

വര്‍ധിച്ചു വരുന്ന സ്റ്റീല്‍ ഇറക്കുമതിയെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം. ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ ആന്റി-ഡംപിംഗ് ഡ്യൂട്ടി, കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികളാണ് മന്ത്രാലയം പരിഗണിക്കുന്നത്.
ചൈനയില്‍ നിന്ന് കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യപ്പെടുന്നതിനാല്‍ ആഗോള സ്റ്റീൽ വിപണി സമ്മർദ്ദത്തിലാണ്. ചൈനയിൽ നിന്ന് വിലകുറഞ്ഞ സ്റ്റീല്‍ അമിതമായി എത്തുന്നത് ഉൾപ്പെടെയുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് മന്ത്രാലയം.
ന്യായവും സുതാര്യവുമായ വ്യാപാര അന്തരീക്ഷം ഉറപ്പാക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി ബിസിനസ് ലൈനിനോട് പറഞ്ഞു. ഡബ്ല്യു.ടി.ഒ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണം.
യൂറോപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കയറ്റുമതി വിപണികളെ വൈവിധ്യവൽക്കരിക്കുന്നതിനും ഇന്ത്യ ശ്രദ്ധയൂന്നുണ്ട്. ആസിയാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്
ഗ്രീൻ സ്റ്റീൽ മിഷന് പ്രധാന പരിഗണനയാണ് മന്ത്രാലയം നല്‍കുന്നത്. 2070 ഓടെ കാർബൺ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് എത്തിക്കാനുളള ലക്ഷ്യത്തിലേക്കാണ് ഇന്ത്യ. ഇതിന് അനുസൃതമായാണ് ഗ്രീൻ സ്റ്റീൽ മിഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine