ഇന്ത്യക്കാരുടെ വീടുകളില്‍ 'ഉറങ്ങിക്കിടക്കുന്നത്' 25,000 ടണ്‍ സ്വര്‍ണം; 'പണമാക്കല്‍' പദ്ധതിക്ക് പലിശ കൂട്ടുമോ കേന്ദ്രം?​

സ്വര്‍ണം ഇറക്കുമതി കുത്തനെ കൂടിയതിനാല്‍ ബജറ്റില്‍ നികുതിഭാരം കുറയ്ക്കുമോയെന്നതില്‍ ആശങ്ക
Gold and Stock Market
Image by Canva
Published on

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഡിസംബറില്‍ കുത്തനെ കൂടിയതോടെ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ 'സ്വര്‍ണനികുതി' കുറയ്ക്കാനുള്ള സാധ്യത മങ്ങി.

2,840 കോടി ഡോളറില്‍ നിന്ന് 26.7 ശതമാനം വര്‍ധനയുമായി 3,595 കോടി ഡോളറിലേക്കാണ് സ്വര്‍ണം ഇറക്കുമതി കൂടിയത്. സ്വര്‍ണം ഇറക്കുമതി വർധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി (Trade Deficit), കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) എന്നിവ കൂടാനിടയാക്കുന്ന കാര്യമാണ്. വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും നിയന്ത്രിക്കാനായി 2022ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്ക് കൂട്ടിയിരുന്നു.

എന്നാല്‍, ഇറക്കുമതി തീരുവ കൂട്ടിയത് കള്ളക്കടത്ത് വര്‍ധിക്കാനും നികുതിവെട്ടിച്ചുള്ള സമാന്തര കച്ചവടം കൂടാനും ഇടയാക്കിയെന്ന് ജുവലറി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇറക്കുമതി നികുതി 4-8 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ തന്നെ സ്വര്‍ണം ഇറക്കുമതി ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ തീരുവ കുറയ്ക്കാന്‍ ധനമന്ത്രി മുതിരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉപയോഗിക്കാം 'വീടുകളിലെ' സ്വര്‍ണം

സ്വര്‍ണം ഇറക്കുമതി കുറയ്ക്കാനും വീടുകളില്‍ ലോക്കറിലും മറ്റും വെറുതേയിരിക്കുന്ന സ്വര്‍ണം രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് 2015 സെപ്റ്റംബറില്‍ കേന്ദ്രം അവതരിപ്പിച്ചതാണ് സ്വര്‍ണം പണമാക്കല്‍ അഥവാ ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതി.

ഇന്ത്യയിലെ വീടുകളില്‍ ഏതാണ്ട് 25,000 ടണ്‍ സ്വര്‍ണം 'ഉറങ്ങിക്കിടപ്പുണ്ട്' എന്നാണ് അനൗദ്യോഗിക കണക്ക്. ഈ സ്വര്‍ണം പൊതുവിപണിയിലേക്കെത്തിച്ച് പണവിനിമയം സാധ്യമാക്കുന്ന പദ്ധതിയാണ് സ്വര്‍ണം പണമാക്കല്‍. ഉപയോക്താവിന് കൈവശമുള്ള സ്വര്‍ണം പദ്ധതിവഴി ബാങ്കില്‍ നിക്ഷേപിച്ച് പണമാക്കി മാറ്റാം. ഇങ്ങനെ പണമാക്കുന്ന നിക്ഷേപ പദ്ധതിയിലൂടെ 2.25-2.50 ശതമാനം പലിശയും കിട്ടും.

പലിശനിരക്ക് തീരെക്കുറവായതിനാല്‍ പദ്ധതിക്ക് സ്വീകാര്യത കിട്ടിയില്ല. പലിശനിരക്ക് ഉയര്‍ത്തിയാല്‍ ഇറക്കുമതിയെ ആശ്രയിക്കാതെ തന്നെ സ്വര്‍ണവിപണിയിലേക്ക് ആഭ്യന്തരമായി സ്വര്‍ണം കണ്ടെത്താമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറയുന്നു. 4-8 ശതമാനത്തിലേക്ക് പലിശനിരക്ക് കൂട്ടിയാല്‍ പദ്ധതിക്ക് സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണ നിക്ഷേപത്തിന്മേല്‍ ഗോള്‍ഡ് മെറ്റല്‍ ലോണ്‍ സ്‌കീം പോലെ വായ്പാസൗകര്യം അനുവദിക്കുന്നതും സ്വീകാര്യത കൂട്ടാന്‍ സഹായിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

എന്താണ് സ്വര്‍ണം പണമാക്കല്‍ പദ്ധതി?

ഉപയോക്താവിന്റെ കൈവശമുള്ള സ്വര്‍ണം ബാങ്കുകളില്‍ പദ്ധതിവഴി നിക്ഷേപിക്കാം. കുറഞ്ഞത് 10 ഗ്രാമാണ് നിക്ഷേപിക്കാനാവുക. ഇതിന്റെ മൂല്യം കണക്കാക്കി ബാങ്ക് നല്‍കുന്ന പണം പ്രത്യേക നിക്ഷേപമാക്കി മാറ്റി പലിശവരുമാനം നേടാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമായി പിന്‍വലിക്കുകയും ചെയ്യാം.

സ്വര്‍ണം തിരികെ കിട്ടില്ല. നിക്ഷേപമായി ലഭിക്കുന്ന സ്വര്‍ണം ബാങ്ക് ഉരുക്കി സ്വര്‍ണക്കട്ടികളാക്കി സ്വര്‍ണ നിര്‍മ്മാണമേഖലയ്ക്ക് നല്‍കുകയാണ് ചെയ്യുക. വ്യക്തികള്‍ക്ക് മാത്രമല്ല, കമ്പനികള്‍, ട്രസ്റ്റുകള്‍, സര്‍ക്കാരുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com