും മറ്റ് ബിസിനസ് ക്രമക്കേടുകളും കമ്പനികള്‍ നടത്തുന്നതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്‍കാനാണ് ഹർജിക്കാരനെ അറിയിച്ചിരിക്കുന്നത്. ഹർജിക്കാരൻ സമർപ്പിക്കുന്ന പുതിയ തെളിവുകള്‍ വിലയിരുത്തിയ ശേഷം കമ്പനികളില്‍ പരിശോധന നടത്താന്‍ കമ്മീഷൻ കേസ് വീണ്ടും ലിസ്റ്റ് ചെയ്യുന്നതാണെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഘട്ടത്തിൽ സിസിഐ ഒരു ഔപചാരിക അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. നടപടികൾ പ്രാരംഭ അവലോകന ഘട്ടത്തിലാണ്.
മൂന്ന് കമ്പനികളും ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലെ വിപണി ആധിപത്യത്തിനായി മത്സരം നിയന്ത്രിക്കുന്ന രീതികളിൽ ഏർപ്പെടുന്നതായി ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്‌ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് മാര്‍ച്ചില്‍ ആരോപിച്ചിരുന്നു.
സൊമാറ്റോയുടെ കമ്പനിയായ എറ്റേണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ബ്ലിങ്കിറ്റ് പ്രവര്‍ത്തിക്കുന്നത്. സ്വിഗ്ഗി ലിമിറ്റഡാണ് ഇൻസ്റ്റാമാർട്ട് നടത്തുന്നത്. അതേസമയം, മൾട്ടി-ബില്യൺ ഡോളർ നിക്ഷേപം നേടാനുള്ള പ്രക്രിയയിലാണ് നിലവിൽ സെപ്‌റ്റോ.
CCI seeks details on Blinkit, Instamart, and Zepto over alleged anti-competitive practices in India’s quick commerce market.
Read DhanamOnline in English
Subscribe to Dhanam Magazine