ജെന്‍ സിയുടെ വാങ്ങല്‍ കരുത്ത് ശ്രദ്ധേയം, ചെലവിടുന്നത് ₹21.74 ലക്ഷം കോടി! റീട്ടെയില്‍ മേഖലയില്‍ രാജ്യം ഇരട്ടി വളര്‍ച്ചയിലേക്ക്, പുതിയ ട്രെന്‍ഡുകള്‍ ഇങ്ങനെ

40 ശതമാനം പേരും സാധനങ്ങള്‍ വാങ്ങുന്നത് യൂട്യൂബ് റിവ്യൂ നോക്കി, മെയ്ഡ് ഇന്ത്യ ബ്രാന്‍ഡുകള്‍ക്കും ഹെല്‍ത്തി ഓപ്ഷനുകള്‍ക്കും ആള് കൂടിയെന്നും ഡിലോയ്റ്റ്-ഫിക്കി റിപ്പോര്‍ട്ട്
Young adults in a trendy sneaker store – woman in denim jacket with headphones and man in orange hoodie with braids and glasses, smiling amid shoes
canva
Published on

രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയുടെ (Retail Sector) മൂല്യം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് പഠനം. നിലവില്‍ 1.06 കോടി ഡോളര്‍ (ഏകദേശം 92.18 ലക്ഷം കോടി രൂപ) മൂല്യമുള്ള മേഖല 2030ലെത്തുമ്പോള്‍ 1.93 ലക്ഷം കോടി (ഏകദേശം 167.84 ലക്ഷം കോടി രൂപ) ഡോളറാകുമെന്ന് ഡിലോയ്റ്റ്-ഫിക്കി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 75 ബില്യന്‍ ഡോളറിന്റെ (ഏകദേശം 6.5 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന മേഖല 2030ല്‍ 260 ബില്യന്‍ ഡോളറായി (22.6 ലക്ഷം കോടി രൂപ) വര്‍ധിക്കും. ചില്ലറ വില്‍പ്പന മേഖലയിലെ ഓണ്‍ലൈന്‍ വില്‍പ്പന നിലവിലുള്ള ഏഴ് ശതമാനത്തില്‍ നിന്ന് 14 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 10 ശതമാനവും ആകെ തൊഴിലാളികളുടെ 8 ശതമാനവും സംഭാവന ചെയ്യുന്ന മേഖലയാണ് റീട്ടെയില്‍.

നിര്‍ണായകം ജെന്‍ സി

ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ജെന്‍ സി (1997-2012 കാലഘട്ടത്തില്‍ ജനിച്ചവര്‍) വിഭാഗത്തില്‍ പെട്ടവര്‍ പണം ചെലവഴിക്കുന്നത് വര്‍ധിക്കുമെന്നും പഠനം പറയുന്നു. 2025ല്‍ ജെന്‍ സി വിഭാഗത്തിലുള്ളവരുടെ പണവിനിയോഗ ശേഷി (Spending Power) 250 ബില്യന്‍ ഡോളര്‍ കടക്കും. ഫാഷനുമായി ബന്ധപ്പെട്ടുള്ള ചെലവിടലില്‍ പകുതിയും ഇത്തരക്കാരായിരിക്കും. പേഴ്‌സണല്‍ കെയര്‍, പാദരക്ഷകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇവര്‍ ചെലവഴിക്കുന്ന തുക വര്‍ധിക്കും. പണം ചെലവഴിക്കാനുള്ള ഇവരുടെ ശേഷി രാജ്യത്തിന്റെ ആകെ ചെലവിടലിന്റെ 43 ശതമാനമാകുമെന്നും പഠനം പറയുന്നു. ചെറിയ കമ്പനികളും പുതുതലമുറ ബ്രാന്‍ഡുകളും ഇത്തരക്കാരുടെ ട്രെന്‍ഡുകള്‍ മനസിലാക്കുന്നതില്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് എന്നിവയുടെ സഹായത്താല്‍ പരിഹരിക്കാന്‍ ഇത്തരം ബ്രാന്‍ഡുകള്‍ക്ക് കഴിയുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ക്വിക്ക് കൊമേഴ്‌സിന്റെ വലിയ വിപണി

