കണ്ണുതള്ളിക്കുന്ന വിലക്കുറവില്‍ മസ്കിന്റെ ഇന്റര്‍നെറ്റ് വിപ്ലവം! ജിയോക്കും എയര്‍ടെല്ലിനും മുട്ടന്‍പണി, വരുന്നത് വലിയ മാറ്റം

ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായി വൈറ്റ് ഹൗസിലേക്ക് ഇലോണ്‍ മസ്‌ക് എത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കം
elon musk , satelites star link logo
image credit : canva and spaceX
Published on

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന ലൈസന്‍സ് ലഭിക്കുന്നതിനുള്ള സുരക്ഷാ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്. ഇതോടെ സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്ന സൂചനയും ശക്തമായി. സ്റ്റാര്‍ലിങ്ക് സ്ഥാപകനായ മസ്‌കിന് ട്രംപ് സര്‍ക്കാരിന്റെ ഉന്നത പദവി നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നീക്കം. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ പങ്കിടണമെന്നും അടക്കമുള്ള നിബന്ധനകള്‍ അനുസരിച്ചാല്‍ മാത്രമേ ടെലികോം മന്ത്രാലയത്തിന്റെ സാറ്റലൈറ്റ് ലൈസന്‍സ് അനുമതി ലഭിക്കൂ. 2022ല്‍ ഇതിനായുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസ് (ജി.എം.പി.സി.എസ്) ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കമ്പനി ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ (IN-SPACe) അനുമതിക്കായി നല്‍കിയ അപേക്ഷയും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവച്ചിരുന്നു. നിബന്ധനകള്‍ സ്റ്റാല്‍ ലിങ്ക് അംഗീകരിച്ചതോടെ അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ട്രയല്‍ സ്‌പെക്ട്രം അനുവദിക്കുന്നതിലേക്കും സര്‍ക്കാര്‍ കടക്കും.

എന്താണ് സ്റ്റാര്‍ലിങ്ക്

ലോകത്തെ എല്ലാ കോണിലും ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഒരു കൂട്ടം ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക്. 42,000 ഉപഗ്രഹങ്ങള്‍ അടങ്ങിയ 'മെഗാ കോണ്‍സ്റ്റലേഷന്‍' (നക്ഷത്രക്കൂട്ടം) സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സെപ്റ്റംബറിലെ കണക്കനുസരിച്ച് 6,426 ഉഹഗ്രഹങ്ങളാണ് ഇതിലുള്ളത്. കേബിളുകളിലൂടെ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗതയില്‍ ലോകത്തെവിടെയും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ നൂറോളം രാജ്യങ്ങളില്‍ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ എതിര്‍ക്കുന്നതെന്തിന്?

ഇന്റര്‍നെറ്റ് സേനവങ്ങള്‍ നല്‍കുന്നതിനുള്ള സ്‌പെക്ട്രം അനുവദിച്ചിരുന്നത് ലേലത്തിലൂടെയായിരുന്നു. എന്നാല്‍ പുതിയ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം അലോക്കേഷന്‍ രീതിയില്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇത് സ്‌പേസ് എക്‌സിന് അനുകൂലമാണ്. എന്നാല്‍ രാജ്യത്തെ ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്ക് തിരിച്ചടിയുമാണ്. സ്‌പെക്ട്രം ലേലം ചെയ്യാതെ കുറഞ്ഞ നിരക്കില്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ മസ്‌കിന് ഇന്ത്യന്‍ വിപണിയില്‍ വലിയ പണിയില്ലാതെ കടന്നുകൂടാം. ഇത് ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയെ പ്രാപ്തമാക്കുമെന്നാണ് വിവരം. ഇതോടെ ജിയോക്കും എയര്‍ടെല്ലിനും നിരക്ക് കുറക്കേണ്ടി വരുമെന്നാണ് പ്രതീക്ഷ. കൂടാതെ ഒരു ഡിഷ് ആന്റിനയും റൂട്ടറും ഉണ്ടെങ്കിലും ഏത് കോണിലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നാകുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തോതില്‍ വരിക്കാരെ നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ കമ്പനികളും

സ്‌പേസ് എക്‌സിന് പുറമെ ആമസോണ്‍ കുയ്പര്‍ (Kuiper), യൂടെല്‍സാറ്റിന്റെ വണ്‍ വെബ് പോലുള്ളവയും ലക്‌സംബര്‍ഗ് ആസ്ഥാനമായ എസ്.ഇ.എസ് എന്ന കമ്പനിയുമായി ചേര്‍ന്ന് റിലയന്‍സ് ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മേഖലയിലെ നിക്ഷേപങ്ങളിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷം 50 കോടിയോളമുണ്ടായിരുന്ന നിക്ഷേപം ഇക്കൊ1ല്ലം 250 കോടി രൂപയായി മാറിയത് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മേഖല കുതിക്കുന്നതിന്റെ തെളിവാണ്. 2030 ആകുമ്പോള്‍ ഇന്ത്യ 1.9 ബില്യന്‍ ഡോളറിന്റെ (ഏകദേശം 16,000 കോടി രൂപ) സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയായി മാറുമെന്നാണ് കണക്കാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com