ഇ-കോമേഴ്‌സ് കരട് നയം: 10 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണം
കേന്ദ്ര സർക്കാരിന്റെ ദേശീയ ഇ-കോമേഴ്‌സ് നയത്തിൽ എന്തെങ്കിലും നിർദ്ദേശങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 10 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ കരട് നയത്തിലെ ചില വ്യവസ്ഥകളോട് കമ്പനികൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വേണ്ടത്ര ചർച്ചകൾ ഇല്ലാതെയാണ് കരട് നയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന അഭിപ്രായവും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അഭിപ്രായങ്ങൾ അറിയിക്കാൻ ഇ-കോമേഴ്‌സ് രംഗത്തുള്ളവർക്ക് അവസരം നൽകിയിരിക്കുന്നത്. വ്യവസായ-വാണിജ്യ പ്രൊമോഷൻ വകുപ്പിനെ (DPIIT) അഭിപ്രായങ്ങൾ എഴുതി അറിയിക്കണം. ആർബിഐയുടെ ഡേറ്റ സ്റ്റോറേജ് സംബന്ധിച്ച ചട്ടങ്ങളാണ് മിക്കവാറും ബിസിനസുകൾ ഉയർത്തിക്കാട്ടിയ ഒരു കാര്യം.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും നാസ്കോമും ഇതുസംബന്ധിച്ച കമ്പനികളുടെ ബുദ്ധിമുട്ടുകളും ആശങ്കകളും ഒഴിവാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകി.