ടാറ്റ ന്യൂ സൂപ്പറാണ്; ഉപയോഗിച്ച് തുടങ്ങും മുമ്പ് അറിയേണ്ട കാര്യങ്ങള്‍

എന്താണ് ന്യൂകോയിന്‍, ടാറ്റയുടെ സൂപ്പര്‍ ആപ്പ് നല്‍കുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം
tata neu, tata super app, neu
Published on

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടാറ്റയുടെ സൂപ്പര്‍ ആപ്പ് tata neu പൊതുജനങ്ങലിലേയക്ക് എത്തി. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നവയാണ് സൂപ്പര്‍ ആപ്പുകള്‍. പേയ്ടിഎം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയവ, വിവിധ സേവനങ്ങള്‍ നല്‍കുന്ന മിനി സൂപ്പര്‍ ആപ്പുകള്‍ക്ക് ഉദാഹരണമാണ്.

എന്നാല്‍ ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍, സൂപ്പര്‍ ആപ്പ് ആയി തന്നെ പുറത്തിറക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ആദ്യ സൂപ്പര്‍ ആപ്പ് എന്ന്, വേണമെങ്കില്‍ ടാറ്റ ന്യൂവിനെ വിശേഷിപ്പിക്കാം.

എന്തൊക്കെ സേവനങ്ങളാണ് ടാറ്റയുടെ സൂപ്പര്‍ ആപ്പ് നല്‍കുന്നത്

ടാറ്റ ഗ്രൂപ്പിന് കീഴില്‍ വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായിരുന്ന സേവനങ്ങള്‍ ഒരൊറ്റ മൊബൈല്‍ ആപ്പിലേക്ക് കൊണ്ടുവരുകയാണ് ടാറ്റ ന്യൂവിലൂടെ. ബിഗ് ബാസ്‌കറ്റ്, ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടാറ്റ പ്ലെ, ക്രോമ, ഐഎച്ച്‌സിഎല്‍ തുടങ്ങിയ ആപ്പുകളെല്ലാം ടാറ്റ ന്യൂവില്‍ ഉണ്ട്. അതായത് ഈ ആപ്പുകളൊക്കെ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ടാറ്റ ന്യൂ എന്ന ഒരൊറ്റ ആപ്പ് മതിയാവും ഇനിമുതല്‍.

പഴയ ആപ്പുകളെ പുതിയ പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുക മാത്രമല്ല ടാറ്റ ചെയ്തത്. യുപിഐ , ഫൂഡ് ഡെലിവറി, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്‌മെന്റ് ഇന്‍ഷുറന്‍സ്, ബൈ നൗ പേ ലേറ്റര്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ടാറ്റ ന്യൂവില്‍ ലഭ്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ അറിയല്‍, ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ആപ്പില്‍ വൈകാതെ എത്തും.

എന്താണ് ടാറ്റ ന്യൂ കോയിന്‍

ആപ്പിലെ ഷോപ്പിംഗിന് ലഭിക്കുന്ന റിവാര്‍ഡ് ആണ് ടാറ്റ ന്യൂകോയിന്‍. ഫ്ലിപ്കാര്‍ട്ടിലുള്‍പ്പടെ ഇത്തരത്തിലുള്ള കോയിനുകള്‍ ഉണ്ട്. മറ്റ് ആപ്പുകള്‍ നല്‍കുന്ന റിവാര്‍ഡുകളില്‍ നിന്ന് ടാറ്റ ന്യൂകോയിനെ വ്യത്യസ്തമാക്കുന്ന ഘടകം അവ എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ്. അതായത് കോയിനുകള്‍ ടാറ്റ ന്യൂവില്‍ തന്നെ ചെലവഴിക്കണം എന്ന് നിര്‍ബന്ധമില്ല.

