മെട്രോ ഡീല്‍; മത്സരം റിയലന്‍സും അദാനിയും തമ്മില്‍

11,000-13,000 കോടിയോളം രൂപയുടേതാവും ഡീല്‍
മെട്രോ ഡീല്‍; മത്സരം റിയലന്‍സും അദാനിയും തമ്മില്‍
Published on

ജര്‍മന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ ശൃംഖലയായ മെട്രോ (metro) ക്യാഷ് & ക്യാരി ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ മൂന്ന് കമ്പനികള്‍ രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, തായിലാന്‍ഡില്‍ നിന്നുള്ള സിപി (cahroen pokphand) ഗ്രൂപ്പ് എന്നിവരെയാണ് മെട്രോ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാഗീകമായോ അല്ലെങ്കില്‍ പൂര്‍ണമായോ ആവും ഇന്ത്യയിലെ ബിസിനസുകള്‍ മെട്രോ വില്‍ക്കുക.

ആമസോണ്‍ ഉള്‍പ്പടെ ഇരുപതോളം കമ്പനികള്‍ മെട്രോയെ ഏറ്റെടുക്കാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മെട്രോ ഡീലിനെ സംബന്ധിച്ച് റിലയന്‍സോ അദാനി ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെട്രോയെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ റീട്ടെയില്‍ രംഗത്ത് വാള്‍മാര്‍ട്ട്, ആമസോണ്‍, ഡിമാര്‍ട്ട് തുടങ്ങിയവയ്‌ക്കെതിരെയുള്ള മത്സരം കടുപ്പിക്കാന്‍ റിലയന്‍സിന് സാധിക്കും. അടുത്തിടെ ആരംഭിച്ച ഫോര്‍ച്യൂണ്‍മാര്‍ട്ടിന് അപ്പുറത്തേക്ക് റീട്ടെയില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ മെട്രോ ഡീല്‍ അദാനി ഗ്രൂപ്പിനും ഗുണകരമാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സും അദാനിയും തമ്മിലാവും മത്സരം.

അതേ സമയം ലോട്ട്സ് ഹോള്‍സെയില്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള സിപി ഗ്രൂപ്പ് 2014ല്‍ മെട്രോയുടെ വിയറ്റ്‌നാമിലെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ അന്ന് മറ്റൊരു കമ്പനിയുമായാണ് മെട്രോ ഡീല്‍ ഉറപ്പിച്ചത്. ഏഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം യൂറോപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് മെട്രോ.

2003ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച മെട്രോ 2018-19 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കമ്പനിയെ വീണ്ടും നഷ്ടത്തിലാക്കുകയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം 23.33 കോടി രൂപയായിരുന്നു മെട്രോയുടെ ഇന്ത്യയിലെ അറ്റനഷ്ടം. ഇന്ത്യന്‍ ബിസിനിസിലെ ഭൂരിഭാഗം ഓഹരികളും 11,000-13,000 കോടിക്ക് വില്‍ക്കാനാണ് മെട്രോ പദ്ധതിയിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com