ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോം ഡെലിവറി കുതിക്കുന്നു; വാങ്ങിക്കൂട്ടുന്നത് മൂന്നിരട്ടി സാധനങ്ങള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോം ഡെലിവറി കുതിക്കുന്നു; വാങ്ങിക്കൂട്ടുന്നത് മൂന്നിരട്ടി സാധനങ്ങള്‍
Published on

കേരളത്തിലും 'പാനിക് ബയിംഗിന്റെ' ആരംഭം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം കാര്യങ്ങളുടെ ഗൗരവ്വം മനസിലാക്കിയ ഉപഭോക്താക്കള്‍ ആവശ്യമുള്ളതിന്റെ മൂന്നിരട്ടി വരെ നിത്യോപയോഗസാധനങ്ങളാണ് വാങ്ങിക്കൂട്ടുന്നതെന്ന് റീറ്റെയ്ല്‍ വ്യാപാരികള്‍ പറയുന്നു. ഇത് പലയിടങ്ങളിലും സ്റ്റോക്കിന്റെ ദൗര്‍ലഭ്യമുണ്ടാകാന്‍ കാരണമായിട്ടുണ്ട്. ചില നഗരങ്ങളില്‍ മാളുകള്‍, ഷോപ്പുകള്‍, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോം ഡെലിവറി സേവനങ്ങളെ ആശ്രയിക്കുകയാണ് ഉപഭോക്താക്കള്‍. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയുടെ ബിസിനസ് കുതിച്ചുയര്‍ന്നു. ജനത കര്‍ഫ്യൂ ഒറ്റ ദിവസത്തേക്ക് മാത്രമാണെങ്കിലും ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

പല പ്രമുഖ സൈറ്റുകളിലും ജനപ്രിയ ബ്രാന്‍ഡുകളുടെ നിത്യോപയോഗസാധനങ്ങള്‍ തീര്‍ന്നിരിക്കുകയാണ്. ഓര്‍ഡറുകള്‍ കൂടിയതുമൂലം 24 മണിക്കൂറും പ്രവര്‍ത്തിച്ചിട്ടും ഉല്‍പ്പന്നങ്ങള്‍ സമയത്തിന് ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനങ്ങള്‍. എന്നാല്‍ കോറോണ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുംബൈ, പൂനെ, നാഗ്പൂര്‍ തുടങ്ങിയിടങ്ങളിലെ കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് ഇറ്റെയ്‌ലര്‍മാരുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പല അപ്പാര്‍ട്ട്‌മെന്റുകളിലും ഡെലിവറി ബോയ്‌സിനെ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. പകരം ഉടമ തന്നെ ഗെയ്റ്റില്‍ പോയി സാധനങ്ങള്‍ ശേഖരിക്കണം.

പ്രധാനമന്ത്രിയുടെ അറിയിപ്പ് വന്നതിനുശേഷം ഹോം ഡെലിവറി സേവനങ്ങളെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചുതുടങ്ങിയെന്ന് കേരളത്തിലെ വ്യാപാരികളും പറയുന്നു. ''ഹോം ഡെലിവറി സേവനം നല്‍കുന്നുണ്ടെങ്കിലും പൊതുവേ ഷോപ്പില്‍ വന്ന് സാധനങ്ങള്‍ വാങ്ങാനാണ് കൂടുതല്‍പ്പേര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ഇന്നലെ മാത്രം ഹോം ഡെലിവറി 30 ശതമാനത്തോളം കൂടിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെങ്കിലും കച്ചവടം മൂന്നിരട്ടിയോളം കൂടിയിട്ടുണ്ട്. ആവശ്യമുള്ളതിന്റെ മൂന്നിരട്ടി സാധനങ്ങളാണ് പലരും വാങ്ങുന്നത് എന്നതാണ് ഇതിന് കാരണം.'' കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വീക്കേ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഷിയാസ് എന്‍.എസ് പറയുന്നു.

മറ്റു സംസ്ഥാനങ്ങളിലേതുപോലെ പെട്ടെന്നൊരു ദിവസം കടകളെല്ലാം അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ എന്തുചെയ്യുമെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക. അരി, ഗോതമ്പ്, പഞ്ചസാര, കേടാകാത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയാണ് എല്ലാവരും കൂടുതലായി വാങ്ങി സ്റ്റോക്ക് ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com