എല്ലാ പര്‍ച്ചേസുകള്‍ക്കും ആകെ തുകയുടെ കുറഞ്ഞത് 5 ശതമാനം ന്യൂകോയിന്‍ ലഭിക്കും. ഒരു ന്യൂകോയിന്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. ടാറ്റ പേ വഴി യുപിഐ സേവനങ്ങള്‍ നടത്തുന്ന സമയത്തോ കടകളില്‍ ബില്ലിംഗിന്റെ സമയത്ത് നേരിട്ട് പറഞ്ഞോ ന്യൂകോയിനുകള്‍ റെഡീം ചെയ്യാം. നിലവില്‍ സ്റ്റാര്‍ബക്ക്‌സ്, ടാറ്റ പ്ലെ, ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയ്ക്ക് ടാറ്റ ന്യൂകോയിന്‍ റിവാര്‍ഡായി ലഭിക്കില്ല.

ടാറ്റ ന്യൂവില്‍ ഇല്ലാത്ത സേവനങ്ങള്‍

കഴിഞ്ഞ വര്‍ഷം മുതല്‍ ടാറ്റയിലെ ജീവനക്കാര്‍ ഈ സൂപ്പര്‍ ആപ്പ് പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നു. അടുത്തിടെ ടാറ്റ ജീവനക്കാര്‍ക്ക് ഇന്‍വിറ്റേഷനിലൂടെ അഞ്ച് പേര്‍ക്ക് ടാറ്റന്യൂ ആപ്പ് നല്‍കാനുള്ള അവസരവും കമ്പനി ഒരുക്കി. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്. വരും നാളുകളില്‍ അപ്‌ഡേറ്റുകളിലൂടെ കൂടുതല്‍ സേവനങ്ങളും ടാറ്റ അവതരിപ്പിക്കും എന്ന് തീര്‍ച്ചയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഹെല്‍ത്ത്-വാഹന ഇന്‍ഷുറന്‍സ്, ഓടിടി സേവനങ്ങള്‍, മൂവി ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയവയൊന്നും ടാറ്റ ന്യൂവില്‍ നിലവില്‍ ഇടംപിടിച്ചിട്ടില്ല.

വരാനിരിക്കുന്ന സൂപ്പര്‍ ആപ്പ് കാലം

ടാറ്റയെക്കൂടാതെ റിലയന്‍സും അദാനി ഗ്രൂപ്പും സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ഇരു കമ്പനികളും നടത്തിയ എറ്റെടുക്കലുകളുടെ ലക്ഷ്യം സൂപ്പര്‍ ആപ്പ് സേവനങ്ങള്‍ക്ക് കരുത്ത് പകരുക എന്നതായിരുന്നു. നിലവില്‍ അജിയോ, ജിയോ മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ് റിലയന്‍സിന് കീഴിലുള്ളത്. ലോക്കല്‍ സേര്‍ച്ച് എഞ്ചിന്‍ ജസ്റ്റ് ഡയലിനെ ഉള്‍പ്പടെ ഏറ്റെടുത്ത റിലയന്‍സിന്റെ സൂപ്പര്‍ ആപ്പും ഈ വര്‍ഷം എത്തിയേക്കും.

വമ്പന്‍ ഗ്രൂപ്പുകള്‍ സൂപ്പര്‍ ആപ്പുകളുമായി എത്തുമ്പോള്‍ തിരിച്ചടി നേരിടുക പേടിഎം, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സൂപ്പര്‍ ആപ്പുകളുടെ ചെറുപതിപ്പുകളാവും. സിനിമ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, നിക്ഷേപം, യുപിഐ പേയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന പേടിഎം ആണ് ഇക്കൂട്ടത്തിലെ പ്രമുഖന്‍.

ഇവരെ കൂടാതെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളുമായി പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പടെ നിരവധി ആപ്പുകള്‍ രാജ്യത്തുണ്ട്. സൂപ്പര്‍ ആപ്പുകളും ഒരു സേവനം മാത്രം നല്‍കുന്ന കുഞ്ഞന്‍ ആപ്പുകളും തമ്മിലുള്ള മത്സരത്തില്‍ ഉപഭോക്താക്കള്‍ ആര്‍ക്കൊക്കെ പിന്തുണ നല്‍കുമെന്ന് കാത്തിരുന്ന് അറിയാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com