ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിനും വേണം, ഹൈപ്പര്‍ മാര്‍ക്കറ്റ് മാത്രമല്ല അജണ്ടയില്‍; ഭക്ഷ്യ-കാര്‍ഷിക സംസ്‌കരണ വ്യവസായത്തില്‍ ലുലുവിനെ പങ്കാളിയാക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ തൊഴിലവസരങ്ങളും കയറ്റുമതിയും വർദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
kottayam lulu mal yousaf ali
image credit : lulu group
Published on

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. സംസ്ഥാനത്തെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് മോഹൻ യാദവ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ സലിം എം.എ യുമായി ചര്‍ച്ച നടത്തി. 'ഗ്ലോബൽ ഡയലോഗ് 2025 ' പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശിലേക്ക് ആഗോള നിക്ഷേപം കൊണ്ടുവരിക, സാങ്കേതികവിദ്യ പങ്കിടൽ പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോഹൻ യാദവ് നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് ലുലു ഗ്രൂപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

മധ്യപ്രദേശിൽ ആധുനിക ഭക്ഷ്യ-കാർഷിക സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ ഗ്രൂപ്പിനെ മോഹൻ യാദവ് ക്ഷണിച്ചു. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയെ ആഗോള വിതരണ ശൃംഖലകളുമായി ബന്ധിപ്പിക്കാനുളള പദ്ധതികളാണ് സംസ്ഥാനത്തിനുളളത്. ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ആധുനിക റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാനും ലുലു ഗ്രൂപ്പിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ലോജിസ്റ്റിക്‌സ്, കോൾഡ് ചെയിൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ മധ്യപ്രദേശ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MPIDC), മധ്യപ്രദേശ് അഗ്രോ എന്നിവയുമായുള്ള സഹകരണവും സംസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തൊഴിലവസരങ്ങളും കയറ്റുമതിയും വർദ്ധിപ്പിക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. മധ്യപ്രദേശിലെ കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലകളെ അന്താരാഷ്ട്ര വിപണികളുമായി സംയോജിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് സംസ്ഥാനം നല്‍കുന്നത്.

ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ചും ഇൻഡോറിൽ മാൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പദ്ധതിക്ക് മുന്നോട്ടു പോകാനായില്ല. പുതിയ സർക്കാരിന്റെ നയങ്ങളില്‍ ലുലു ഗ്രൂപ്പിന് വലിയ പ്രതീക്ഷകളാണ് ഉളളത്. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ സഹകരണത്തിലും നിക്ഷേപത്തിലും ലുലു ഗ്രൂപ്പ് അധികൃതര്‍ വലിയ താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ മോഹൻ യാദവ് സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ലുലു ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Lulu Group has been invited by Madhya Pradesh to set up modern retail outlets and food-agriculture processing centers, with hopes for new investments and job creation.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com