ലുലുമാള്‍ ഇനി പാലക്കാടുകാര്‍ക്കും സ്വന്തം; കൊച്ചി-സേലം ഹൈവേയിലുള്ള പുത്തന്‍ മാളിന്റെ വിശേഷങ്ങളറിയാം

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള മാളില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
ലുലുമാള്‍ ഇനി പാലക്കാടുകാര്‍ക്കും സ്വന്തം; കൊച്ചി-സേലം ഹൈവേയിലുള്ള പുത്തന്‍ മാളിന്റെ വിശേഷങ്ങളറിയാം
Published on

ഇനി പാലക്കാടുകാർക്കും സ്വന്തം ലുലു മാള്‍. നഗരത്തിരക്കുകളില്‍ നിന്ന് മാറി കൊച്ചി-സേലം ദേശീയ പാതയോട് ചേര്‍ന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാള്‍ തുറന്നിട്ടുള്ളത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു മാളിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റാണ്. മറ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പോലെ തന്നെ പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഗ്രോസറി, ലൈവ് ഫുഡ്, ബേക്കറി, മത്സ്യം, ഇറച്ചി എന്നിവയെല്ലാം വെവ്വേറെ വിഭാഗങ്ങളുണ്ട്. കാര്‍ഷിക മേഖലയില്‍നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും.

ഫുഡ് മാളും ഗെയിം ഏരിയയും

250 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വ്യത്യസ്ത ഫുഡ് ആന്‍ഡ് ബിവ്‌റേജ് ഔട്ട്‌ലെറ്റുകളുള്ള ഡൈനിംഗ് ഏരിയയോടൊപ്പം ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്റ്റ്, ഫണ്‍ടൂറ ഗെയിം ഏരിയ എന്നിവയും മാളിലുണ്ട്. മാളിന്റെ താഴെയായി വിപുലമായ പാര്‍ക്കിംഗ് ഏരിയയുമുണ്ട്. 500 ഓളം കാറുകള്‍ക്കും അതിലധികം ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന രണ്ട് നിലകള്‍ വരുന്ന പാര്‍ക്കിംഗ് ആണ് ഇത്.

ഇനിയും വരും മിനി മാളുകള്‍

പാലക്കാട്ട് തുറന്ന പുത്തന്‍ ലുലുമാള്‍ ഉള്‍പ്പെടെ അഞ്ച് മിനി മാളുകളാണ് ഗ്രൂപ്പ് ഉടന്‍ തുറക്കുന്നത്. കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായാണ് മറ്റുള്ളവയെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്പ്‌സ് പറയുന്നു. ഇന്ത്യയിൽ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍, ബംഗളൂരു, ലക്‌നൗ, ഹൈദരാബാദ് എന്നിവിട ങ്ങളിലായി ആറ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. പ്രാദേശികമായ 30-40 ബ്രാന്‍ഡുകളും ഫുഡ്‌കോര്‍ട്ടുകളും ഉള്‍പ്പെടുത്തിയാണ് മിനി മാളുകള്‍ ഒരുക്കുക. 5000-9000 ചതുരശ്ര അടിയില്‍ എന്റര്‍ടെയ്ന്‍മെന്റ് ഏരിയയും ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com