ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85% ലാഭ വിഹിതം; നല്‍കുന്നത് 720 കോടി രൂപ
അബൂദബി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ മലയാളി കമ്പനിയായ ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. അബൂദബിയില്‍ നടന്ന ലുലു റീട്ടെയ്‌ലിന്റെ ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ലുലുവിന്റെ വമ്പന്‍ പ്രഖ്യാപനം. 7,208 മില്യണ്‍ (720 കോടി രൂപ) ഡിവിഡന്റായി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. കമ്പനി മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75 ശതമാനം ലാഭവിഹിതമെന്ന മുന്‍ധാരണയേക്കാള്‍ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക.
നിക്ഷേപകരുടെ സന്തോഷമാണ് വലുത്
നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ദീര്‍ഘകാലത്തേക്ക് മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയില്‍ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 4.7 % വളര്‍ച്ച
2024 സാമ്പത്തിക വര്‍ഷത്തില്‍ ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7.62 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ 12.6 ശതമാനം അധിക വളര്‍ച്ച. അറ്റാദായം 216.2 മില്യണ്‍ ഡോളറിലെത്തി. ജി.സി.സിയില്‍ യു.എ.ഇ, സൗദി അറേബ്യ മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച വളര്‍ച്ചയാണ് നേടിയത്. നിലവിലെ റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ലുലു തുറക്കും. ഓണ്‍ലൈന്‍ രംഗത്തും മികച്ച വളര്‍ച്ചയാണ് കമ്പനിക്കുള്ളത്.
ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിപുലമാക്കിയും ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ അടക്കം സജീവമാക്കിയും ഉപയോക്താകള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ല്‍. സുസ്ഥിരമായ വളര്‍ച്ചയിലൂടെ റീട്ടെയ്ല്‍ മേഖലയില്‍ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ല്‍ സി.ഇ.ഒ സെയ്ഫി രൂപാവാല പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine

