₹ 1.01 ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതികള്‍, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാതിനിധ്യം

പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ ഉറപ്പാക്കാനായി സാങ്കേതികവിദ്യയുടെ സഹായം കൂടി തേടും
farmers
Image Courtesy: Canva
Published on

കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 1,01,321 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.  കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളും രണ്ട് സമഗ്രമായ പദ്ധതികളാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ പദ്ധതികള്‍

പ്രധാന്‍മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (PM-RKVY), കൃഷോന്നതി യോജന (KY) എന്നീ പേരുകളിലാണ് ഈ രണ്ട് പുതിയ പദ്ധതികൾ അറിയപ്പെടുക. സുസ്ഥിര കൃഷി വികസനം ലക്ഷ്യമിട്ട് ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായാണ് ഈ പദ്ധതികള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതികളുടെ കാര്യക്ഷമവും ഫലപ്രദവുമായ നടപ്പാക്കൽ ഉറപ്പാക്കാനായി സാങ്കേതികവിദ്യയുടെ സഹായം കൂടി തേടുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കാലാവസ്ഥാ പ്രതിരോധം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുളള ശൃംഖലാ വികസനം, സ്വകാര്യ മേഖലയുടെ ഇടപെടൽ തുടങ്ങിയവയുൾപ്പെടെ കാർഷിക മേഖല നേരിടുന്ന വൈവിധ്യമാർന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന രീതിയിലാണ് പദ്ധതികള്‍ തയാറാക്കുക.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാമുഖ്യം

ഈ സ്കീമുകൾ സംസ്ഥാന സർക്കാരുകൾ മുഖേനയാണ് നടപ്പിലാക്കുക. ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രീതിയിലുളള കാർഷിക പദ്ധതികള്‍ തയ്യാറാക്കാന്‍ അതാത് സംസ്ഥാന സർക്കാരുകളെ അനുവദിക്കുന്നതായിരിക്കും.

പുതിയ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളുടെ തനതായ ആവശ്യങ്ങൾക്ക് അനുയോജ്യമാകുമെന്ന രീതിയില്‍ നടപ്പാക്കാവുന്നതാണ്. കേന്ദ്രം സംസ്ഥാന സർക്കാരുകളുമായി ഏകോപനം നടത്തി ചെലവ് പങ്കിടൽ ഉറപ്പാക്കിക്കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.

കാർഷിക ഉൽപ്പാദനക്ഷമതയും കർഷക ക്ഷേമവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നാഷണൽ മിഷൻ ഫോർ എഡിബിൾ ഓയിൽ-ഓയിൽ പാം (NMEO-OP), ഡിജിറ്റൽ അഗ്രികൾച്ചർ സംരംഭം തുടങ്ങിയ പ്രത്യേക ദൗത്യങ്ങള്‍ കൂടി ആരംഭിക്കുന്നതായും കേന്ദ്ര സർക്കാർ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com