ക്രിമിനല്‍ കുറ്റം ; എങ്കിലും യഥേഷ്ടം മായം ചേര്‍ക്കും
എന്തു വില നല്‍കിയാലും മായം ചേരാത്ത ഭക്ഷണ സാധനങ്ങള്‍ കിട്ടുക എളുപ്പമല്ലെന്ന് ഏവരും പരിതപിക്കുന്നു. വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നവയില്‍ പലതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നറിയാത്തവരില്ല. ചപ്പാത്തി, എണ്ണ, ഉപ്പ്, മത്സ്യം, സോഡ, ഉപ്പേരി, മിക്‌സര്‍, റസ്‌ക് എന്നിവയിലെല്ലാം മായം ചേരുന്നതായുള്ള പരാതി അധികരിച്ചുകൊണ്ടിയിരിക്കുന്നു.ആറുമാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കേസിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിതെന്ന കാര്യം വേറെ
ഈ വര്‍ഷം ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പ്രധാനമായും ഏറ്റവും സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയത് ചപ്പാത്തിയാണ്. അനുവദനീയമായതില്‍ കൂടുതല്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്താണ് ചപ്പാത്തി വിപണിയില്‍ എത്തിക്കുന്നത്. എന്തൊക്കെ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ലേബലില്‍ കാണിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാം. പക്ഷേ ഇത് പാലിക്കുന്നില്ല. ഹാഫ് കുക്ക്ഡ് എന്ന പേരിലാണ് വിപണിയില്‍ എത്തുന്നത്. സോര്‍ബിക് ആസിഡാണ് ഇതില്‍ കൂടുതലായി ഉപയോഗിക്കുന്നത്.
വെളിച്ചണ്ണയുടെ സ്ഥിതിയും പൊതുവേ കഷ്ടം തന്നെ. 80 ശതമാനം പാമോലിനും 20 ശതമാനം വെളിച്ചെണ്ണയും കലര്‍ത്തിയാണ് ചില ലേബലിലെ വില്‍പന. ലേബലില്‍ വിവരങ്ങള്‍ ഉണ്ടാകില്ല. ശുദ്ധമായ വെളിച്ചെണ്ണയുടെ വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്. അടുത്തകാലത്ത് മായംകലര്‍ന്ന 74 ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.
മിക്‌സര്‍, ഉപ്പേരി, ടീ റസ്‌ക് തുടങ്ങിയവയ്ക്ക് കൃത്രിമ നിറങ്ങള്‍ നല്‍കിയാണ് പല നിര്‍മ്മാതാക്കളും വിപണിയില്‍ എത്തിക്കുന്നത്. ടര്‍ട്രൈസന്‍ എന്ന ക്രിത്രിമ നിറമാണ് ചേര്‍ക്കുന്നത്. ഇതും ക്രിമിനല്‍ കേസിന്റെ പരിധിയില്‍പ്പെടുമിത്. ശര്‍ക്കരയില്‍ പോലും കളര്‍ ചേര്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.ഗ്ലാസ് ബോട്ടില്‍ സോഡയില്‍ യാതൊരുവിധ ലേബലും ഇല്ലാതെ വില്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്.
ആഹാര സാധനങ്ങള്‍ കൂടുതല്‍ സമയം കേടുകൂടാതെ ഇരിക്കാനാണ് കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കുന്നത്. എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ ചേര്‍ക്കുകയും ലേബലില്‍ കാണിക്കാതിരിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.
ജൂലൈ ഒന്ന് മുതല്‍ ഹോട്ടലുകളില്‍ നിന്ന് ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് പേപ്പറില്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ട്. ഇതിനുപകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ്, അലൂമിനിയം ഫോയില്‍ എന്നിവ ഉപയോഗിക്കാം. ഭക്ഷണ സാധനങ്ങളില്‍ പ്ലാസ്റ്റിക് ഉരുകിച്ചേര്‍ന്ന് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയതിനാലാണ് ഇതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
മധുരപലഹാരങ്ങള്‍ക്കുപുറമെ ഐസ്‌ക്രീമിലും സാക്കറിന്‍ എന്ന വിഷപദാര്‍ത്ഥം ചേര്‍ക്കുന്നുണ്ട്. നിരോധിക്കപ്പെട്ട സാക്കറിനു പുറമെ ഡള്‍സിന്‍, സൈക്‌ളമേറ്റ് എന്നിവ ചേര്‍ത്ത ചേരുവകള്‍, കുതിര്‍ത്ത ബ്‌ളോട്ടിംഗ് പേപ്പര്‍, ധാന്യമാവുകള്‍, കൃത്രിമ സുഗന്ധവസ്തുക്കള്‍ എന്നിവയും സര്‍വ്വസാധാരണമായി ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്നു. ഇതില്‍ ഡള്‍സിനും സൈക്‌ളമേറ്റും മറ്റും കാന്‍സര്‍ രോഗഹേതു കൂടിയാണെന്നു തെളിഞ്ഞിട്ടുണ്ട്. ഐസ്‌ക്രീമില്‍ പത പൊങ്ങാന്‍ വാഷിംഗ് പൗഡറാണ് ഉപയോഗിക്കുന്നുണ്ടേ്രത.
കൂടാതെ മധുരപാനീയങ്ങള്‍ എന്ന മനോഹരമായ പരസ്യങ്ങളോടെ വിപണിയില്‍ സുലഭമായി കിട്ടുന്ന പല തരം സ്‌ക്വാഷുകളിലും ദാഹശമനികളിലും നിറം കൂട്ടാനും, രുചിയും മധുരവും വര്‍ധിപ്പിക്കാനും ചേര്‍ക്കുന്ന രാസചേരുവകള്‍ ഹാനികരമാണ്. നിറം വര്‍ധിപ്പിക്കുന്നതിനായി മെറ്റാനിന്‍ യെലോ, ലെഡ്‌ക്രോമൈറ്റ് പോലുള്ള ഘടകങ്ങള്‍ ചേര്‍ക്കുന്നു. റ്റിയൂമറും കാന്‍സറും വിളിച്ചുവരുത്തുന്നവയാണീ ഘടകങ്ങള്‍.
ചെറുചൂടുവെള്ളത്തില്‍ അല്പം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്ത് ആഹാരപദാര്‍ത്ഥങ്ങളില്‍ ഇറ്റിച്ചു നോക്കുക. മജന്താനിറമാണ് തെളിഞ്ഞുവരുന്നതെങ്കില്‍ ശരിക്കുംമായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. ചില തരം പൈനാപ്പിള്‍, ഓറഞ്ച്, ക്രഷ്, മുന്തിരി ജൂസുകളില്‍ മരുന്നിനു പോലും പഴങ്ങള്‍ ഉണ്ടാകില്ല എന്നതാണ് പരമാര്‍ത്ഥം! അവയുടെയെല്ലാം മണം പകര്‍ന്നുനല്‍കുന്ന എസന്‍സുകളും കൊഴുപ്പുകളും സാക്കറിനുമാണ് പ്രധാന ചേരുവകള്‍.