

ലോകത്തെ ഏറ്റവും വലിയ കൺവീനിയൻസ് സ്റ്റോർ ചെയ്ൻ സെവൻ-ഇലവൻ ഇന്ത്യയിലേക്ക്. ഇതിനായി കിഷോർ ബിയാനിയുടെ ഫ്യൂച്വർ ഗ്രൂപ്പുമായി മാസ്റ്റർ ഫ്രാഞ്ചൈസി കരാർ കമ്പനി ഒപ്പിട്ടിട്ടുണ്ട്.
സെവൻ-ഇലവൻ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കുന്നതും നടത്തുന്നതും ഫ്യൂച്വർ ഗ്രൂപ്പ് ആയിരിക്കും. ഈ വർഷം മുതൽ ഫ്യൂച്വർ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ SHME ഫുഡ് ബ്രാൻഡ്‌സ് പുതിയ സ്റ്റോറുകൾ തുറക്കുന്നതിനൊപ്പം നിലവിലെ കൊമേർഷ്യൽ സ്പേസുകൾ സെവൻ-ഇലവൻ ബ്രാൻഡഡ് സ്റ്റോറുകൾ ആക്കി മാറ്റുകയും ചെയ്യും.
ലോകമെമ്പാടും 67,000 സ്റ്റോറുകളാണ് സെവൻ-ഇലവനുള്ളത്. തുടക്കത്തിൽ ബീവറേജുകൾ, സ്‌നാക്‌സ്, ഫ്രഷ് ഫുഡ് എന്നിവക്ക് പുറമേ പ്രാദേശിക രുചികളും ഉൾപ്പെടുന്നതായിരിക്കും ഇന്ത്യയിലെ സ്റ്റോറുകൾ. ജാപ്പനീസ് ഉടമസ്ഥതയിലുള്ള യുഎസ് കൺവീനിയൻസ് ചെയ്ൻ ആണ് സെവൻ-ഇലവൻ.
ഫ്യൂച്വർ ഗ്രൂപ്പിന് നിലവിൽ മൂന്ന് സ്റ്റോർ ബ്രാന്റുകളുണ്ട്: ഈസി ഡേ, ഹെറിറ്റേജ് റീറ്റെയ്ൽ, നീൽഗിരിസ്. മൊത്തം വില്പനയുടെ 15 ശതമാനം മാത്രമാണ് ഇതിൽ നിന്നുള്ള വരുമാനം.
ഇന്റർനാഷണൽ ഹൈപ്പർ മാർക്കറ്റുകൾ ഉണ്ടെങ്കിലും 'കിരാനകൾ' എന്നറിയപ്പെടുന്ന ചെറിയ റീറ്റെയ്ൽ ഷോപ്പുകളുടെ ജനപ്രീതി അടിക്കടി വർധിച്ചുവരുന്നതായാണ് കാണുന്നത്. രാജ്യത്തെ പല ഗ്രോസറി റീറ്റെയ്ൽ കടക്കാരും സ്റ്റോറിന്റെ വലുപ്പം കുറച്ച് ലാഭം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെ വരുമ്പോൾ റെവന്യൂ പെർ സ്‌ക്വയർ ഫീറ്റ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ലാഭം ഉയരുക.
Read DhanamOnline in English
Subscribe to Dhanam Magazine