മാന്ദ്യം: ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കുന്നു ഉപഭോക്താക്കളെന്ന് സര്‍വേ റിപ്പോര്‍ട്ട്

മാന്ദ്യം: ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കുന്നു   ഉപഭോക്താക്കളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Published on

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സ്വയം നിയന്ത്രണത്തിലേക്കു വന്നതായി സോഷ്യല്‍ മീഡിയ ട്രാക്കര്‍ ആയ ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വേ റിപ്പോര്‍ട്ട്. രണ്ട് ഉപഭോക്താക്കളില്‍ ഒരാള്‍ വിവേചനാധികാരം ഉപയോഗപ്പെടുത്തിയുള്ള ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണ്ണമായും നിര്‍ത്തുകയോ ചെയ്തുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിവേചനാധികാര വ്യയശീലങ്ങളില്‍ പലരും വലിയ മാറ്റം വരുത്തി. 22,000 പേരാണ് സര്‍വേയില്‍ പ്രതികരിച്ചത്. 46 ശതമാനം പേര്‍  ചെലവ് കുറയ്ക്കാന്‍ അതീവ ശ്രദ്ധ ചെലുത്തിവരുന്നു. ഇതില്‍ത്തന്നെ 14 ശതമാനം പേര്‍ തങ്ങള്‍ ഒട്ടും തന്നെ ചെലവഴിക്കുന്നില്ലെന്ന് പറയുന്നു. അതേസമയം, തങ്ങളുടെ ചെലവ് മുമ്പത്തേതിന് സമാനമാണെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.ഇതിനിടയിലും കൂടുതല്‍ ചെലവഴിക്കുന്നതായി പറയുന്നു 11 ശതമാനം പേര്‍.

സര്‍വേ പ്രകാരം, ആസ്തി വിഹിതം ഇപ്പോഴും പ്രധാനമായും സുരക്ഷിത ബാങ്ക് നിക്ഷേപങ്ങളിലാണ്. 44 ശതമാനം ഉപഭോക്താക്കള്‍ക്കും സ്ഥിര നിക്ഷേപങ്ങളിലാണ് വിശ്വാസം. 35 ശതമാനം പേര്‍ ഇക്വിറ്റികളോ മ്യൂച്വല്‍ ഫണ്ടുകളോ ആണ് ഭേദമെന്ന് പറയുന്നു. 13 ശതമാനം പേരും സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നു. 7 ശതമാനം പേരാണ് റിയല്‍ എസ്റ്റേറ്റ് സമ്പാദ്യത്തില്‍ വിശ്വസിക്കുന്നത്. സ്വര്‍ണ്ണ, ആഭരണ നിക്ഷേപങ്ങളില്‍ ആരും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

ദീപാവലി വരരുന്നത് വിപണിയിലെ പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഉത്സവ സീസണിനായി അടുത്ത 60 ദിവസത്തിനുള്ളില്‍ ഓരോ കുടുംബവും എത്രമാത്രം ചെലവഴിക്കുമെന്നതായിരുന്നു ഒരു ചോദ്യം. 43 ശതമാനം പേര്‍ 10,000 രൂപ വരെ ചെലവഴിക്കുമെന്ന് പറഞ്ഞു. 31 ശതമാനം പേര്‍ 10,000 മുതല്‍ 50,000 രൂപ വരെ ചെലവഴിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. മറ്റൊരു നാല് ശതമാനം പേര്‍ 50,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാനുദ്ദേശിക്കുന്നു. ബാക്കി 17 ശതമാനം പേര്‍ ഒന്നും ചെലവഴിക്കില്ലെന്ന നിലപാടിലാണ്.

50,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ 29 ശതമാനം പേര്‍ ഭവന നവീകരണമാണുദ്ദേശിക്കുന്നത്. 12 ശതമാനം പേര്‍ വാഹനങ്ങള്‍ക്കും 6 ശതമാനം പേര്‍ ജ്വല്ലറികള്‍ക്കും 18 ശതമാനം പേര്‍ ടിവി, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്കും പണം മുടക്കും. ഉത്സവ വാങ്ങലുകള്‍ക്കായി ഇ-കൊമേഴ്സ് സൈറ്റുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. ഒക്ടോബര്‍ മാസത്തോടെ നിരവധി ഉപഭോക്താക്കള്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നു ഈ ശതമാനക്കണക്കുകളെന്ന് സര്‍വേ സംഘടിപ്പിച്ചവര്‍ നിരീക്ഷിക്കുന്നു.

അടുത്ത ആറുമാസത്തിനുള്ളിലെ  തങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകളെപ്പറ്റി ചോദിച്ചപ്പോള്‍, 31 ശതമാനം പേര്‍ ശുഭപ്രതീക്ഷ പ്രകടമാക്കി. മാറ്റത്തിനു സാധ്യതയില്ലെന്നു പറയുന്നു അടുത്ത 31 ശതമാനം പേര്‍. മോശമാകുമെന്ന് പറയുന്നതും 31 ശതമാനം പേര്‍ തന്നെ. 7 ശതമാനം പേര്‍ക്ക് അഭിപ്രായം പറയാനാകുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com