വിലയിടിവ്: വാഴ, കൈതച്ചക്ക കര്‍ഷകര്‍ ദുരിതത്തില്‍

കര്‍ഷകപ്രക്ഷോഭവും ശബരിമല തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതും തിരിച്ചടിയാകുന്നു. വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പച്ചക്കായ വെട്ടിയരിഞ്ഞ് മീനുകള്‍ക്ക് തീറ്റയാക്കുന്നു
വിലയിടിവ്: വാഴ, കൈതച്ചക്ക കര്‍ഷകര്‍ ദുരിതത്തില്‍
Published on

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് കൈതച്ചക്കയും ഏത്തപ്പഴവും കൂട്ടിയിട്ടു വഴിയോരത്തു നടത്തുന്ന വില്പന. നാലു കിലോ ഏത്തപ്പഴം 100 രൂപക്ക് ലഭിക്കും. ചിലയിടങ്ങളില്‍ അഞ്ചു കിലോവരെ ഈ വിലക്ക് ലഭിക്കും. കൈതച്ചക്കയും കിലോയ്ക്ക് 20 രൂപ അല്ലെങ്കില്‍ 25 രൂപക്ക് കിട്ടും. ഈ കുറഞ്ഞ വിലയ്ക്ക് ഇവ കിട്ടുന്നത് വാങ്ങുന്നവര്‍ക്ക് സന്തോഷമുള്ള കാര്യമാണെങ്കിലും ഇതിന്റെ പിന്നില്‍ കര്‍ഷകന്റെ കണ്ണീരുണ്ടെന്നുള്ള കാര്യം വിസ്മരിക്കപ്പെട്ടു പോകുന്നു. 

ഒരു കിലോ ഏത്തപ്പഴത്തിന് കര്‍ഷകന് ഇപ്പോള്‍ കിട്ടുന്നത് 15 രൂപ മുതല്‍ 20 രൂപ വരെ മാത്രമാണ്. മുന്‍ വര്‍ഷം ഇതേ സമയത്തു 40 മുതല്‍ 56 രൂപ വരെ വില ലഭിച്ചിരുന്നു. കൈതച്ചക്ക കര്‍ഷകന് ഇപ്പോള്‍ കിലോയ്ക്ക് കിട്ടുന്നത് 13 രൂപ മാത്രമാണ്. മുന്‍വര്‍ഷം ഇതേ സമയത്തു 25 രൂപ മുതല്‍ 30 രൂപ വരെ കൈതച്ചക്ക കര്‍ഷകന് ലഭിച്ചിരുന്നു. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഈ ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം കേരളത്തില്‍ ദുരിതത്തിലായിരിക്കുന്നത്.

കോവിഡ് 19നെ തുടര്‍ന്ന് ആഭ്യന്തര വിപണയില്‍ ഉപഭോഗത്തില്‍ ഉണ്ടായ വന്‍ ഇടിവാണ് ഈ ഉത്പന്നങ്ങളുടെ ഇപ്പോഴത്തെ വില തകര്‍ച്ചക്ക് കാരണം എന്ന് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് പൈനാപ്പിള്‍ ഗ്രോവെര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ പറഞ്ഞു. ''കൈതച്ചക്കയുടെ കാര്യത്തില്‍ ഉത്തരേന്ത്യയില്‍ നടന്നു വരുന്ന കര്‍ഷക സമരം വിലത്തകര്‍ച്ചക്കു ആക്കം കൂട്ടി. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കൈതച്ചക്കയുടെ പ്രധാന വിപണി. സമരത്തെത്തുടര്‍ന്ന് ഈ സ്ഥലങ്ങളിലേക്കുള്ള ചരക്കു ഗതാഗതം തടസ്സപെട്ടു,'' ജോജി ചൂണ്ടിക്കാട്ടി.

'മറ്റൊരു കാരണം കോവിഡ് 19 നിയന്ത്രണങ്ങള്‍ മൂലം ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്ഥാടനത്തിന് എത്തിയിരുന്ന അയ്യപ്പ ഭക്തന്മാര്‍ ഈ പഴങ്ങള്‍ ധാരാളമായി വാങ്ങി ഉപയോഗിച്ചിരുന്നു. തിരികെ പോകുമ്പോള്‍ വാഹനങ്ങളില്‍ 50 കിലോ മുതല്‍ 100 കിലോ വരെ കൈതച്ചക്ക വാങ്ങി പോകുന്ന തീര്‍ത്ഥാടകര്‍ ധാരാളമായിരുന്നു,' ജോജി പറഞ്ഞു.

