മണിക്കൂറിൽ 5,000 പാർസലുകൾ; ഫ്ലിപ്കാർട്ടിൽ റോബോട്ടാണ് താരം
ഫ്ലിപ്കാർട്ടിന്റെ ബെംഗളൂരു കേന്ദ്രത്തിൽ 100 റോബോട്ടുകളാണ് പുതിയതായി 'ജോലി'ക്കെത്തിയിരിക്കുന്നത്. പാർസലുകൾ സോർട്ടു ചെയ്യുകയാണ് ദൗത്യം.
ഇപ്പോൾത്തന്നെ രാജ്യത്തെ ഓട്ടോമേഷൻ മേഖലയിലെ നാഴികക്കല്ലായാണ് പലരും ഈ പ്രോജക്ടിനെ വിശേഷിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല. മനുഷ്യർ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തിൽ ചെയ്തുതീർക്കാൻ സാധിക്കുമെന്ന് ഈ റോബോട്ടുകൾ ഇതിനകം തെളിയിച്ചിരിക്കുകയാണ്.
മണിക്കൂറിൽ 5,000 പാർസലുകളാണ് എഐ-പവേർഡ് റോബോട്ടുകൾ സോർട്ട് ചെയ്യുന്നത്. മനുഷ്യർ 450 പാർസലുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണിത്. ഇന്ത്യയിൽ ആദ്യമായി റോബോട്ട് അധിഷ്ഠിത സോർട്ടേഷൻ ടെക്നോളജി ഉപയോഗിക്കുന്നത് ഫ്ലിപ്കാർട്ടാണ്. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾസ് (AGVs) എന്നാണിവ അറിയപ്പെടുന്നത്.
എട്ടുമണിക്കൂറേ ഇവയുടെ ചാർജ് നിൽകുകയുള്ളൂ. എന്നാൽ സ്വയം ചാർജ് ചെയ്യാൻ കഴിവുള്ളവയാണ് ഈ റോബോട്ടുകൾ. പരസ്‌പരം ആശയവിനിമയം ചെയ്യാൻ ഇവർക്ക് സാധിക്കും. ജോലി പങ്കുവെക്കുന്നതിനെക്കുറിച്ചും കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനും മറ്റുമാണ് ഇവർ ആശയവിനിമയം നടത്തുക.
ഇതേ ഫ്ലിപ്കാർട്ട് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 1,000 ജീവനക്കാർക്ക് AGV കൾ ഓപ്പറേറ്റ് ചെയ്യാനുള്ള പരിശീലനം നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 4500 ഷിപ്മെന്റുകൾ പ്രോസസ്സ് ചെയ്യാൻ ഇവയ്ക്കു കഴിയും. അതായത് മുൻപത്തേതിനേക്കാൾ കാര്യക്ഷമത 60 ശതമാനം ഉയർന്നു.
വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് വമ്പന്റെ പ്രധാന എതിരാളിയായ ആമസോൺ 2014 മുതൽ ഓട്ടോമേഷനിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഈയിടെ യുഎസ് ആസ്ഥാനമായ കമ്പനി ഡെലിവറി ബോട്ടുകൾ പരീക്ഷിച്ചിരുന്നു.