'കേരളത്തില്‍ 15 ലിനന്‍ വോഗ് സ്‌റ്റോറുകള്‍ തുറക്കും'

'കേരളത്തില്‍ 15 ലിനന്‍ വോഗ് സ്‌റ്റോറുകള്‍ തുറക്കും'
Published on

പ്രീമിയം ലിനന്‍ ഫാബ്രിക് ബ്രാന്‍ഡായ ലിനന്‍ വോഗ് ല ക്ലാസ് കേരളത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 സ്റ്റോറുകള്‍ തുറക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രബീന്ദ്ര മോഹന്‍.

നിലവില്‍ രാജ്യമെമ്പാടുമായി 26 സ്റ്റോറുകളാണ് ലിനന്‍ വോഗ് ല ക്ലാസിനുള്ളത്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ സ്‌റ്റോറുകളുടെ എണ്ണം 100 ആക്കുമെന്ന് ധനം ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രബീന്ദ്ര മോഹന്‍ പറഞ്ഞു.

ഫാബ്രിക്, ഗാര്‍മെന്റ്‌സ് നിര്‍മാണ മേഖലയിലെ രാജ്യത്തെ പ്രമുഖരായ ബോംബെ റയോണ്‍ ഫാഷന്‍സ് ലിമിറ്റഡിന്റെ ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡാണ് ലിനന്‍ വോഗ് ല ക്ലാസ്. ''ലിനന്‍ ഗാര്‍മെന്റ്‌സിന് പല കാരണങ്ങള്‍ കൊണ്ട് സ്വീകാര്യത ഏറി വരികയാണ്. നിലവില്‍ ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ കേരള - കര്‍ണാടക ഡിസ്ട്രിബ്യൂട്ടറാണ് രാജ്യത്ത് തന്നെ നമ്പര്‍ വണ്‍.

ലിനന്‍ ഗാര്‍മെന്റ് വിപണി പ്രതിവര്‍ഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ലിനന്‍ ഗാര്‍മെന്റ് റീറ്റെയ്ല്‍ രംഗത്ത് സാധ്യതകള്‍ ഏറെയാണ്,'' രബീന്ദ്ര മോഹന്‍ പറയുന്നു.

ലിനന്‍ ഗാര്‍മെന്റ് നിര്‍മാണ മേഖലയില്‍ രാജ്യത്തെ മുന്‍നിരക്കാരായ ബോംബെ റയോണ്‍ നിരന്തര ഇന്നൊവേഷനിലൂടെയാണ് ഈ രംഗത്ത് ട്രെന്‍ഡ് സെറ്ററായി മാറിയതെന്ന് രബീന്ദ്ര മോഹന്‍ പറഞ്ഞു. ''ലിനന്‍ ഗാര്‍മെന്റ്‌സില്‍ ഏറ്റവും പുതിയ പ്രിന്റുകളാണ് ഞങ്ങളുടെ ഒരു സവിശേഷത. വന്‍ തോതില്‍ ഗാര്‍മെന്റ്‌സ് ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ അങ്ങേയറ്റം മത്സരാധിഷ്ഠിതമായ വിലയാണ് ലിനന്‍ വോഗിന്റേത്,'' അദ്ദേഹം പറഞ്ഞു.

റീറ്റെയ്ല്‍ സ്റ്റോര്‍ രൂപകല്‍പ്പനയില്‍ രാജ്യാന്തരതലത്തില്‍ പ്രമുഖരായ ഫിച്ചാണ് ലിനന്‍ വോഗ് സ്‌റ്റോറിന്റെയും രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

ഓരോ സ്‌റ്റോറിലും ഡിസൈന്‍ സ്റ്റുഡിയോയും ഉണ്ട്. ''ലിനന്‍ ക്ലോത്തിന്റെ സവിശേഷത മനസിലാക്കി, ഓരോ വ്യക്തിയുടെ ശരീര പ്രകൃതിയും അഭിരുചിയും കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ടെയ്‌ലറിംഗ് സര്‍വീസ് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ തന്നെ പരിശീലനം നല്‍കിയ ടെയ്‌ലര്‍മാരെയാണ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിയമിക്കുക,'' രബീന്ദ്ര മോഹന്‍ അറിയിച്ചു.

കൊച്ചി അഞ്ചുമനയിലാണ് ലിനന്‍ വോഗിന്റെ പുതിയ സ്റ്റോര്‍ തുറന്നിരിക്കുന്നത്. കുരുവിത്തടം ഗ്രൂപ്പാണ് കൊച്ചിയിലെ ഫ്രാഞ്ചൈസി ഉടമ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com