റീറ്റെയ്ല്‍ മേഖലയില്‍ വളരാന്‍ പുറത്തേക്ക് പോകൂ!

വിപുലീകരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Go outside to grow in the retail sector!
Image courtesy: canva
Published on

കഴിഞ്ഞ ഒരു വര്‍ഷമോ അതിലേറെയോ ആയി റീറ്റെയ്ല്‍ മേഖലയില്‍ മുമ്പ് അനുഭവിച്ചിരുന്നു എന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2016ലെ നോട്ട് അസാധുവാക്കലിന് ശേഷം കേരള സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുമെന്ന് വിശ്വസിച്ചിരുന്ന ഞാന്‍, കേരളത്തിലെ വിപുലീകരണത്തിന് പകരം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ എന്റെ ഇടപാടുകാരെ ഉപദേശിക്കുകയും ചെയ്തു.

2017ല്‍ ജി.എസ്.ടി നടപ്പാക്കുകയും 2018ല്‍ സംസ്ഥാനത്ത് മഹാപ്രളയം ഉണ്ടാകുകയും ചെയ്തതിനു ശേഷം കേരളത്തിന്റെ സാമ്പത്തിക മേഖല സ്തംഭിക്കുമെന്ന് വിശ്വസിച്ച ഞാന്‍ വായ്പകള്‍ കുറച്ചും, ലാഭം കൂട്ടുന്നതിനായി റെഡി ക്യാഷ് പര്‍ച്ചേസിലേക്ക് മാറിയും ബിസിനസ് ശക്തിപ്പെടുത്താന്‍ ഇടപാടുകാരെ ഉപദേശിച്ചു.

എളുപ്പം ജി.സി.സി രാജ്യങ്ങള്‍

2019ലെ രണ്ടാമത്തെ പ്രളയവും കോവിഡിനെതുടര്‍ന്നുള്ള 2020ലെ ലോക്ക്ഡൗണും ഉണ്ടായപ്പോള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിതുടങ്ങിയെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ഇടപാടുകാരോട് കേരളത്തിലെ ബിസിനസ് വിപുലീകരണം നിര്‍ത്തിവെച്ച് രാജ്യാന്തര തലത്തില്‍, പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉപദേശിച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനേക്കാള്‍ നമുക്ക് എളുപ്പം ജി.സി.സി രാജ്യങ്ങളാണ്.

ഇതേ കാലയളവില്‍ കേരളത്തില്‍ ബിസിനസ് വിപുലീകരണം നടത്തുന്നതിന് എന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി ഇടപാടുകാര്‍ എന്നെ സമീപിച്ചിരുന്നു. അവര്‍ക്കും ഇതേ ഉപദേശമാണ് ഞാന്‍ നല്‍കിയിരുന്നത്. എന്നിരുന്നാലും അവരില്‍ പലരും എന്റെ ഉപദേശത്തോട് യോജിച്ചില്ല. എന്റെ വീക്ഷണങ്ങളോട് യോജിച്ചു പോകുന്ന ഇടപാടുകാരോടൊത്ത് മാത്രമേ ജോലി ചെയ്യാനാകൂ എന്നതിനാല്‍ അവരുമായി പ്രവര്‍ത്തിക്കാന്‍ എനിക്കാവുമായിരുന്നില്ല.

കേരള സമ്പദ്‌വ്യവസ്ഥ

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ചു വര്‍ഷത്തേക്ക് അത് ചുരുങ്ങിക്കൊണ്ടിരിക്കുമെന്നും മിക്ക സംരംഭകര്‍ക്കും വ്യക്തമായതായി ഞാന്‍ കരുതുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിരവധി ക്ലയ്ന്റുകള്‍ എന്റെ അരികിലെത്തി. അവരില്‍ ഭൂരിഭാഗവും ബിസിനസ് വളര്‍ത്തുന്നതിനായി എന്റെ സേവനം ആവശ്യപ്പെട്ട് എത്തിയ റീറ്റെയ്ല്‍ ശൃംഖലകളായിരുന്നു. കേരളത്തിലെ ബിസിനസ് വിപുലീകരണം നല്ല ആശയമല്ലെന്ന് വ്യക്തമായ ധാരണയുള്ളവരായിരുന്നു അവരില്‍ പലരും. കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാനായിരുന്നു അവരുടെ ആഗ്രഹം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഇതാണ്; നോട്ട് അസാധുവാക്കലിനും ജി.എസ്.ടി നടപ്പാക്കലിനും ശേഷം വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനുള്ള ഉചിതമായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതു വരെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, രാജ്യത്ത് വന്‍തോതില്‍ വിപുലീകരണം ലക്ഷ്യമിട്ട എന്റെ ഇടപാടുകാരോട് ഇന്ത്യയിലെ വിപുലീകരണത്തിന്റെ വേഗത കുറയ്ക്കാനും രാജ്യാന്തര തലത്തില്‍ വിപുലീകരണം നടത്തി സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉപദേശിച്ചു.

ഭൂരിഭാഗവും റീറ്റെയ്ല്‍ ശൃംഖലകള്‍

2020ലെ ലോക്ക്ഡൗണിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ അനുചിതമാണെന്ന് കരുതിയ ഞാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ മാന്ദ്യം സംഭവിക്കുമെന്നും അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയില്‍ സ്തംഭനാവസ്ഥ ഉണ്ടാകുമെന്നും വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ വിപുലീകരണ പദ്ധതികളുള്ള എന്റെ ക്ലയ്ന്റുകളെ ഇന്ത്യയിലുള്ള അവരുടെ വിപുലീകരണം തല്‍ക്കാലം നിര്‍ത്തിവെച്ച് രാജ്യാന്തര തലത്തിലേക്ക് ശ്രദ്ധിക്കാന്‍ ഞാന്‍ ഉപദേശിച്ചു.

എന്തുകൊണ്ടാണ് വന്‍ തോതില്‍ വായ്പയെടുത്ത് വലിയ വിപുലീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് എന്നെ സമീപിക്കുന്ന ക്ലയ്ന്റുകളോട് ചോദിച്ചപ്പോള്‍ ഇന്ത്യ സാമ്പത്തികമായി കുതിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നുമാണ് മറുപടി!

ഇന്ത്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് തോന്നുന്നു. മിക്ക സംരംഭകരും വിശ്വസിക്കുന്ന ആദ്യത്തെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ഇന്ത്യ കുതിക്കുകയാണെന്നതാണ്.

Figure 1: India is Booming

ഞാന്‍ വിശ്വസിക്കുന്ന, രണ്ടാമത്തെ യാഥാര്‍ത്ഥ്യം ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ ഇന്ത്യ ബുദ്ധിമുട്ട് നേരിടുകയാണ്.

Figure 2: India is Struggling

 ഇന്ത്യയില്‍ വന്‍തോതില്‍ വിപുലീകരണം നടത്താനൊരുങ്ങുന്ന റീറ്റെയ്ല്‍ ക്ലയ്ന്റുകളുടെ കാര്യത്തില്‍ ഒരു 'ദേജാ വൂ'(Dejavu) അവസ്ഥ ഞാന്‍ നേരിടുന്നുണ്ട്. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും വന്‍തോതില്‍ വായ്പയെടുത്ത് വലിയ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്നത് വളരെ അപകടകരമാണെന്നും അവരെ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് മണിക്കൂറുകള്‍ ചെലവിടേണ്ടി വന്നേക്കാം.

യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ആദ്യത്തെ കാഴ്ചപ്പാടാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടു തന്നെ എന്റെ കാഴ്ചപ്പാടിനെ അവര്‍ അംഗീകരിച്ചേക്കില്ല. അങ്ങനെ വന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com