തൃശൂര്‍, തിരൂര്‍, കോട്ടയം... ലുലു മാൾ വരുന്നു കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്ക്

പാലക്കാട് ലുലുമാള്‍ കഴിഞ്ഞമാസം പ്രവര്‍ത്തനം ആരംഭിച്ചു; തൃശൂരില്‍ മാള്‍ ഉയരുന്നത് നഗരമധ്യത്തില്‍
Lulu Mall
Image : Lulu Group Website and Canva
Published on

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തില്‍ വലിയ വിപുലീകരണത്തിന്റെ പാതയിലാണ്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍ (തൃശൂര്‍) എന്നിവിടങ്ങള്‍ക്ക് പുറമേ കേരളത്തിലെ ലുലുവിന്റെ നാലാംമാള്‍ പാലക്കാട് കഴിഞ്ഞമാസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മാങ്കാവ് (കോഴിക്കോട്), തിരൂര്‍, കോഴിക്കോട്, കോട്ടയം, പെരിന്തല്‍മണ്ണ, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ലുലു ഷോപ്പിംഗ് മാളുകള്‍ ഏറെ വൈകാതെ പ്രതീക്ഷിക്കാം.

അതിവേഗം മുന്നോട്ട്

നടപ്പുവര്‍ഷം (2023-24) തന്നെ കോഴിക്കോട് മാങ്കാവ് ലുലുമാള്‍ തുറക്കുമെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് 'ധനംഓൺലൈനിനോട്' പറഞ്ഞു. തുടര്‍ന്ന്, അടുത്തവര്‍ഷം (2024-25) ആദ്യപാദത്തില്‍ കോട്ടയം മാള്‍ തുറക്കും. കോട്ടയത്തിന് ശേഷം തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ലുലു സാന്നിധ്യമറിയിക്കും.

തൃശൂരില്‍ നഗരമധ്യത്തിലാകും ലുലു ഷോപ്പിംഗ് മാള്‍ ഉയരുക. കോഴിക്കോട് 10 ലക്ഷം സ്‌ക്വയര്‍ഫീറ്റിന്റെ പദ്ധതിയും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗ്രഹം തിരിച്ചറിഞ്ഞ് വിപുലീകരണം

ലോകോത്തര ഹൈപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗ് അനുഭവം ആഗ്രഹിക്കുന്നവരാണ് മലയാളികളെന്ന് ഷിബു ഫിലിപ്‌സ് പറഞ്ഞു. പ്രത്യേകിച്ച് ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവര്‍. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വിദേശങ്ങളില്‍ പഠിക്കാനും ജോലിക്കുമായി പോകുന്നത് ചെറു നഗരങ്ങളില്‍ നിന്നാണ്.

ലോകോത്തര ഷോപ്പിംഗ് പരിചയം അവര്‍ക്കുണ്ട്. അവരത് സ്വന്തം നാട്ടിലും ആഗ്രഹിക്കുന്നു. മികച്ച ഷോപ്പിംഗ് സൗകര്യമുണ്ടെങ്കില്‍ പണം ചെലവഴിക്കാന്‍ ഉപഭോക്താവ് തയ്യാറാണ്. 'ഉപഭോക്താവാണ് രാജാവ്' എന്ന ബോധം നിക്ഷേപകനുണ്ടാവണം.

നിലവില്‍ ഓണ്‍ലൈന്‍, സോഷ്യല്‍മീഡിയ, മാളുകള്‍ എന്നിങ്ങനെ നിരവധി ഷോപ്പിംഗ് ഓപ്ഷനുകള്‍ ഉപഭോക്താവിന് മുന്നിലുണ്ട്. ഉപഭോക്താവ് എന്താഗ്രഹിക്കുന്നോ അത് തിരിച്ചറിഞ്ഞ് വേണം നിക്ഷേപങ്ങള്‍ നടത്താനും ബിസിനസ് വിപുലീകരിക്കാനും. ഈ ഡേറ്റ-അധിഷ്ഠിത വിലയിരുത്തല്‍ അടിസ്ഥാനമാക്കിയാണ് ലുലു ഗ്രൂപ്പ് ഓരോ ചുവടുംവയ്ക്കുന്നതെന്നും അതാണ് ലുലുവിന്റെ വിജയരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com