10-30 മിനിറ്റുകള്‍ക്കുള്ളില്‍ ഉപയോക്താവിന് സാധനങ്ങളെത്തിച്ച് നല്‍കുന്ന ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലും വലിയ വളര്‍ച്ചയുണ്ടാകുമെന്നും പഠനം പറയുന്നു. നിലവില്‍ രാജ്യത്തെ 80 നഗരങ്ങളിലാണ് ഇത്തരം സംവിധാനമുള്ളത്. 70-80 ശതമാനം വരെ വാര്‍ഷിക നിരക്കില്‍ അതിവേഗമാണ് മറ്റിടങ്ങളിലേക്കും ഈ സേവനമെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്വിക്ക് കൊമേഴ്‌സ് വിപണിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് പോലും തൊഴില്‍ ലഭിക്കാനും എഫ്.എം.സി.ജി, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് എത്താനും ഇതിലൂടെ കഴിഞ്ഞതായും ഇതിലൂടെ സാധിച്ചു.

പുതിയ ട്രെന്‍ഡ് ഇങ്ങനെ

ആളുകളുടെ 73 ശതമാനം വാങ്ങല്‍ തീരുമാനങ്ങളെയും (Purchase Decisions) തീരുമാനിക്കുന്നത് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് ആണെന്നും പഠനം പറയുന്നു. 40 ശതമാനം പേര്‍ യൂട്യൂബ് റിവ്യൂ നോക്കിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. 51 ശതമാനമാളുകള്‍ സുഹൃദ് വലയത്തിലുള്ളവരുടെ നിര്‍ദ്ദേശവും പരിഗണിക്കും. രാജ്യത്തെ ഡി2സി (ഡയറക്ട് ടു കസ്റ്റമര്‍) വിപണി 2024ല്‍ 80 ബില്യന്‍ ഡോളര്‍ കടന്നിരുന്നു. ഇക്കൊല്ലം 100 ബില്യന്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷ.

മെയ്ഡ് ഇന്‍ ഇന്ത്യ

തദ്ദേശീയമായ ബ്രാന്‍ഡുകളെ തിരഞ്ഞെടുക്കുന്നവരും ഇക്കാലത്ത് വര്‍ധിച്ചു. ഭക്ഷണ, പാനീയ വാങ്ങലില്‍ 68 ശതമാനം പേരും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വിദേശ ഉത്പന്നങ്ങളേക്കാള്‍ പ്രാദേശിക രുചികള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടി. രാജ്യത്തെ ഇ-കൊമേഴ്‌സ് ഇടപാടുകളുടെ 60 ശതമാനവും ടിയര്‍2,3 നഗരങ്ങളില്‍ നിന്നാണെന്നും പഠനം അടിവരയിടുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖല മെട്രോ നഗരങ്ങളും കടന്ന് കുതിച്ചു.

എല്ലാം സുസ്ഥിരമാകണം

ജെന്‍സി, മില്ലേനിയല്‍ തലമുറയിലെ 60 ശതമാനം ആളുകള്‍ക്കും സുസ്ഥിര നടപടികള്‍ (Sustainable practices) സ്വീകരിക്കുന്ന ബ്രാന്‍ഡുകളെയാണ് ആവശ്യം. പ്രകൃതി സൗഹൃദ പാക്കേജിംഗ്, ക്ലീന്‍ ലേബല്‍ ഉത്പന്നങ്ങള്‍ക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതായും പഠനം പറയുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന് കൂടുതല്‍ പണം മുടക്കാന്‍ 78 ശതമാനം പേരും തയ്യാറാണ്. പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഉപഭോഗം കുറഞ്ഞുവരുന്നു. ആരോഗ്യകരവും പ്രകൃതിദത്തവുമായ ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകളോട് മുഖം തിരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. പകരം 'ക്ലീന്‍' ലേബലുള്ള ഭക്ഷണങ്ങളോടാണ് കൂടുതലാളുകള്‍ക്കും പ്രിയം.

India’s retail market, currently valued at US$1.06 trillion, is projected to reach $1.93 trillion by 2030, according to Deloitte–FICCI. Gen Z will drive 43% of total consumption in 2025, with direct spending power of US$250 billion, reshaping India’s consumer landscape.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com