

ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മില്‍മ. 'മിൽമ' ഉൽപ്പാദകരായ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (കെ.സി.എം.എം.എഫ്) ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പിട്ടു.
നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് പൗഡര്‍ (ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് എന്നിവ ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉടന്‍ ലഭ്യമാകും.
വ്യവസായമന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവരുടെ സാന്നിധ്യത്തില്‍ കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം.എയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഡല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിലാണ് പുതിയ ധാരണാ പത്രം ലുലു ഗ്രൂപ്പ് ഒപ്പുവച്ചത്.
ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്
മില്‍മയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ പാലും തൈരും മാത്രമായാല്‍ വാണിജ്യപരമായി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മില്‍മ മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചതെന്ന് കെ.എസ്. മണി പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് മില്‍മ എം.ഡി ആസിഫ് കെ യൂസഫ് പറഞ്ഞു.
മില്‍മയുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അഭിപ്രായപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്ന കേരളത്തിലെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് മില്‍മ തയ്യാറാക്കുന്നതെന്ന് ലുലുവിന്റെ ഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ പറ്റുന്ന ഉല്‍പ്പന്നങ്ങളാണ് ലഭ്യമാകുന്നത്. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ എത്തിക്കാനാകും എന്നത് സംബന്ധിച്ച് മില്‍മയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine