പിടിച്ചുനില്‍ക്കാന്‍ മാറ്റങ്ങള്‍ക്കൊപ്പം മാറൂ
സംസ്ഥാനത്തിന്റെ സമ്പദ് രംഗത്തിന്റെ നട്ടെല്ലാണ് റീറ്റെയ്ല്‍ മേഖല. എന്നാല്‍ അടുത്ത കാലത്തായി അവിടെ നിന്ന് അധികം നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നുമില്ല. വലിപ്പ ചെറുപ്പമില്ലാതെ റീറ്റെയ്ല്‍ രംഗത്തുള്ളവരെല്ലാം പറയുന്നത് പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും കഥകളാണ്. എന്നാല്‍ കേരളത്തില്‍ അനുദിനം പുതിയ സ്റ്റോറുകള്‍ വരുന്നു, പുതിയ ബിസിനസ് മോഡലിലൂടെ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു, ഇ കോമേഴ്‌സ് സാധ്യതകള്‍ വിനിയോഗിച്ച് ബ്രാന്‍ഡുകള്‍ ആഗോളതലത്തിലേക്ക് വളരുന്നു… അങ്ങനെ അങ്ങേയറ്റം ചലനാത്മകവുമാണ് റീറ്റെയ്ല്‍ മേഖല.
വിപ്ലവകരമായ ആശയങ്ങളിലൂടെ സ്മാര്‍ട്ടായ സംരംഭകര്‍ മുന്നേറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവര്‍ക്ക് പോലും പ്രതിസന്ധികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. സാമ്പത്തിക പ്രതിസന്ധി, അപ്രതീക്ഷിതമായ നയങ്ങള്‍, നികുതി പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം പ്രതികൂലമായി ഭവിച്ചുവെന്ന് ഇനി പരിതപിച്ചിട്ട് കാര്യമില്ല. ഇത്തരം പ്രതിസന്ധികളും വെല്ലുവിളികളുമാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. പുതിയ സാങ്കേതിക വിദ്യകള്‍ അതുവരെയുണ്ടായ പല ബിസിനസുകെള പോലും കടപുഴക്കി എറിയുമ്പോള്‍ റീറ്റെയ്ല്‍ രംഗത്തിന് മാത്രം മാറി നില്‍ക്കാന്‍ ആകില്ല.
പക്ഷേ, കേരളത്തിലെ റീറ്റെയ്ല്‍ രംഗത്തെ ചുരുക്കം ചിലരൊഴികെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. പരമ്പരാഗത കച്ചവട രീതികളില്‍ നിന്നും ഇനിയും മാറാന്‍ തയ്യാറായില്ലെങ്കില്‍ അടച്ചുപൂട്ടലിനെ പ്രതീക്ഷിക്കേണ്ടി വരും.
കേരളത്തിലെ റീറ്റെയ്ല്‍ രംഗത്തേക്ക് കണ്ണോടിച്ചാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയാം. സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വിപണി ഭരിക്കുന്ന കൊച്ചി പോലുള്ള മെട്രോ നഗരത്തില്‍ ഫോണിലൂടെ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും ഓര്‍ഡറെടുത്ത് വളരെ നല്ല കച്ചവടം നടത്തുന്ന ചെറിയ കടകളുണ്ട്. എത്ര വലിയ വമ്പന്റെ മുന്നിലും ഇവരെ പോലുള്ളവര്‍ പതറാതെ പിടിച്ചു നില്‍ക്കുന്നുണ്ട്.
കാലത്തിനൊത്ത് മാറുകയും സ്വന്തം ഉപഭോക്താവിന്റെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും സൗകര്യങ്ങളും അറിഞ്ഞ് കച്ചവടം നടത്തുകയും ചെയ്യുന്നവര്‍ക്ക് വിപണിയില്‍ സ്ഥാനമുണ്ട്.
അസംഘടിത മേഖലയില്‍ നിന്ന് സംഘടിത രൂപത്തിലേക്ക്
പരമ്പരാഗത കച്ചവടക്കാരാണ് കേരളത്തിലെ റീറ്റെയ്ല്‍ രംഗത്തെ ബഹുഭൂരിപക്ഷവും. എന്നാല്‍ അസംഘടിത രൂപത്തില്‍ നിന്ന് സംഘടിത രൂപത്തിലേക്ക് റീറ്റെയ്ല്‍ മേഖല അതിവേഗം മാറുകയാണ്. റോഡരികിലെ ചെറിയ കട മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ വരെ കേരളത്തിലുണ്ട്. അതായത് റീറ്റെയ്ല്‍ രംഗത്തെ വ്യത്യസ്തതരം ഷോപ്പിംഗ് സംവിധാനങ്ങളുടെ ആവിര്‍ഭാവവും അതിനെ കുറിച്ചുള്ള അവബോധവും കേരളത്തിന്റെ റീറ്റെയ്ല്‍ മേഖലയുടെ സംഘടിത രൂപത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നുണ്ട്. സാധാരണ റീറ്റെയ്ല്‍ കടകളില്‍ കച്ചവടം കുറയുകയും
മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും വ്യാപാരം വര്‍ധിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ മുന്‍ ഫാക്കല്‍റ്റി മെമ്പര്‍ ജോസ് സെബാസ്റ്റിയന്‍ പറയുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിലെല്ലാം പടര്‍ന്നു കിടക്കുന്ന മലയാളികളുടെ ഉയര്‍ന്ന ബ്രാന്‍ഡ് അവബോധം, യുവതലമുറയുടെ പുത്തന്‍ ഉപഭോഗശീലങ്ങള്‍, ഉയര്‍ന്ന തോതിലുള്ള നഗരവല്‍ക്കരണം, ഇന്റര്‍നെറ്റിന്റെ വ്യാപനം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ കേരളത്തിലെ റീറ്റെയ്ല്‍ മേഖലയിലെ മാറ്റത്തിനെ സ്വാധീനിക്കുന്നുണ്ട്.
കാലങ്ങളായി ചെയ്യുന്ന ബിസിനസ് തന്റേതായ രീതിയില്‍ മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഈ രംഗത്തെ പുതിയ പ്രവണതകളും ഭാവിയെ സ്വാധീനിക്കാനിടയുള്ള ഘടകങ്ങളും അറിഞ്ഞു വേണം മുന്നോട്ടു പോകാന്‍. ഏതു തരം ഉപഭോക്താവിനെയാണ് ലക്ഷ്യമിടുന്നത്? അവര്‍ എന്തിനാണ് അധികം പണം ചെലവിടുന്നത്? എന്താണ് അവരുടെ ചെലവിടല്‍ രീതിയെ സ്വാധീനിക്കുന്നത്? തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തി വേണം മാറിയ റീറ്റെയ്ല്‍ മേഖലയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍.
''റീറ്റെയ്ല്‍ ഷോറൂമുകള്‍ എക്‌സ്പീരിയന്‍സ് സെന്ററുകളാകണം. ഏത് രംഗത്തുള്ള റീറ്റെയ്ല്‍ സ്റ്റോറായാലും അവിടെ എത്തുന്ന കസ്റ്റമര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്ന ഒരു വണ്‍ പോയ്ന്റ് സൊലൂഷന്‍ സെന്ററായി റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ മാറിയാല്‍ പുതിയ കാലത്ത് പിടിച്ചു നില്‍ക്കാം,'' എബിസി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുഹമ്മദ് മദനി പറയുന്നു.
എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും ഇ - കോമേഴ്‌സുമെല്ലാം കേരളത്തിലും വേരൂന്നുകയാണ്. റീറ്റെയ്ല്‍ മേഖലയിലെ രാജ്യാന്തര, ദേശീയതലത്തിലെ മാറ്റങ്ങളെന്തൊക്കെയെന്ന് അറിഞ്ഞാല്‍ കേരളത്തിലെ സംരംഭകര്‍ക്കും കാലോചിതമായി മാറാം.
റീറ്റെയ്ല്‍ രംഗത്തെ സ്വാധീനിക്കുന്ന പ്രവണതകള്‍
ദേശീയതലത്തില്‍ റീറ്റെയ്ല്‍ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ
മില്ലേനിയല്‍സിന്റെ സ്വാധീനം
1980കളുടെ അവസാനത്തിലും 1990കളുടെ ആദ്യത്തിലും ജനിച്ചവരുടെ വിളിപ്പേരാണ് മില്ലേനിയല്‍സ്. ഇവരുടെ വാങ്ങല്‍ രീതിയും താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുകളുമെല്ലാം അങ്ങേയറ്റം വ്യത്യസ്തമാണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം മില്ലേനിയല്‍സാണ്. രാജ്യത്തിന്റെ മൊത്തം തൊഴില്‍ സേനയുടെ ഭൂരിഭാഗവും ഇനി അവരാകും. ഇന്ത്യന്‍ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിന്റെയും റീറ്റെയ്ല്‍ രംഗത്തിന്റെയും വളര്‍ച്ചയ്ക്ക് ഇത് കരുത്താകും.
മില്ലേനിയല്‍സിന്റെ ആവശ്യങ്ങളെന്താണ്? അവരുടെ താല്‍പ്പര്യങ്ങളെന്താണ് എന്നറിഞ്ഞാല്‍ മാത്രമേ റീറ്റെയ്ല്‍ രംഗത്ത് വരും നാളുകളില്‍ മുന്നേറാന്‍ സാധിക്കൂ. അതായത് കേരളത്തിലെ പുതുതലമുറ ഉപഭോക്താക്കള്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കുന്നതെന്നറിഞ്ഞാല്‍ മാത്രമേ അവരിലേക്ക് കടന്നെത്തി ബിസിനസ് വളര്‍ത്താന്‍ സാധിക്കൂ.
മില്ലേനിയല്‍സിന്റെ ഉപഭോക്തൃതാല്‍പ്പര്യങ്ങളെ കുറിച്ച് നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
- ഇവര്‍ ഹെല്‍ത്ത് കെയര്‍, വെല്‍നസ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇന്ത്യന്‍ മില്ലേനിയല്‍സിന്റെ 36 ശതമാനവും അവരുടെ സ്മാര്‍ട്ട് ഫോണില്‍ ഫിറ്റ്‌നെസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ തന്നെ യുവാക്കളുടെ സ്മാര്‍ട്ട് ഫോണ്‍ പരിശോധിച്ചാല്‍ ഈ കണക്കുകളുടെ ഉള്ളുകള്ളി നമുക്ക് മനസിലാകും. ഏതാണ്ട് 45 ശതമാനം മില്ലേനിയലുകളും ആരോഗ്യകരമായ ജീവിതം അനിവാര്യമാണെന്ന് ചിന്തിക്കുന്നവരാണ്.
പേഴ്‌സണല്‍ കെയര്‍ മേഖലയിലേക്ക് കടന്നാല്‍ പ്രകൃതിദത്ത / ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളോടാണ് ഇവര്‍ക്ക് ഏറെ ആഭിമുഖ്യം. നമ്മുടെ നാട്ടിലെ തന്നെ രാസമുക്തമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന റീറ്റെയ്ല്‍ ഷോപ്പുകളോടുള്ള അഭിമുഖ്യം തന്നെ നോക്കൂ. ഇതിന്റെ പ്രതിഫലനം കൂടിയാണിത്. സൗന്ദര്യ സംരക്ഷണ, വര്‍ധക ഉല്‍പ്പന്ന രംഗത്തും രാസമുക്ത, ആയുര്‍വേദ ഉല്‍പ്പന്നങ്ങളോട് ഈ തലമുറ പുലര്‍ത്തുന്ന ആഭിമുഖ്യം കണ്ടറിഞ്ഞാണ് പല പ്രമുഖ ബ്രാന്‍ഡുകളും ആ രംഗത്തേക്ക് കടന്നുവരുന്നത്.
അതുപോലെ തന്നെ മില്ലേനിയല്‍സിന്റെ 'ഈറ്റിംഗ് ഔട്ട്' രീതികളിലും മാറ്റങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പതുക്കെ എങ്കിലും ഇവര്‍ മാറ്റുന്നു. മില്ലേനിയലുകളുടെ ഭാഷ തന്നെ കടമെടുത്താല്‍, അടിപൊ ളി അന്തരീക്ഷത്തില്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ചാസ്വദിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
കേരളത്തിലെ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് രംഗത്തേക്കും ഹെല്‍ത്ത് കെയര്‍, വെല്‍നസ് രംഗത്തേക്കുമെല്ലാം കടക്കുന്നവര്‍ ഈ താല്‍പ്പര്യങ്ങളും കണക്കുകളും പരിഗണിക്കുക തന്നെ വേണം.