വ്യാപാരികള്‍ പറയുന്നതനുസരിച്ച്, ഏകദേശം 300 ടണ്‍ പ്രത്യേക ഗ്രേഡ് കൈതച്ചക്ക കര്‍ഷക സമരത്തിന് മുമ്പ് ഉത്തരേന്ത്യയിലേക്കു ദിവസേന പോയിരുന്നു. സമരം മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം ഇത് 75 ശതമാനം വരെ കുറഞ്ഞതായാണ് കണക്കുകള്‍. കേരളിത്തിനു പുറമെ കര്‍ണാടകം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ കൈതച്ചക്ക ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം ടണ്‍ കൈതച്ചക്ക ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ചതായാണ് കണക്കുകള്‍.

സംസ്ഥാനത്തു കൈതച്ചക്ക കേടുകൂടാതെ സംരക്ഷിക്കാനുള്ള അതിശീതീകരണ ശേഷിയുള്ള സംഭരണ ശാലകള്‍ ഇല്ലാത്തതും ഒരു പ്രശ്‌നമാണ്. ഇപ്പോള്‍ വിളവെടുത്തു ഒരാഴ്ചക്കകം ഉപയോഗിച്ചില്ലെങ്കില്‍ കൈതച്ചക്ക കേടുവരുന്ന സ്ഥിതിയാണ്. 'കേരളത്തില്‍ കൈതച്ചക്ക അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ തുലോം കുറവാണ്. കൈതച്ചക്ക ഉപയോഗിച്ച് ജാം, കുപ്പിയിലോ ടിന്നിലോ ആക്കിയ ജ്യൂസ് തുടങ്ങിയവക്ക് നല്ല വിപണിയുണ്ട്. കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് വ്യവസായങ്ങള്‍ തുടങ്ങിയാല്‍ ഇപ്പോഴത്തേത് പോലെ വാങ്ങാന്‍ ആളില്ലാതെ ഉത്പന്നങ്ങള്‍ നശിച്ചു പോകുന്നത് ഒഴിവാക്കാന്‍ കഴിയും,' ആഗ്രോ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോഫ്‌കോയുടെ മാനേജിങ് ഡയറക്ടര്‍ എന്‍ സി തോമസ് അഭിപ്രായപ്പെട്ടു.

വിലയിടിവ് മൂലം ആലപ്പുഴയിലെ ഏത്തവാഴ കര്‍ഷകനായ മുരളീധരന്‍ പച്ചക്കായ വെട്ടിയരിഞ്ഞു മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി കൊടുക്കുകയാണ് ഇപ്പോള്‍. ''പുറമെ കൊടുത്താല്‍ കിലോയ്ക്ക് 15 രൂപ മാത്രമാണ് കിട്ടുന്നത്. ഒരു വാഴയ്ക്ക് ഏകദേശം 250 രൂപക്കടുത്തു കൃഷി ചിലവുണ്ട്. എനിക്ക് മത്സ്യ കൃഷിയുള്ളതിനാല്‍ അതിനായി ഉപയോഗിക്കാന്‍ പറ്റും.''

എന്നാല്‍ മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്നതിനാല്‍ കേരളത്തില്‍ നിന്നും ധാരാളം കര്‍ഷകര്‍ കര്‍ണാടകയിലെ മൈസൂര്‍ ജില്ലയിലും മറ്റും പാട്ടത്തിനു ഭൂമിയെടുത്തു വാഴ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവരൊക്കെ ഇന്ന് കടക്കെണിയിലാണ്.

ചില കര്‍ഷകരാകെട്ടെ തോല്‍ക്കാന്‍ തയ്യാറാകാതെ ഏതറ്റം വരെയും പോകുന്നുണ്ട്. കോട്ടയത്തെ കുമാരനെല്ലൂരിനടുത്തു ആറേക്കറില്‍ കൈതച്ചക്ക, വാഴ, ചേന തുടങ്ങിയവ കൃഷി ചെയ്യുന്ന ടോമി മറ്റപ്പള്ളില്‍ എന്ന കര്‍ഷകന്‍ സ്വന്തം ഉത്പന്നങ്ങള്‍ ജീപ്പില്‍ കൊണ്ടുപോയി വഴിയരികില്‍ കച്ചവടം ചെയ്യുകയാണ്. കൃഷി ഗംഭീരമായി തുടങ്ങി കഴിഞ്ഞപ്പോളാണ് ലോക്ക്ഡൗണ്‍ വരുന്നത്. ഇപ്പോള്‍ കൈതച്ചക്ക കിലോയ്ക്ക് 25 രൂപ നിരക്കില്‍ ആള്‍ക്കാര്‍ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. കൃഷിച്ചിലവ് തന്നെ അതില്‍ കൂടുതല്‍ വരും. എങ്കിലും തന്റെ ഉത്പന്നങ്ങള്‍ നശിക്കാതെ ആരെങ്കിലും വാങ്ങുന്നതില്‍ ടോമിക്ക് സന്തോഷം.

'ഞാനുണ്ടാക്കിയ വിഭവങ്ങള്‍. അതിനു ന്യായ വില കിട്ടണം. അതിനായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുക തന്നെ,' ടോമി ഒരു മാധ്യമത്തോട് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com