ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ വഴിച്ചുപണി, മിന്ത്ര സി.ഇ.ഒ തുടരും

ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ വഴിച്ചുപണി, മിന്ത്ര സി.ഇ.ഒ തുടരും
Published on

ഫ്‌ളിപ്കാര്‍ട്ട് സി.ഇ.ഒ ബിന്നി ബന്‍സാലിന്റെ രാജിക്കുശേഷം മിന്ത്രയുടെ സി.ഇ.ഒ അനന്ത് നാരായണനും രാജിവെച്ചെന്ന് വാര്‍ത്തകളുണ്ടാരുന്നെങ്കിലും അതെല്ലാം നിഷേധിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് അദ്ദേഹം.

മിന്ത്രയെക്കുറിച്ച് താന്‍ വളരെ ആവേശഭരിതനാണെന്നാണ് റോയ്‌റ്റേഴ്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അനന്ത് നാരായണന്‍ പറയുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ മുന്‍ സി.ഇ.ഒ ബിന്നി ബല്‍സാല്‍ പുറത്തുപോയപ്പോള്‍ ഇപ്പോഴത്തെ സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയായി അനന്ത് നാരായണന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍. കൃഷ്ണമൂര്‍ത്തിയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് അനന്ത് നാരായണന്റെ രാജിയിലേക്ക് വഴിതെളിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് തികച്ചും വിപരീതമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ സാഹചര്യം ഫ്‌ളിപ്കാര്‍ട്ടില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളോടെ വന്‍ വഴിച്ചുപണിയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വരാനിരിനിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലാണ് മിന്ത്ര. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ടിന് സ്വന്തമാണ്. 2016ല്‍ മിന്ത്ര ഏറ്റെടുത്ത ജബോംഗ് പൂര്‍ണ്ണമായും മിന്ത്രയില്‍ ലയിപ്പിക്കാനാണ് പുതിയ തീരുമാനം.

ഇതിന്റെ ഭാഗമായി ജബോംഗില്‍ നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമായി. ഇതേ സ്ഥിതി മിന്ത്രയിലും അധികം താമസിയാതെ ഉണ്ടാകാനാണ് സാധ്യത. രണ്ടു മാസം കൊണ്ട് 100 മുതല്‍ 400-500 പേരെ വരെ മിന്ത്രയില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സ്വഭാവദൂഷ്യ ആരോപണത്തെത്തുടര്‍ന്നാണ് ബിന്നി ബന്‍സാല്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ പുറത്തുപോയിരുന്നു. 2015ലാണ് മക്കിന്‍സിയില്‍ ജോലി ചെയ്തിരുന്ന അനന്ത് നാരായണന്‍ മിന്ത്രയുടെ സി.ഇ.ഒയായി സ്ഥാനമേറ്റത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com