- ഇവര്‍ സുഖസൗകര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ്. തിരക്കിട്ട ജീവിത ശൈലിയാണ് ഇവരുടേത്. ജോലിയും ജീവിതവും സന്തുലിതമാക്കി കൊണ്ടുപോകാന്‍ ഏറെ പരിശ്രമിക്കുന്നവരുമാണ്. അതിവേഗം, മികച്ചത് തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന ഈ തലമുറയാണ് രാജ്യത്തെ ഇ - കോമേഴ്‌സ് മേഖലയ്ക്ക് കരുത്തേകുന്നത്. ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമുകള്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അതിവേഗം വേരൂന്നിയതിന്റെ കാരണവും ഇതാണ്. രാജ്യത്തെ 'റെഡി റ്റു ഈറ്റ്' പ്രോഡക്റ്റ് കാറ്റഗറി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം 28 ശതമാനം എന്ന നിരക്കിലാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്.
- മൂല്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് മില്ലേനിയല്‍സിനെ മാറ്റി നിര്‍ത്തുന്ന മറ്റൊരു ഘടകം. ഇത് മനസിലാക്കി വേണം റീറ്റെയ്ല്‍ രംഗത്ത ഇനിയുള്ള നാളുകളില്‍ ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കാന്‍. കേരളത്തിന്റെ ചേക്കുട്ടി കഥയെ ഇതുമായി ചേര്‍ത്ത് വായിക്കാം. കേരളത്തിലെ മഹാപ്രളയത്തില്‍ മുങ്ങി നശിച്ച ചേന്ദമംഗത്തെ കൈത്തറി രംഗത്തെ ചെളിപറ്റിയ കൈത്തറി തുണി വൃത്തിയാക്കി അതില്‍ നിന്ന് സൃഷ്ടിച്ചവയാണ് ചേക്കുട്ടി പാവകള്‍.
ഒരു ബ്രാന്‍ഡ് അതിന്റെ അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് സോഴ്‌സ് ചെയ്യുന്നു, അതിന്റെ നിര്‍മാണത്തിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടോ? എങ്ങനെയാണ് ആ ബ്രാന്‍ഡിന്റെ പ്രവര്‍ത്തന രീതി എന്നിവയെല്ലാം ഈ പുതുതലമുറ ഉപഭോക്താവ് അറിയാന്‍ ശ്രമിക്കുന്നുണ്ട്. അവരെ അത്ഭുതപ്പെടുത്തുന്ന, ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ അതിലുണ്ടെങ്കില്‍ ആ ബ്രാന്‍ഡുമായി അഭേദ്യമായൊരു ബന്ധം ഇവര്‍ സ്ഥാപിക്കും. ഇവര്‍ തന്നെ ആ ബ്രാന്‍ഡിന്റെ അംബാസഡര്‍മാരുമാകും.
അതായത് മൂല്യാധിഷ്ഠിതമായ ബ്രാന്‍ഡ് കെട്ടിപ്പടുക്കലും ബ്രാന്‍ഡ് കഥയും റീറ്റെയ്ല്‍ മേഖലയില്‍ അനിവാര്യമാണ്.
- പേഴ്‌സണലൈസേഷന് നല്‍കുന്ന പ്രാധാന്യം. ആള്‍ക്കൂട്ടത്തില്‍ ആരുമറിയാത്ത ഒരാളാകാനല്ല, മറിച്ച് ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തമായി നില്‍ക്കാനാണ് മില്ലേനിയല്‍സ് താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ തികച്ചും വ്യക്തിഗതമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ബാഹ്യസൗന്ദര്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് പേഴ്‌സണലൈസ്ഡ് ഉല്‍പ്പന്ന, സേവന മേഖലയ്ക്ക് വരും കാലത്ത് പ്രാധാന്യം വര്‍ധിക്കുക തന്നെ ചെയ്യും.
മള്‍ട്ടി ചാനല്‍ റീറ്റെയ്ല്‍ രംഗത്തിന്റെ ഉത്ഭവം
ഇന്റര്‍നെറ്റും മൊബീല്‍ ആപ്പുകളും വ്യാപകമായതോടെ യുവതലമുറയുടെ ഷോപ്പിംഗ് രീതികളും മാറിയിട്ടുണ്ട്. ഒരു ഉല്‍പ്പന്നം/ സേവനം വാങ്ങാന്‍ ഓണ്‍ലൈനില്‍ ബ്രൗസ് ചെയ്യും. സ്‌റ്റോറില്‍ പോയി ഉല്‍പ്പന്നങ്ങള്‍ തൊട്ടുനോക്കി കണ്ടറിയും. സ്‌റ്റോറില്‍ കണ്ടറിഞ്ഞ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയിലും ഓഫറിലും കിട്ടുന്ന ഓണ്‍ലൈന്‍ സ്‌റ്റോറില്‍ കയറി ഇവര്‍ ഓര്‍ഡര്‍ ചെയ്യും. ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ അതത് കമ്പനികളുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യും. ഉല്‍പ്പന്നങ്ങള്‍ ഫോണ്‍ കോള്‍ വഴി ഓര്‍ഡര്‍ ചെയ്യും.
അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലെ റിവ്യുകളും റെക്കമെന്റേഷനുകളും കൃത്യമായി പരിശോധിക്കുന്നവരാണ് പുതുതലമുറ ഉപഭോക്താക്കള്‍. ഇവ പരിശോധിച്ച ശേഷമാകും പലരും ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്.
ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി കാത്തിരിക്കാന്‍ പോ ലും ഇവര്‍ തയ്യാറല്ല. ലാസ്റ്റ് മൈല്‍ ഡെലിവറിയിലെ കാലതാമസം ഒഴിവാക്കാന്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി സെന്ററില്‍ നേരിട്ടെത്തി വാങ്ങാനും മടിക്കുന്നില്ല.
കണ്‍സ്യൂമര്‍ എക്‌സ്പീരിയന്‍സ്
കണ്‍സ്യൂമര്‍ എക്‌സ്പീരിയന്‍സിന് നല്‍കുന്ന മുന്‍തൂക്കമാണ് മറ്റൊരു ഘടകം. മുന്‍പ് ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ സ്റ്റോറുകള്‍ തമ്മിലുള്ള മത്സരമായിരുന്നു ചര്‍ച്ചാ വിഷയമെങ്കില്‍ ഇന്ന് അവ രണ്ടും കൃത്യമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ശൈലിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഒരു ഉപഭോക്താവ് എന്തെങ്കിലും വാങ്ങുക എന്ന ലക്ഷ്യത്തോടെ മാത്രം റീറ്റെയ്ല്‍ സ്‌റ്റോറില്‍ കയറി വരുന്ന കാലമൊക്കെ കഴിഞ്ഞു. റീറ്റെയ്ല്‍ എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റും കൂടി കലര്‍ന്ന കാര്യമാണിപ്പോള്‍. 'റീറ്റെയ്‌ലെന്റര്‍ടെയ്‌മെന്റ്' എന്ന പുതിയ വാക്കുപോലും ഈ രംഗത്ത് വരുന്നുണ്ട്. കണ്‍സ്യൂമര്‍ രംഗത്ത് പുതുതായി ഉദയം ചെയ്യുന്ന പ്രവണതയും ഇതാകും.
ഇന്ത്യയുടെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിന്റെ വലിപ്പം 2018ല്‍ 110 ട്രില്യണ്‍ രൂപയാണെന്നാണ് കണക്ക്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആഭ്യന്തര ഉപഭോഗം 13 ശതമാനമെന്ന നിരക്കിലാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഇതേ വളര്‍ച്ചാ നിരക്ക് തന്നെ തുടര്‍ന്നാല്‍ പോലും 2028ല്‍ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിന്റെ വലിപ്പം 335 ട്രില്യണ്‍ രൂപയായി മാറും. അതുപോലെ തന്നെ നമ്മുടെ ഉപഭോഗവും വര്‍ധിക്കുകയാണ്. അതുകൊണ്ട് രാജ്യത്തെ റീറ്റെയ്ല്‍ മേഖലയുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ വഴി മാറി നടക്കാന്‍ തയ്യാറാവുന്നവര്‍ക്ക് മുന്നിലാകും സാധ്യതകളും തുറന്നുവരിക.
പുതിയ രീതികള്‍ ഉള്‍ച്ചേര്‍ക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും എത്ര വേഗം തയ്യാറാകുന്നുവോ അത്രമാത്രം വിജയസാധ്യതയും കൂടും.